മൗലിക അവകാശങ്ങളിൽ വിട്ടു വീഴ്ച സാധ്യമല്ല : ആർച്ച് ബിഷപ്പ് സ്റ്റാനിസ്വാ ഗോഡെക്കി

Religious and fundamental rights cannot be compromised: Archbishop Stanislaw Gadecki

പോളണ്ട് : മൗലിക അവകാശങ്ങളിൽ വിട്ടു വീഴ്ച സാധ്യമല്ലെന്ന് ആർച്ച് ബിഷപ്പ് സ്റ്റാനിസ്വാ ഗോഡെക്കി. യൂറോപ്യൻ പാർലമെന്റ് ജീവിതാനുകൂല നിയമങ്ങളെ തിരസ്കരിച്ച് പ്രമേയം പാസ്സാക്കിയതിനെതിരെയുള്ള പ്രതികരണത്തിലാണ് ബിഷപ്പ് സ്റ്റാനിസ്വാ ഗോഡെക്കി തന്റെ നിലപാട് വ്യക്തമാക്കിയത്. ജീവിക്കാനുള്ള അവകാശം ഒരു മൗലിക മനുഷ്യാവകാശമാണെന്ന് ബിഷപ്പ് പറഞ്ഞു. പോളണ്ടിൽ ഗർഭഛിദ്രം നിയമവിധേയമാക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ബിഷപ്പ് തന്റെ പ്രതികരണത്തിൽ അറിയിച്ചു. നവംബർ 26-നാണ് യൂറോപ്യൻ പാർലമെന്റ് ഗർഭഛിദ്രത്തിന് അംഗീകാരം നൽകിയത്.

ഒക്ടോബർ 22 -ന് ഗർഭഛിദ്രം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിന്റെ ഭരണഘടനാ ട്രൈബ്യുണൽ വിധി വന്നിരുന്നു. എന്നാൽ ഇതിനെ കണക്കിലെടുക്കാതെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർമ്മാണ സമിതിയായ യൂറോപ്യൻ പാർലമെന്റ് പ്രമേയം പാസ്സാക്കിയത്. പ്രമേയം യൂറോപ്യൻ യൂണിയന്റെ മൗലികാവകാശ ചാർട്ടറിന് വിരുദ്ധമാണെന്ന് “കൗൺസിൽ ഓഫ് ബിഷപ്പ്സ് കോൺഫെറൻസ് ഓഫ് യൂറോപ്പ് ( സി.ബി.സി.ഇ) വൈസ് പ്രസിഡന്റ് ഗോഡെക്കി അഭിപ്രായപ്പെട്ടു. എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ മൗലികാവകാശ ചാർട്ടറിൽ പ്രഖ്യാപിക്കുന്നുണ്ട്.

നവംബർ 22-ന് അർജന്റീനിയൻ സ്ത്രീകൾക്ക് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിലെ പ്രശസ്ത ഭാഗങ്ങൾ ഗോഡെക്കി ഉദ്ധരിച്ചു. ഗർഭഛിദ്രം പ്രാഥമികമായി ഒരു മതപരമായ പ്രശ്‌നത്തെക്കാൾ ധാർമികമായ പ്രശ്നമാണെന്ന് കത്തിൽ മാർപാപ്പ രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനിയൻ പ്രസിഡണ്ട് ആൽബർട്ടോ ഫെർണാണ്ടസ് ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചതിന് ശേഷം തന്റെ പ്രതികരണത്തിൽ മാർപാപ്പ ഇങ്ങനെ ചോദ്യമുന്നയിച്ചു, “ഒരു പ്രശ്നം പരിഹരിക്കാൻ ഒരു മനുഷ്യജീവിതം ഇല്ലാതാക്കുന്നത് ശരിയാണോ?” പോളണ്ടിലെ പ്രൊലൈഫ് അനുകൂലികൾക്ക് മാർപാപ്പ ശക്തമായ പിന്തുണ അറിയിച്ചതായും ഗോഡെക്കി പറഞ്ഞു.

പിഞ്ചു ജീവൻ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന പോളണ്ടിലെ സമൂഹത്തെയും ബിഷപ്പ് പ്രശംസിച്ചു. നിരവധി ലോകരാഷ്ട്രങ്ങളിൽ ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനെ ശക്തമായ രീതിയിൽ ക്രൈസ്തവ സഭാ നേതൃത്വം എതിർത്തിരുന്നു. അമേരിക്ക, ന്യൂസീലാൻഡ് മുതലായ രാജ്യങ്ങളിൽ മൗലികാവകാശ നിയമങ്ങൾ സംരക്ഷിക്കപ്പെടാത്തതിൽ വ്യാപക പ്രതിക്ഷേധം പ്രൊലൈഫ് അനുകൂലികൾ നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group