യുഎസ് തിരഞ്ഞെടുപ്പ്; വീണ്ടും ചരിത്രമെഴുതി, ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്‌ത്‌ സുനിത വില്യംസും സംഘവും

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ, ഡോണ്‍ പെറ്റിറ്റ് എന്നിവർ.

യുഎസിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഇവർ ഇൻസ്‌റ്റഗ്രാമില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇന്റർനാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ നിന്നാണ് ഇവർ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.

ഇൻസ്‌റ്റഗ്രാമില്‍ തങ്ങളുടെ രാജ്യസ്നേഹവും പ്രതിബദ്ധതയും വെളിവാക്കുന്ന ഒരു ചിത്രവും അവർ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ രണ്ട് പേർ തങ്ങളുടെ കാലില്‍ ധരിച്ച സോക്‌സില്‍ ‘പ്രൗഡ് റ്റു ബി അമേരിക്കൻ’ എന്ന് രേഖപ്പെടുത്തിയിരുന്നു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാനുള്ള ഇവരുടെ താല്‍പര്യത്തെയാണ് ഇത് വരച്ചുകാട്ടുന്നത്.

യുഎസിലെ സവിശേഷമായ തിരഞ്ഞെടുപ്പ് രീതികളെ അടയാളപ്പെടുത്തി കൊണ്ടാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. ടെക്‌സാസിലാണ് ഇവർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതെന്നാണ് ലഭ്യമായ വിവരം. ടെക്‌സാസില്‍ നേരത്തെ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ച 1.2 മില്യണ്‍ വോട്ടർമാരില്‍ ഇവരും ഉള്‍പ്പെടുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ബഹിരാകാശത്ത് നിന്നുള്ള വോട്ടിംഗ് 1997 മുതല്‍ അമേരിക്കൻ ബഹിരാകാശ സഞ്ചാരികള്‍ക്ക് ലഭ്യമായ ശ്രദ്ധേയമായ ഒരു ആനുകൂല്യമാണ്. ടെക്‌സാസിലെ നിയമനിർമ്മാണ സഭ പാസാക്കിയ നിയമത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. വോട്ടിംഗ് കാലയളവില്‍ ബഹിരാകാശ യാത്ര ചെയ്യുന്നവരില്‍ ഏർപ്പെട്ടിരിക്കുന്ന യോഗ്യരായ വോട്ടർമാർക്ക് അവരുടെ വോട്ട് രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും എന്നതാണ് പ്രത്യേകത.

പലർക്കും എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ബഹിരാകാശ നിലയത്തിനും ദൗത്യ നിയന്ത്രണത്തിനും ഇടയില്‍ ഡാറ്റ കൈമാറ്റം ചെയ്യുന്നതുപോലെ തന്നെയാണ് വോട്ടിംഗ് രീതിയും. ഭൂഗർഭ ആന്റിനകളുമായി ബന്ധിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ സംവിധാനമായ നാസയുടെ നിയർ സ്പേസ് നെറ്റ്‌വർക്ക് വഴി ഐഎസ്‌എസിലേക്ക് കൈമാറുന്ന ബാലറ്റുകള്‍ ഇവർ വോട്ട് രേഖപ്പെടുത്തിയ ശേഷം ഭൂമിയിലേക്ക് തിരികെ അയക്കുന്ന രീതിയാണുള്ളത്.

നേരത്തെ ബഹിരാകാശത്തു നിന്ന് വോട്ട് രേഖപ്പെടുത്താനുള്ള അവസരത്തിനായി താൻ കാത്തിരിക്കുകയാണെന്ന് സുനിത വില്യംസ് വ്യക്താക്കിയിരുന്നു. ഇതിന് മാസങ്ങള്‍ക്ക് അപ്പുറം അത് യാഥാർഥ്യമായി എന്നതാണ് പ്രധാന കാര്യം. സുനിതയ്ക്ക് പുറമേ മറ്റ് രണ്ട് സഹപ്രവർത്തകർ കൂടി വോട്ടവകാശം വിനിയോഗിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m