കാടും നാടും വേർതിരിക്കുക : കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത ഉപവാസ സമരം നടത്തി

നാടും കടും വേർതിരിക്കുക, ഫെൻസിംഗ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക, വനത്തിലെ ഏകവിളത്തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കം ചെയ്യുക, ഇവിടങ്ങളിൽ നൈസർഗിക വനവത്കരണം നടത്തുക, വനത്തിൽ ട്രക്കിംഗ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും ജീവനോപാധികൾ നഷ്ടമാകുന്നവർക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നൽകുക, വനവിസ്തൃതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വനനിയമങ്ങൾ കാലോചിതമാക്കുക തുടങ്ങി ഇരുപതോളം ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് (എകെസിസി) മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഉപവാസ സമരം നടത്തി.

മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. എകെസിസി രൂപത പ്രസിഡൻ്റ് ഡോ. കെ.പി. സാജു അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് രൂപത സഹവികാരി ജനറാൾ ഫാ. തോമസ് മണക്കുന്നേൽ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിക്കും.

ഇതിനു ശേഷം കൈനാട്ടി പരിസരത്തുനിന്ന് പുതിയ സ്റ്റാൻഡിലേക്കു നടത്തുന്ന റാലിയിൽ രൂപതയിലെ ഇടവകകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്‌തരും കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ പതിനായിരത്തോളം പേർ അണിനിരക്കും. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം 4.30ന് പുതിയ സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം തലശേരി അതിരൂപാതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.

മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ്പും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ബിഷപ് ഡെലി ഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണവും കോട്ടയം രൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി അനുഗ്രഹപ്രഭാഷണവും നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m