മുന്‍ എംപിയുടെ പ്രസ്താവനയില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ച് കത്തോലിക്ക കോണ്‍ഗ്രസ്.

മുൻ എംപിയുടെ പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തിയും,മണിപ്പൂര്‍ കലാപം തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനു മുന്‍പില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

കലാപം ആരംഭിച്ച് 160 ദിവസങ്ങള്‍ പിന്നിട്ടിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണകൂട നിഷ്ക്രിയത മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ അധികാരികൾ നടത്തുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കും അതിന്‍റെ ജനാധിപത്യ പ്രക്രിയയ്ക്കും അപമാനമുളവാക്കിയ മണിപ്പൂര്‍ കലാപം ദുരന്തകഥയായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കലാപത്തെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ പ്രതികരിക്കേണ്ടതില്ലെന്നും അത് മണിപ്പൂരിലുള്ളവര്‍ നോക്കുമെന്നുമുള്ള മുന്‍ എംപിയും ചലച്ചിത്ര നടനുമായ നേതാവിന്‍റെ നിലപാട് പ്രതിഷേധാര്‍ഹവും അപക്വവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തി.

വികസനം മാത്രം പോരാ സമാധാനവും വേണം എന്ന പ്ലക്കാര്‍ഡുകളും വഹിച്ചായിരുന്നു തൃശൂര്‍ കോര്‍പ്പറേഷനു മുന്‍പില്‍ നടത്തിയ സായാഹ്ന പ്രതിഷേധ ധര്‍ണ.

ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ആധുനികമായ സാങ്കേതിക വിദ്യകളില്‍ മുന്നോട്ടു പോയത് കൊണ്ട് മാത്രം സമാധാനമുണ്ടാകില്ല എന്ന് കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടര്‍ റവ.ഫാ.വര്‍ഗീസ് കൂത്തൂര്‍ ധര്‍ണ ഉദ്ഘാടന വേളയില്‍ പറഞ്ഞു.

ചടങ്ങില്‍ അതിരൂപത പ്രസിഡണ്ട് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. പി.ഐ ലാസര്‍ മാസ്റ്റര്‍ ബിജു കുണ്ടുകുളം എന്‍ പി ജാക്സണ്‍, തോമസ് ചിറമ്മല്‍, മേഫിഡെല്‍സണ്‍ ,സി.ജെ ജെയിംസ്,ഫ്രാന്‍സി ആന്‍റണി ,ഷാനു ജോര്‍ജ് വി ഡി ഷാജന്‍ എന്നിവരും പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group