രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കണം: സീറോ മലബാർ സഭ സിനഡൽ കമ്മീഷൻ

കൊച്ചി : സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവർക്കും പ്രതീക്ഷയും സന്തോഷവും നൽകുന്നുവെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ.

എല്ലാ ഭാരതീയരും അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്ന ആർഷഭാരത സംസ്കാരം മഹത്തായ ചില മൂല്യങ്ങളിൽ അടിസ്ഥാനമിട്ടതാണ്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബമാണ് ഏറ്റവും പ്രധാനമായ മൂല്യം. കുടുംബത്തിനും, കുടുംബ ബന്ധങ്ങൾക്കും അതീവ പ്രാധാന്യം നൽകുന്ന ഭാരതത്തിൽ സ്ത്രീ-പുരുഷ ചേർച്ചയാൽ സാധ്യമാകുന്ന വിവാഹത്തിന് മറ്റു നിർവ്വചനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കുടുംബങ്ങൾ തകർന്നാൽ സമൂഹത്തിന് പിന്നെ നിലനിൽപ്പില്ല. ദത്തെടുക്കപ്പെടുന്ന കുട്ടികൾക്ക് പിതാവിന്റെയും മാതാവിന്റെയും സ്നേഹം ലഭിക്കാൻ അവകാശമുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലും, മാതൃ-പിതൃ ബന്ധങ്ങളിലും അധിഷ്ഠിതമായ വിവാഹജീവിതവും കുടുംബജീവിതവും, ഗർഭധാരണം മുതലുള്ള മനുഷ്യജീവന്റെ മൂല്യവും അഭംഗുരം സംരക്ഷിക്കപ്പെടണം എന്നത് കത്തോലിക്കാസഭയുടെ പ്രഖ്യാപിത നിലപാടാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

ഭാരതത്തിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ ഗർഭഛിദ്രം, ഭ്രൂണഹത്യ, സ്വവർഗ വിവാഹങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കണമെന്നും തെരെഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉൾക്കൊള്ളാനും, അവരോട് അനുഭാവവും സ്നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാൻ പാടില്ല. ഇക്കാര്യത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടാണ് കത്തോലിക്കാ സഭയ്‌ക്ക്‌ മുഴുവനുമുള്ളത്. വിവേചനത്തിന്റെ ഏതൊരു അടയാളവും ക്രൈസ്തവമല്ല. സ്വവർഗ ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവർക്കും സമൂഹം കരുതലോടുകൂടിയ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സീറോമലബാർ സിനഡൽ കമ്മീഷൻ ആവശ്യപ്പെടുന്നു.

കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കമ്മീഷൻ അംഗം മാർ ജോസ് പുളിക്കൽ, ജനറൽ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയിൽ, സിബിസിഐ അൽമായ കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, സീറോമലബാർ അൽമായ ഫോറം സെക്രട്ടറി ശ്രീ. ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group