പൗരോഹിത്യജീവിതത്തിന്റെ പ്രാധാന്യവും അതിന്റെ വെല്ലുവിളികളും വളരെ മനോഹരമായി ദൃശ്യവൽക്കരിക്കുന്ന ഒരു ആൽബമാണ് ‘പോവുക പുത്രാ നീ’.
ജീവിതത്തോട് ചേർന്നുനില്ക്കുന്ന ഹൃദയസ്പർശിയായ രംഗങ്ങൾ കോർത്തിണക്കിയതാണ് ഈ ആൽബം.
കടന്നുപോകുമ്പോൾ ഒരിറ്റു കണ്ണുനീർത്തുള്ളിയെങ്കിലും നമ്മുടെ കണ്ണുകളിൽ പൊടിയാതിരിക്കുകയില്ല.
ഏകപുത്രനെ ദൈവേഷ്ടപ്രകാരം ബലി കഴിക്കാൻ തയ്യാറാകുന്ന പൂർവ്വപിതാവായ അബ്രാഹത്തെ അനുസ്മരിപ്പിക്കുന്ന ഒരു അപ്പനും മകനും തന്നെയാണ് ഈ ആൽബത്തിന്റെ കാതൽ. മകനെ സെമിനാരിയിൽ ഏല്പിച്ച് മടങ്ങിപ്പോരുന്നുവെങ്കിലും മകന്റെ പൗരോഹിത്യജീവിതത്തിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകളിലും സംഘർഷങ്ങളിലും ആ അപ്പൻ അവന്റെ അരികിൽ തന്നെയുണ്ട് എന്നത് ഓരോ വൈദികനും നല്കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
ഒരു യഥാർത്ഥ പുരോഹിതന് ക്രിസ്തു ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കേണ്ടി വരുമ്പോൾ നിരവധി വെല്ലുവിളികളും തെറ്റിദ്ധാരണകളും ഉണ്ടാകേണ്ടിവരുമെന്നും എന്നാൽ അതുപോലെ തന്നെ അനേകം ജീവിതങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന്സാഹചര്യങ്ങളുണ്ടെന്നും ഈ ആൽബം പറഞ്ഞു വയ്ക്കുന്നു.
മനോഹരമായ വരികളും ആലാപനവും സംഗീതവും ദൃശ്യഭംഗിയും അഭിനയവുമാണ് ഈ ആൽബത്തെ ഹൃദയാകർഷകമാക്കുന്നത്. ജോജു ഇഞ്ചോടിയുടെ വരികൾക്ക് സംഗീതം നല്കിയിരിക്കുന്നത് നെൽസൺ ജോസാണ്. കെ പി ബിനുവിന്റേതാണ് ആലാപനം. ജെയ്ബി അഗസ്റ്റ്യനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.റെയിൻ ഡൗൺ മ്യൂസിക്സിന്റെ ബാനറിൽ ജോൺ ജോസഫ്, റോബിൻ ജെയിംസ്, മാത്യൂസ് ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. കറുകുറ്റി സെന്റ് ഫ്രാൻസിസ് ഫൊറോന ദേവാലയത്തിലെ സഹവികാരി ഫാ. ജെസ്ലിൻ തെറ്റയിലാണ് ആൽബത്തിൽ വൈദികനായി വേഷമിട്ടിരിക്കുന്നത്. യുഎഇയിലും കേരളത്തിലുമുളള ജീസസ് യൂത്ത് അംഗങ്ങൾ ചേർന്നാണ് ഈ മനോഹര ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത്.യൂട്യൂബിൽ റിലീസ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ആൽബം വൈറലായി മാറിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group