ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം. ചില വികസന പദ്ധതികളുടെ പേരിൽ എല്ലാം നഷ്ടപ്പെട്ട നിരവധിപ്പേർ ഇന്നും ജീവിച്ചിരിക്കുന്ന നാടാണ് കേരളം. വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ട ചരിത്രങ്ങൾ ഏറെയാണ്. അത്തരം മുന്നനുഭവങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആകുലതകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്നും സർക്കാർ ഒഴിഞ്ഞുമാറരുത്.
സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം പദ്ധതികൾ പ്രായോഗികമാണോ എന്നുള്ളതിനും വ്യക്തമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന ഗതാഗത സൗകര്യമായ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി അപര്യാപ്തതകൾ കേരളത്തിന്റെ പ്രധാന പ്രതിസന്ധിയാണ്. ആവശ്യത്തിന് സൗകര്യമുള്ള റോഡുകളും, ഓവർബ്രിഡ്ജുകളും സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത അത്തരം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നത് യുക്തമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.
പരിസ്ഥിതി – സാമൂഹിക പ്രവർത്തകർ മുതൽ സാധാരണക്കാർ വരെയുള്ള വലിയൊരു സമൂഹം കെ റെയിൽ പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ആശങ്കകളെയും പരിഹരിച്ച് യുക്തമായ തീരുമാനമെടുക്കാൻ തയ്യാറാവുന്നതോടൊപ്പം വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡ് നിർമ്മാണം പോലുള്ള മുൻ പദ്ധതികളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഇനിയെങ്കിലും അർഹിക്കുന്ന നീതി നടപ്പാക്കി നൽകാനും സർക്കാർ തയ്യാറാകണം.
ഫാ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group