ശബരി കെ-റൈസ് വിപണിയിലേക്ക്; വിതരണം 12 മുതല്‍

സംസ്ഥാന സർക്കാർ കെ റൈസ് ബ്രാൻഡില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം മാർച്ച്‌ 12 മുതല്‍ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് വിപണിയിലെത്തുന്നത്. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

സപ്ലൈകോ സബ്‌സിഡിയായി റേഷൻ കാർഡ് ഉടമകള്‍ക്കു നല്‍കിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസം തോറും അഞ്ച് കിലോ അരി വീതം നല്‍കും. ഇതോടൊപ്പം സപ്ലൈകോയില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന മറ്റ് അരികള്‍ കാർഡ് ഒന്നിന് അഞ്ച് കിലോവീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡില്‍ അരി വിതരണം ചെയ്യുവാൻ തീരുമാനിച്ചത്. ടെൻഡർ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിതയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക ഭക്ഷ്യമന്ത്രി ജിആർ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു. സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉല്‍പ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയില്‍ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയില്‍ താഴെയാണു തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റേഷൻ കടകള്‍ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നതെന്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വില്‍ക്കുന്നത്. എന്നാല്‍, 9.50 രൂപ മുതല്‍ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സർക്കാർ പൊതുജനത്തിനു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m