പൊതുസ്ഥലത്ത് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രമെടുക്കുന്നത് സ്വകാര്യതാ ലംഘനമല്ല : ഹൈക്കോടതി

കൊച്ചി : സ്ത്രീയുടെ സ്വകാര്യഭാഗങ്ങളുടെയോ സ്വകാര്യപ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമെന്നും പൊതുസ്ഥലത്ത് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രമെടുത്തതിനെ സ്വക്യാര്യദൃശ്യങ്ങള്‍ പകർത്തിയതായി കാണാനാകില്ലെന്നും ഹൈക്കോടതി.

വീടിന്റെ മുന്നില്‍നിന്ന സ്ത്രീയുടെ ഫോട്ടോയെടുത്ത സംഭവത്തില്‍ സ്വകാര്യദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകർത്തിയെന്ന കുറ്റംചുമത്തിയത് റദ്ദാക്കുകയും ചെയ്തു. എറണാകുളം പറവൂർ സ്വദേശി നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. അതേസമയം, പരാതിക്കാരിയായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് പ്രതിയുടെപേരില്‍ ചുമത്തിയ കുറ്റം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി തുടരാൻ പ്രോസിക്യൂഷന് കോടതി അനുമതി നല്‍കി.

വീടിനുമുൻപില്‍ നില്‍ക്കുമ്ബോള്‍ കാറിലെത്തിയ ഹർജിക്കാരനും കൂട്ടാളിയുംകൂടി യുവതിയുടെ ഫോട്ടോയെടുത്തെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇത് ചോദ്യംചെയ്തപ്പോള്‍ ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുംചെയ്തു. ഇത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന പ്രവൃത്തിയാണെന്നാണ് പ്രോസിക്യൂഷൻ കേസ്.

എന്നാല്‍ പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ നില്‍ക്കുമ്ബോള്‍ സ്ത്രീയുടെ ഫോട്ടോയെടുത്തതിനെ സ്വക്യാര്യദൃശ്യങ്ങള്‍ പകർത്തിയതായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളുടെയോ സ്വകാര്യപ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമാകുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഇന്ത്യൻ ശിക്ഷാനിയമം 354-സി പ്രകാരം ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group