ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃക
ഒരു രാജകുമാരന്‍ കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്‍റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ വസ്തുക്കളുടെയും മേല്‍ സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വ അധികാരവും ഉള്ള മിശിഹാ ദൈവത്വത്തിന്‍റെ സ്വര്‍ഗ്ഗീയ മഹിമയെ മറച്ചുവച്ചു മനുഷ്യസ്വഭാവം സ്വീകരിച്ചതില്‍ അത്ഭുതപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടോ? ആരില്‍ നിന്നാണു ദൈവകുമാരന്‍ മനുഷ്യസ്വഭാവം സ്വീകരിക്കുന്നത്. ഐശ്വര്യത്തിലും ബഹുമതിയിലും ഉന്നതി പ്രാപിച്ചിരിക്കുന്ന വ്യക്തികളില്‍ നിന്നാകുന്നുവോ? തീര്‍ച്ചയായും അല്ല.
ശ്രേഷ്ഠകുലജാതയെങ്കിലും ലോകദൃഷ്ട്യാ അപ്രസിദ്ധയും ദരിദ്രയുമായ ഒരു കന്യകയാണ് അവിടുത്തെ മാതാവ്. പരിശുദ്ധാരൂപിയുടെ പവിത്രദാനങ്ങളാല്‍ അവള്‍ അലംകൃതയാണ്. മനുഷ്യര്‍ക്കു പ്രാപ്യമായ വിശുദ്ധിയുടെ ഉന്നതപദവിയില്‍ അവള്‍ എത്തിച്ചേര്‍ന്നിരുന്നു. ഈശോയുടെ ജനനസ്ഥലത്തെയും നമുക്കൊന്നു കണ്ണോടിക്കാം. തീര്‍ത്തും നിസ്സാരവും വൃത്തിശൂന്യവുമായ ഒരു കാലിക്കൂട്ടില്‍ അവിടുന്നു ജാതനാകുന്നു. മൃഗങ്ങളുടെ ഇടയിലാണ് അവിടുന്ന്‍ പിറന്നു വീണത്.
മുപ്പതുവര്‍ഷത്തോളം ദീര്‍ഘിച്ച അവിടുത്തെ രഹസ്യജീവിതകാലം മുഴുവന്‍ അദ്ധ്വാനം ചെയ്താണ് ജീവിതത്തിനാവശ്യമായത് സമ്പാദിച്ചത്. വിശ്വപ്രസിദ്ധമായ മലയിലെ പ്രസംഗത്തില്‍ അവിടുന്നു ആദ്യമായി ഉപദേശിച്ചത് ദാരിദ്രൃത്തെപ്പറ്റിയായിരുന്നു. “ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു.” ധനസുഖങ്ങളില്‍ ഹൃദയം നിമഗ്നമാക്കാത്തവരെയാണ് അവിടുന്നു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. രാജാധിരാജനും സകല ഐശ്വര്യങ്ങളുടെയും അധിപനായ മിശിഹായുടെ ദാരിദ്ര്യത്തിന്‍റെ അഗാധത അറിയണമെങ്കില്‍ ഗാഗുല്‍ത്താ മലയിലേക്കു നമ്മുടെ കണ്ണുകള്‍ ഉയര്‍ത്തണം. ദൈവകുമാരന്‍റെ അരമന കപാലഗിരിയുടെ മുകളില്‍ ദൃശ്യമാണ്.
മൂന്നാണികളാല്‍ നിര്‍മ്മിതമാണ് അവിടുത്തെ സിംഹാസനം. ദാഹത്താല്‍ വലഞ്ഞും, നഗ്നനായും, സഹായിക്കാനും സ്നേഹിക്കാനും ആളുകളില്ലാതെ പരിത്യക്തനായും അവിടുന്നു നമുക്കു ദൃശ്യമാകും. മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഉല്‍കൃഷ്ടമായ സ്നേഹത്തിന്‍റെയും ഉദാത്തമായ ത്യാഗത്തിന്‍റെയും ബലിവേദിയാണ് ഗാഗുല്‍ത്താ. സ്രഷ്ടാവിന്‍റെ ദാരിദ്ര്യം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ കുരിശിലേക്കു കണ്ണുകളുയര്‍ത്തണം.
ദിവ്യനാഥന്‍റെ കാലടികളെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന നാം സാമ്പത്തികമായി ഉയര്‍ന്നവരോ, സാമൂഹ്യമേഖലയില്‍ അഭിവൃദ്ധി പ്രാപിച്ചവരോ, മറ്റേതെങ്കിലും നിലയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരോ ആയിരുന്നാലും ശരി കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയുടെ ചിത്രം നമ്മുടെ കണ്‍മുമ്പില്‍ എപ്പോഴും ഉണ്ടായിരിക്കണം. നൈമിഷികങ്ങളായ സുഖങ്ങള്‍ നല്‍കുന്ന ലോകവസ്തുക്കളില്‍ നിന്നെല്ലാം ശ്രദ്ധാപൂര്‍വ്വം വിട്ടുമാറി നിത്യമായവയെ അന്വേഷിക്കുവാന്‍ നമുക്കു ശ്രമിക്കാം.
ജപം
ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃകയായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. കാരുണ്യം നിറഞ്ഞ എന്‍റെ രക്ഷിതാവേ! എന്‍റെ ആഗ്രഹം മുഴുവനും ലോകവസ്തുക്കളിലും ബഹുമാനാദികളിലും ആയിരിക്കുന്നുവെന്നു അറിയുന്നതില്‍ അങ്ങ് എത്രയധികം ഖേദിക്കുന്നു. പരിപൂര്‍ണ്ണമായ എന്‍റെ ഹൃദയത്തെ അങ്ങേ ദിവ്യഹൃദയത്തോടു താരതമ്യപ്പെടുത്തി നോക്കുന്നുവെങ്കില്‍ എന്‍റെ ഹൃദയം അന്ധകാരത്താലും സകല വക ദുര്‍ഗുണങ്ങളാലും നിറഞ്ഞ ഒരു ഗുഹയാണെന്നതില്‍ സംശയമില്ല. സ്നേഹം നിറഞ്ഞ എന്‍റെ ഈശോയെ! എന്നെ ദയാപൂര്‍വ്വം അനുഗ്രഹിക്കണമേ. അങ്ങിലുള്ള ദിവ്യഹൃദയത്തിന്‍റെ പ്രകാശം എന്നിലുള്ള അന്ധകാരത്തെ നീക്കി എന്‍റെ എല്ലാ ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും സംശുദ്ധമാക്കട്ടെ. അങ്ങില്‍ മാത്രം എന്‍റെ ശരണം മുഴുവനും വയ്ക്കുന്നതിനും എന്‍റെ പൂര്‍ണ്ണശക്തിയോടുകൂടി അങ്ങയെ മാത്രം സ്നേഹിക്കുനതിനും അനുഗ്രഹം നല്‍കണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഈശോയുടെ ദിവ്യഹൃദയമേ! എല്ലാവരും നിന്നെ അറിഞ്ഞു സ്നേഹിക്കുന്നതിന് അനുഗ്രഹം തരണമേ.
സല്‍ക്രിയ
ഒരാള്‍ക്ക് ഭിക്ഷ നല്‍കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m