മാർപാപ്പായുടെ ലക്സംബർഗ് ബെൽജിയം സന്ദർശനം നാളെ മുതൽ

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയാറാമത്തേതും ഈ സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തേതുമായ വിദേശ അപ്പൊസ്തോലിക പര്യടനത്തിന്റെ വിശദാംശങ്ങൾ പരിശുദ്ധ സിംഹാസനം പുറത്തു വിട്ടു.

26 മുതൽ 29 വരെയാണ് സന്ദർശനം. 26ന് വ്യാഴാഴ്ച രാവിലെ പാപ്പാ റോമിൽ നിന്ന് ലക്സംബർഗിലേക്ക് വിമാനം കയറും. വിമാനത്താവളത്തിൽ സ്വാഗതസ്വീകരണച്ചടങ്ങ്, ലക്സംബർഗിൻറെ തലവൻ ഗ്രാൻ ഡ്യൂക്കുമായുള്ള സൗഹൃദ കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേർക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, പ്രാദേശിക കത്തോലിക്കാസമൂഹത്തെ സംബോധന ചെയ്യൽ എന്നിവയാണ് ലക്സംബർഗിലെ പരിപാടികൾ.

അന്നു തന്നെ പാപ്പാ ബൽജിയത്തിൻറെ തലസ്ഥാനമായ ബ്രസൽസിലേക്കു വിമാനം കയറും. ബ്രസൽസിലെ വിമാനത്താവളത്തിലെ സ്വാഗതസ്വീകരണച്ചടങ്ങു മാത്രമാണ് അന്നു പാപ്പായുടെ ബ്രസൽസ് സന്ദർശാനജണ്ടയിലുള്ളത്. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച പാപ്പാ ബെൽജിയത്തിൻറെ രാജാവുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേർക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, സർവ്വകലാശാലാ വിദ്യർത്ഥികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് അന്നത്തെ പരിപാടികൾ.

28-ന് ശനിയാഴ്ച, പാപ്പാ ലുവെയിൻ പട്ടണത്തിലേക്കു പോകും. മെത്രാന്മാർ, വൈദികർ, സമർപ്പിതർ, വൈദികാർത്ഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, സർവ്വകലാശാലാ വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ച, ഈശോസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പാപ്പായുടെ ശനിയാഴ്ചത്തെ പരിപാടികൾ.

ബെൽജിയത്തിലെ അവസാനദിനമായ ഇരുപത്തിയൊമ്പതാം തീയതി ഞായറാഴ്ച പാപ്പായുടെ ഏക പരിപാടി കിംഗ് ബൗദൊവിൻ സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണം ആണ്. അന്ന് ഉച്ചതിരിഞ്ഞ് പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m