തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കാമറൂണിലെ കർദിനാളിനെ മോചിപ്പിച്ചു.

കാമറൂൺ/ബമെൻഡ: കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കർദിനാൾ ക്രിസ്റ്റ്യൻ ടുമിയെ മോചിപ്പിച്ചു. “ദൈവത്തിനു മഹത്വം. വിഘടനവാദികളാണ് കർദിനാൾ ടുമിയെ മോചിപ്പിച്ചത്. അദ്ദേഹം ആരോഗ്യവാനാണ്.” കംബോ രൂപതയിലെ ബിഷപ്പ് ജോർജ്ജ് നുവോ അറിയിച്ചു. ഡുവാലയിലെ ആർച്ച് ബിഷപ്പ് എമെറിറ്റസ്സായ  
നവംബർ 5 ന് കർദിനാളും പ്രാദേശിക നേതാവ് ഹോൺ സെഹാം എംബിംഗ്ലോ ഉൾപ്പെടെ 12  ഓളം പേരും, കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ബമെൻഡ മുതൽ കംബോ യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ ബാമുങ്ക എന്ന ഗ്രാമത്തിൽ വെച്ച് കർദിനാൾ ടുമിയെയും പ്രാദേശിക നേതാവ് ഉൾപ്പെടെ കൂടെയുണ്ടായിരുന്നവരെയും ആയുധധാരികളായ വിഘടന വാദികൾ തട്ടികൊണ്ട് പോയതായി പ്രാദേശിക മാധ്യമം എ.സി.ഐ ആഫ്രിക്ക റിപ്പോർട്ട് ചെയ്തു. ഹോൺ സെഹാം എംബിംഗ്ലോക്കിനെ ഇതുവരെ വിട്ടയച്ചിട്ടില്ലെന്ന് കംബോയിലെ ബിഷപ്പ് എൻകുവോ അറിയിച്ചു. കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെയും തെക്കുപടിഞ്ഞാറൻ മേഖലയിലെയും ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലെ വിഘടനവാദികളും സർക്കാർ സേനയും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് കർദിനാളിനെ തട്ടിക്കൊണ്ടുപോയത്.

   ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ആംഗ്ലോഫോൺ പ്രദേശങ്ങളിൽ ജോലി ചെയ്യാൻ ഫ്രാങ്കോഫോൺ അധ്യാപകരെയും ജഡ്ജിമാരെയും 2016 ൽ സർക്കാർ അയച്ചതിനെത്തുടർന്ന് പ്രദേശത്ത് തർക്കവും പ്രതിസന്ധിയും വർദ്ധിച്ചു. ഈ  തർക്കം ആംഗ്ലോഫോൺ പ്രതിസന്ധി എന്നറിയപ്പെട്ടു. പ്രതിസന്ധികൾക്ക് പരിഹാരം തേടുന്നതിൽ കർദിനാൾ ടുമി സജീവമാണ്. അതിനായി അദ്ദേഹം നിരന്തരം ശ്രമിക്കാറുണ്ടായിരുന്നു. മേഖലയിലെ ആംഗ്ലോഫോൺ വിഘടനവാദികൾക്കെതിരായ സൈനിക അതിക്രമത്തിന് ശേഷം കർദിനാൾ ടുമിയുടെ പ്രതികരണം വളരെ ശ്രദ്ധേയമാണ്. “നിങ്ങൾക്ക്  അക്രമത്തിലൂടെ സമാധാനം കൊണ്ടുവരാനാകില്ല, അക്രമം അക്രമത്തെ ജനിപ്പിക്കുന്നു. കാമറൂണിയക്കാരായ നമ്മൾ നമ്മുടെ  ജീവിതത്തെ ബഹുമാനിക്കണം, അതോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തെയും.” ടുമി പറഞ്ഞു. ആംഗ്ലോഫോൺ സംഘട്ടനത്തിന്റെ വക്താക്കളായ എല്ലാ കക്ഷികളും തമ്മിലുള്ള സംഭാഷണത്തിനുള്ള ഒരു ചട്ടക്കൂടായ ‘ആംഗ്ലോഫോൺ ജനറൽ കോൺഫറൻസ്’ സൃഷ്ടിച്ചത്  കർദിനാൾ ടുമിയുടെ  ശ്രമഫലമായാണ്.

    കാമറൂണിലെ പ്രതിസന്ധി വേരൂന്നിയത് കാമറൂണിലെ ഇംഗ്ലീഷ്, ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശങ്ങൾ തമ്മിലുള്ള പോരാട്ടത്തിലാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശം ഒരു ജർമ്മൻ കോളനിയായിരുന്നു, പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സാമ്രാജ്യത്തിന്റെ പരാജയത്തിനുശേഷം ഈ പ്രദേശം ബ്രിട്ടീഷ്, ഫ്രഞ്ച് മാൻഡേറ്റുകളായി വിഭജിക്കപ്പെട്ടു. 1961 ൽ ഒരു സ്വതന്ത്ര കാമറൂണിൽ മാൻഡേറ്റുകൾ ഒന്നിച്ചു. 1930 ൽ നോർത്ത് വെസ്റ്റ് കാമറൂണിൽ ജനിച്ച കർദിനാൾ ടുമി 1979 മുതൽ രാജ്യത്തെ ഫ്രാങ്കോഫോൺ പ്രദേശങ്ങളിൽ ബിഷപ്പായി സേവനമനുഷ്ഠിച്ചു. 1985 മുതൽ 1991 വരെ കാമറൂണിന്റെ ബിഷപ്പുമാരുടെ കൗൺസിലിന്റെ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.
ഒക്ടോബറിൽ കാമറൂണിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ കുംബയിലെ മദർ ഫ്രാൻസിസ്ക ഇന്റർനാഷണൽ ദ്വിഭാഷാ അക്കാദമിയെ തോക്കുധാരികൾ ആക്രമിക്കുകയും ഒരു ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതോടെയാണ് ഈ അക്രമം രൂക്ഷമായത്. 12 നും 14 നും ഇടയിൽ പ്രായമുള്ള ഏഴു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ അപലപിച്ച ഫ്രാൻസിസ് മാർപാപ്പ വിഘടനവാദികളോട് ആക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. “കാമറൂണിലെ കുംബയിൽ കഴിഞ്ഞ ശനിയാഴ്ച ക്രൂരമായി കൊല്ലപ്പെട്ട യുവ വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ ദുരിതത്തിൽ ഞാൻ പങ്കെടുക്കുന്നു. ഇത്തരം ക്രൂരവും വിവേകശൂന്യവുമായ ഒരു പ്രവൃത്തിയിൽ എനിക്ക് വലിയ അസ്വസ്ഥത തോന്നുന്നു, ”ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group