ആന്ധ്രക്കാരി കന്യാസ്ത്രി പങ്കുവച്ച അനുഭവം. അവർ MSW പഠനത്തിനു ശേഷം ബാംഗ്ലൂരിലെ ഒരു കോളജിൽ പഠിപ്പിക്കുന്ന കാലം.
ഒരു ദിവസം കോളേജിൽ നിന്ന് മടങ്ങിവരുമ്പോൾ മുന്നിലതാ ഒരു ഭിന്നലിംഗക്കാരി (transgender). പൊതുവെ അങ്ങനെയുള്ളവരെ ഭയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുമ്പിൽ വന്ന് നിൽക്കുന്ന വ്യക്തിയെ കണ്ടപ്പോൾ കണ്ണിൽ ഇരുട്ട് കൂടുകെട്ടി.പേടിമൂലം ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.
ഉള്ളിൽ നിന്നും കിട്ടിയ ദൈവീക പ്രചോദനമനുസരിച്ച് ഇങ്ങനെ ചോദിച്ചു:
“താങ്കൾക്ക് സുഖമാണോ?”
ആ ചോദ്യം കേട്ടതേ അവർ കരയാൻ തുടങ്ങി. ഒരിക്കൽ കൂടി അതേ ചോദ്യം ആവർത്തിച്ചു:”താങ്കൾക്ക് സുഖമാണോ ….എന്തിനാ കരയുന്നത്?”
“ഇതുവരെ എന്നോടിങ്ങനെ ആരും ചോദിച്ചിട്ടില്ല സിസ്റ്റർ. ചിലരെല്ലാം എന്നെക്കാണുമ്പോൾ ദേഷ്യത്തോടെ നോക്കും.മറ്റു ചിലർ പരിഹസിക്കും.വേറെ ചിലർ പണം നൽകും …..പക്ഷേ ആദ്യമായാണ്…”
അധികമൊന്നും സംസാരിക്കാതെ ആ ട്രാൻസ്ജെൻഡർ നടന്നു നീങ്ങി.തിരിച്ച് കോൺവന്റിൽ എത്തിയ സിസ്റ്ററിന്റെ മനസിൽ ആ വ്യക്തിയുടെ കണ്ണീർ തെളിഞ്ഞു.അതുവരെ കേൾക്കാത്ത ഒരു സ്വരവും പ്രചോദനവും അവരെ അസ്വസ്ഥയാക്കി. ദൈവസന്നിധിയിൽ സമയം ചെലവഴിച്ചു.
മേലധികാരികളുടെ സമ്മതത്തോടെ ഡോക്ടറേറ്റ് പഠനത്തിന് ആന്ധ്ര യൂണിവേഴ്സിറ്റിയിൽ ചേർന്നു.റിസർച്ചിനുള്ള വിഷയം ട്രാൻസ്ജൻഡേഴ്സിനെ കുറിച്ചായിരുന്നു.
പഠനം പൂർത്തീകരിച്ച ശേഷം ആന്ധ്രപ്രദേശിൽ ആദ്യമായി ഭിന്നലിംഗക്കാർക്കായ് “Neethodu Society for Transgenders” എന്ന പേരിൽ ഒരു NGO രജിസ്റ്റർ ചെയ്തു (Neethodu എന്ന തെലുഗു വാക്കിന് അർത്ഥം: നിങ്ങൾക്കൊപ്പം).
ഒന്നരവർഷത്തിനിടയിൽ 400 ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ രേഖ നേടിക്കൊടുക്കാൻ ഈ സഹോദരിയ്ക്ക് കഴിഞ്ഞു.
സാൽവറ്റോറിയൻ സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ അമിത പോലിമെട്ട്ല തുടർന്നും ദൈവീക പ്രചോദനമനുസരിച്ച്
പ്രവർത്തനം തുടരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
2024 മെയ് 14 മുതൽ 17 വരെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന ഇന്ത്യയിലെ സന്യാസ സമൂഹങ്ങളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായ് എത്തിയതായിരുന്നു സിസ്റ്റർ അമിത.
പെന്തക്കുസ്താ തിരുനാളിന്റെ ചൈതന്യത്തിൽ ആയിരിക്കുമ്പോൾ ഈ സഹോദരിയുടെ പ്രവർത്തനം നമുക്കും പ്രചോദനമാകണം. ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യർക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം പരിശുദ്ധാത്മാവാണ്. ഭയചകിതരായ് കതകടച്ചിരുന്ന ശിഷ്യർക്കു പ്രത്യക്ഷപ്പെട്ട് അവൻ പറഞ്ഞു:”നിങ്ങള്‍ക്കു സമാധാനം!…അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്‌തു:നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍”
(യോഹന്നാന്‍ 20: 19, 22).
ദൈവീക പ്രചോദനങ്ങൾ തിരിച്ചറിയാനും അതനുസരിച്ച് പ്രത്യുത്തരിക്കാനും നമുക്ക് ശക്തി നൽകുന്നത് പരിശുദ്ധാത്മാവാണ്.അല്ലെങ്കിൽ എങ്ങനെയാണ് പീഡിപ്പിക്കുന്നവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സധൈര്യം ക്രിസ്തുവിനെ പ്രഘോഷിക്കാൻ ശിഷ്യർക്ക് കഴിഞ്ഞത്?
ജീവിത വഴിത്താരകളിൽ ദൈവീക പ്രേരണകൾ തിരിച്ചറിയാനും അതിനനുസൃതമായ് തീരുമാനങ്ങൾ എടുക്കാനും വെല്ലുവിളികൾ വരുമ്പോൾ ദൈവത്തിൽ ആശ്രയിക്കാനും അവിടുത്തേയ്ക്ക് വേണ്ടി ശുശ്രൂഷ ചെയ്യാനും പരിശുദ്ധാത്മാവിന്റെ ശക്തി നമുക്കും സ്വന്തമാക്കാം.
കടപ്പാട് : ഫാ. ജെൻസൺ ലാസലെറ്റ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group