സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുക: മാർ ജോർജ് ആലഞ്ചേരി

ഇസ്രായേലും പാലസ്തീനും തമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിനു തുല്യമാണ്.

ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളത്. കാരണം, സമാധാനം ദൈവത്തിന്റെ ദാനമാണ്. സന്മനസ്സുള്ളവർക്കു സമാധാനം നല്കാനുമാണ് കർത്താവായ ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും ജീവിച്ചു മരിച്ചു ഉത്ഥാനം ചെയ്തതും. അവിടത്തെ ജനനത്തിൽ മാലാഖമാർ പാടി: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.” തന്റെ ഉത്ഥാനത്തിനു ശേഷം ഈശോ ശിഷ്യന്മാരെ കണ്ടപ്പോൾ ആശംസിച്ചതും ‘നിങ്ങൾക്കു സമാധാനം’ എന്നാണ്. ഈ സമാധാനമാണു മനുഷ്യവംശത്തിന് എപ്പോഴും ആവശ്യമായിട്ടുള്ളത്.

യുദ്ധത്തിന്റെ സാഹചര്യത്തിൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന തോടൊപ്പംതന്നെ സമാധാനം സംസ്ഥാപിക്കാനുള്ള പരിശ്രമങ്ങളും നാം നടത്തേണ്ടിയിരിക്കുന്നു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ അനുരഞ്ജനത്തിലും സമാധാനത്തിലും എത്തിക്കാൻ പരിശ്രമിക്കുന്നവർക്കാണു നമ്മുടെ പിന്തുണനല്കേണ്ടത്. അവരുടെ പരിശ്രമങ്ങൾ വിജയിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം. അതുപോലെ, യുദ്ധം മൂലം വലിയ സഹനങ്ങൾക്കു വിധേയരാകുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായരായ ജനവിഭാഗത്തെ സാധിക്കുന്ന എല്ലാവിധത്തിലും സഹായിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഒക്ടോബർ മാസം ഇരുപത്തിരണ്ടാം തിയതിയിലെ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഉക്രൈയിൻ യുദ്ധമുൾപ്പെടെ ലോകത്തിൽ നടക്കുന്ന എല്ലാ യുദ്ധങ്ങളും എപ്പോഴും പരാജയമാണെന്നും അതു മാനവസാഹോദര്യത്തിന്റെ നാശമാണെന്നും പറഞ്ഞു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിൽ മാർപാപ്പ അതിയായ ഹൃദയവ്യഥ പ്രകടിപ്പിക്കുകയുണ്ടായി. സായുധാക്രമണം മൂലം യാതനകളനുഭവിക്കുന്ന എല്ലാവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും മുറിവേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയുംകൂടെ താനുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ ഈ സാഹചര്യത്തിൽ ഒക്ടോബർ ഇരുപത്തിയേഴാം തിയതി ലോക സമാധാനത്തിനു വേണ്ടി ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥന സ്വീകരിച്ചു കൊണ്ടു നമുക്കും ഒക്ടോബർ ഇരുപത്തിയേഴാം തിയതി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കുകയും യുദ്ധത്തിനെതിരേയുള്ള എല്ലാ സമാധാന പരിശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യാം. ലോകത്തിൽ എല്ലായിടത്തും ശാശ്വതമായ സമാധാനം പുലരട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group