ഒക്ടോബർ -12 വിശുദ്ധ വിൽഫ്രിഡ്.

സ്കോട്ട്ലണ്ടിലെ നോർത്താംബ്രിയറിൽ AD 633-ൽ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധ വിൽഫ്രിഡ് ജനിച്ചത്.  രണ്ടാനമ്മയുടെ പീഡനം സഹിക്കാൻ കഴിയാതെ തന്റെ പതിനാലാം വയസ്സിൽ വീടുവിട്ട് പോകേണ്ടി വന്നു. കൗമാര പ്രായത്തിലേ ആത്മീയ ജീവിതത്തിൽ പ്രവേശിച്ച അദ്ദേഹം ലിൻഡ്സിഫാർനെ  എന്ന സ്ഥലത്താണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൂടുതൽ വിദ്യാഭ്യാസവും അറിവ് നേടുന്നതിനായി യുവാവായപ്പോൾ അദ്ദേഹം കാന്റർബറിയിലേയ്ക്കും പിന്നീട് റോമിലേയ്ക്കും യാത്ര നടത്തി. തന്റെ മടക്കയാത്രയിൽ 660-ൽ അദ്ദേഹം റിപ്പണിൽ ഒരു സന്യാസ ആശ്രമം സ്ഥാപിക്കുകയും അവിടുത്തെ മഠാധിപത്തിയാകുകയും ചെയ്തു. പിന്നീട് സ്റ്റാംഫോർഡ് എന്ന സ്ഥലത്ത് മറ്റൊരു ആശ്രമം കൂടി സ്ഥാപിച്ചു. 664-ലെ വിറ്റ്സ് സിനഡിലെ  റോമൻ ആചാരങ്ങളുടെ പ്രധാന വക്താവ് എന്ന നിലയിൽ പ്രസിദ്ധിയാകർഷിക്കുകയും ചെയ്തു. എല്ലാ വർഷവും ഈസ്റ്റർ തീയ്യതി കണക്കാക്കുന്നതിന് റോമൻ രീതി സ്വീകരിക്കണമെന്ന് വാദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.
സമർപ്പിത ജീവിതം നായിക്കാനായി അദ്ദേഹം ഫ്രാൻസിലേക്ക് പുറപ്പെട്ടു.ഇദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് ചാഡ്‌ യോർക്കിലെ മെത്രാനായി അഭിഷിക്തനാവുകയും നാലു വർഷത്തോളം ആ പദവിയിൽ തുടരുകയും ചെയ്തു. ഇക്കാലയളവിൽ വിൽഫ്രിഡ് ഔണ്ട്ളെ എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുകയും മേഴ്സിയായിലെ മെത്രാനായി വർത്തിക്കുകയും ചെയ്തു. തുടർന്ന് ആർച്ച്‌ ബിഷപ്പ് തിയോഡർ ഇദ്ദേഹത്തെ യോർക്കിലെ മെത്രാനായി അഭിഷേകം ചെയ്തു.
668-ൽ കാന്റർബറി ബിഷപ്പായി തിരഞ്ഞെടുക്കപ്പെത്തിന് ശേഷം തിയോടോർ ബിഷപ്പ് കേഡയെ സ്ഥാനഭ്രഷ്ടനാക്കുകയും വിൽഫ്രിഡിനെ നോർത്തേംബ്രിയറിലെ ബിഷപ്പായി നിയമിക്കുകയും ചെയ്തു. അവിടെ ഏകദേശം ഒൻപത് വർഷക്കാലത്തോളം വിൽഫ്രിഡ് തന്റെ എപ്പിസ്‌കോപ്പൽ ചുമതലകൾ നിർവഹിച്ചു. പുതിയ പള്ളികൾ പണിതു, ആരാധനക്രമങ്ങൾ മെച്ചപ്പെടുത്തി.
അദ്ദേഹത്തിന്റെ രൂപത വലുപ്പം കൊണ്ട് വളരെ വലുതായിരുന്നു. അതിനാൽ നോർത്തേംബ്രിയറിലെ രാജാവും ആർച്ച് ബിഷപ്പ് തീയോഡോറും കൂടി വിൽഫ്രഡിന്റെ അറിവോ സമ്മതമോ കൂടാതെ രൂപത നാല് ഭാഗങ്ങളാക്കി വിഭജിച്ചു. ഇതിനെതിരെ നിവേദനം കൊടുക്കുന്നതിനായി വിൽഫ്രിഡ് റോമിലേക്ക് പോയി ഇദ്ദേഹത്തിന്റെ നിവേദനം സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും നോർത്തംബ്രിയയിൽ തിരിച്ചെത്തിയപ്പോൾ പോപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം (Pope’s Bull) കളവായി നിർമ്മിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ തടവിലാക്കി.
തടവിൽ നിന്ന് മോചിതനായ ശേഷം വിശുദ്ധൻ സസെക്സിലേക്ക് പോയി. അവിടത്തെ വിജാതീയർക്കിടയിൽ അഞ്ചു വർഷത്തോളം അദ്ദേഹം സുവിശേഷം പ്രഘോഷിച്ചു നടന്നു.
 ഇക്കാലയളവിൽ സസെക്സിൽ കടുത്ത ക്ഷാമം ഉണ്ടായി. മൂന്ന് വർഷക്കാലം നീണ്ടു നിന്ന ഈ ക്ഷാമത്തിന്റെ ഫലമായി അവിടത്തെ ജനങ്ങൾ ദുരിതവും പട്ടിണി മൂലവും നിരാശയിലായി. ഇതിൽ മനംനൊന്ത വിശുദ്ധൻ അവരെ മീൻ പിടിക്കുന്നതിനു പഠിപ്പിച്ചു. ഇത് അവർക്ക് വിശുദ്ധനോടുണ്ടായിരുന്ന ആദരവ് വർദ്ധിപ്പിക്കുകയും ചെയ്തു. വിശുദ്ധൻ വഴി പല അനുഗ്രഹങ്ങളും അവർക്ക് ലഭിച്ചുവെങ്കിലും കൂടുതൽ സ്വർഗ്ഗീയാനുഗ്രഹങ്ങൾക്കായുള്ള പ്രതീക്ഷ അവരിൽ ഉളവാക്കുകയും ചെയ്തു. അവർക്കിടയിലുള്ള അദ്ദേഹത്തിന്റെ കഠിന പരിശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി. അതോടൊപ്പം വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങൾ അന്യമതസ്ഥരായ പ്രദേശവാസികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും കാരണമായി.
ആർച്ച്‌ ബിഷപ്പ് തിയോഡർ മരണക്കിടക്കയിലായപ്പോൾ വിൽഫ്രിഡിനോടുള്ള തന്റെ പ്രവർത്തിയിൽ പശ്ചാത്താപ വിവശനാവുകയും കാന്റർബറിയിൽ തന്റെ പിൻഗാമിയായി വിശുദ്ധനെ നിശ്ചയിക്കുകയും ചെയ്തു. വിശുദ്ധൻ ഈ പദവി നിഷേധിച്ചുവെങ്കിലും ഇതു വഴി അദ്ദേഹം തന്റെ നോർത്തംബ്രിയയിലേക്കുള്ള തിരിച്ചു വരവ് സുരക്ഷിതമാക്കി. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശത്രുക്കൾ നോർത്തംബ്രിയയിലെ ഇദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കിയതിനാൽ വിശുദ്ധൻ 691-ൽ മേഴ്സിയായിലേക്ക് പോവുകയും അവിടുത്തെ മേഴ്സിയൻ രാജാവ് വിൽഫ്രിഡിനെ ലിച്ച്ഫീൽഡ് എന്ന സ്ഥലത്തെ മെത്രാനായി അഭിഷിക്തനാവുക്കുകയും ചെയ്തു.
691 മുതൽ 701 വരെ ഏകദേശം പത്ത് വർഷക്കാലം മെത്രാനായി സേവനം ചെയ്തു. അവിടെ അദ്ദേഹം കഠിനാധ്വാനം ചെയ്തെങ്കിലും, മെത്രാന്മാരും പ്രഭുക്കളുമടങ്ങിയ നോർത്തംബ്രിയൻ സമിതി വിചാരണക്കായി ഇദ്ദേഹത്തെ തിരിച്ചു വിളിക്കുകയും കുറ്റക്കാരനെന്നു വിധിക്കുകയും ചെയ്തു. ഒരിക്കൽ കൂടി വിശുദ്ധൻ റോമിൽ നിവേദനം നൽകി. ഇക്കാലത്ത് നോർത്തംബ്രിയയിലും റോമിലെ വിധിന്യായം സ്വീകരിച്ചു തുടങ്ങിയിരുന്നു. വിശുദ്ധന്റെ നിവേദനം റോമിൽ സ്വീകരിക്കുകയും വിശുദ്ധന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു.
ബ്രിട്ടീഷ് ദീപുരാജ്യങ്ങളിൽ ചിതറിക്കിടന്നിരുന്ന സന്യാസ സമൂഹങ്ങളെ ഒന്നിപ്പിക്കുകയും ബനഡിക്ടൻ സന്യാസത്തിന്റെ വക്താവായി അറിയപ്പെടുകയും ചെയ്ത വിശുദ്ധ വിൽഫ്രഡ് 709-ൽ മരണമടഞ്ഞു. ആഗോള കത്തോലിക്കാ സഭ ഒക്ടോബർ 12ന് വിശുദ്ധന്റെ ഓർമ്മതിരുന്നാൽ ആഘോഷിക്കുന്നു.