ബ്ലാക്ക് മാസിന് തിരുവോസ്തി; ‘സാത്താനിക് ടെമ്പിളി’നെതിരെ നിയമപോരാട്ടവുമായി അറ്റ്‌ലാന്റ അതിരൂപത

അറ്റ്‌ലാന്റ: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയുടെ തലസ്ഥാനമായ അറ്റ്‌ലാന്റയില്‍ പൈശാചിക ആരാധനയായ ബ്ലാക്ക് മാസിന് തിരുവോസ്തി ഉപയോഗിക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ നിയമപോരാട്ടവുമായി അറ്റ്‌ലാന്റ അതിരൂപത. അതിരൂപതയുടെ ലീഗല്‍ അഡ്വൈസര്‍മാര്‍ സംഘാടകരെ സമീപിച്ച് തിരുവോസ്തി ഉണ്ടെങ്കിൽ, തിരികെ നൽകണമെന്നും കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടതായി അറ്റ്‌ലാൻ്റ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്‌മയർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തിരുവോസ്തി തങ്ങളുടെ കൈയില്‍ ഇല്ലെന്നും പരിപാടിയിൽ തിരുവോസ്തി ഉപയോഗിക്കില്ലെന്നും സാത്താനിക ആരാധക സംഘം ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്.

പൈശാചിക സംഘത്തിൻ്റെ കൈകളില്‍ തിരുവോസ്തി ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ കോടതി നടപടികളിലൂടെ ശക്തമായി ഇടപെടുവാന്‍ തീരുമാനമെടുത്തതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തിലുള്ള നമ്മുടെ അടിസ്ഥാന വിശ്വാസത്തിന് വലിയ ഭീഷണിയാണ് പൈശാചിക സംഘങ്ങളെന്നും അവർ നമ്മുടെ വിശ്വാസങ്ങളെ പരിഹസിക്കുകയാണെന്നും അറ്റ്‌ലാൻ്റ ആർച്ച് ബിഷപ്പ് പറഞ്ഞു.

പൈശാചികമായ ഇടപെടലുകളിലൂടെയും പരിപാടികളിലൂടെയും അമേരിക്കയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഘടനയാണ് സാത്താനിക് ടെമ്പിൾ. കണക്റ്റിക്കട്ട് ഉള്‍പ്പെടെ വിവിധ യു‌എസ് സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ സാത്താനിക് ക്ലബ് സ്ഥാപിച്ചുള്ള സംഘടനയുടെ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ”റൈറ്റ് ടു യുവർ ലൈഫ് സാത്താനിക് അബോർഷൻ ക്ലിനിക്” എന്ന പേരില്‍ വിർജീനിയയിൽ ഭ്രൂണഹത്യ കേന്ദ്രം തുറക്കുവാന്‍ സംഘടന തീരുമാനമെടുത്തത് ഈ മാസത്തിന്റെ ആദ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group