വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്ന് നിൽക്കണം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി : പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നു നിൽക്കുന്നവരാകണം വിശ്വാസികളെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വി. കുർബാനയുടെ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളിൽ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാൻ നമ്മെ സഹായിക്കുന്നതാണെന്ന് കർദിനാൾ ഓർമിപ്പിച്ചു. സീറോമലബാർ ഹയരാർക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വർഷമെന്ന നിലയിൽ ഇത്തവണത്തെ സഭാദിനാചരണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.

രാവിലെ 8.30ന് സീറോമലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സഭാകാര്യാലയത്തിൽ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന ആഘോഷമായ റാസാ കുർബാനയിൽ കൂരിയാ ബിഷപ്പ് കാർമികത്വം വഹിച്ചു. സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്‌സും സെമിനാരികളുടെ റെക്ടർമാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയങ്ങളുടെ വികാരിമാരും രൂപതകളെയും സമർപ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചുവന്ന ബഹുമാനപ്പെട്ട വൈദികരും സന്ന്യാസിനികളും അല്മായരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ചെറുപുഷ്പ സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോജോ വരകുകാലയിൽ വചനസന്ദേശം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group