“രക്ഷകനെ ലഭിക്കാന്‍ ആദത്തിന്‍റെ പാപം ആവശ്യമായിരുന്നു”

ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്തിനായിരുന്നു? ഈ ചോദ്യമുയരുന്ന വേളയിൽ നല്‍കുവാന്‍ ലളിതമായ ഒരുത്തരം സെന്‍റ് പോള്‍ നല്‍കുന്നുണ്ട്. “യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കുവാനാണ്” ( 1 തിമോ 1:15).

ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിൻ്റെ വിവിധ ഉദ്ദേശ്യങ്ങൾ തിരുവചനത്തിൽ കാണാം. പിതാവിനെ വെളിപ്പെടുത്തുവാനാണ്, ന്യായപ്രമാണം പൂര്‍ത്തീകരിക്കാനാണ്, ദൈവരാജ്യം പ്രസംഗിക്കാനും അതിൻ്റെ സംസ്ഥാപനത്തിനുമാണ്, പിശാചിനെ പരാജയപ്പെടുത്തുവാണ് തുടങ്ങി വിവിധങ്ങളായ മനുഷ്യാവതാര ലക്ഷ്യങ്ങള്‍ തിരുവചനത്തില്‍ കാണാം. എന്നാൽ ആദിമാതാപിതാക്കളുടെ അനുസരണക്കേടിൻ്റെ ഫലമായി ആത്മീയമരണം സംഭവിച്ച മനുഷ്യവംശത്തെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നു ഇവയിലേറ്റം പ്രധാനം.

മംഗളവാര്‍ത്തയുടെ വേളയില്‍ ഗബ്രിയേല്‍ ദൈവദൂതന്‍ പരിശുദ്ധ മാതാവിനോടു പറയുന്ന ഒരു വചനമുണ്ട്. “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും, അതിനാല്‍ നീയവന് യേശു എന്ന് പേരിടണം” (മത്തായി 1:21). തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കുന്നവനാണ് രക്ഷകൻ. ഇവിടെയാണ് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമുയരുന്നത്. ആദവും ഹവ്വയും ഏദെനില്‍ സാത്താന്‍റെ മുന്നില്‍ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ, അവരും അവരുടെ സന്താനപരമ്പരകളും ഉള്‍പ്പെടുന്ന മനുഷ്യവര്‍ഗ്ഗം മുഴുവനും നിഷ്കന്മഷ പ്രകൃതയില്‍ നിത്യ കാലം നിലനിൽക്കുമായിരുന്നില്ലേ, അങ്ങനെയെങ്കില്‍ രക്ഷകൻ ഭൂമിയില്‍ ജനിക്കേണ്ടിവരുമായിരുന്നോ ? ഒരിക്കലും വേണ്ടി വരില്ലായിരുന്നു. നിഷ്കന്മഷ ലോകത്തിനു രക്ഷകന്‍റെ ആവശ്യമില്ലല്ലോ.
അങ്ങനെയെങ്കിൽ നമുക്കു ക്രിസ്തുമസ് ആഘോഷം ഉണ്ടാകില്ലായിരുന്നു, ക്രിസ്തുസംഭവങ്ങളുടെ തുടര്‍ച്ചയായി വരുന്ന കഷ്ടാനുഭവ വാരമോ ഉയിര്‍പ്പു തിരുനാളോ ഉണ്ടാകില്ലായിരുന്നു, ചുരുക്കത്തിൽ ലോകം മുഴുവനിലും ഏദെന്‍ പറുദീസയുടെ പ്രശാന്തിയും വിശുദ്ധിയും വ്യാപരിക്കുമായിരുന്നു. രക്ഷയുടെ സമ്പൂര്‍ണ്ണതയും ജീവന്‍റെ സദ്ഫലങ്ങളും ആസ്വദിച്ചു മനുഷ്യവര്‍ഗ്ഗം ഭൂമുഖത്ത് ആറാടുമായിരുന്നു. സായന്തനങ്ങളില്‍ മനുഷ്യനോടൊത്ത് നടക്കാന്‍ വരുന്ന സൃഷ്ടാവും വെയിലാറും വേളകളിലെല്ലാം അവിടുത്തെ മെതിയടിശ്ശബ്ദം കേള്‍ക്കാന്‍ കാത്തിരിക്കുന്ന മനുഷ്യരെയുമായിരിക്കും ഭൂമിയിലെങ്ങും കാണുക.

നീതിയും വിശ്വസ്തതയുംകൊണ്ട് അരമുറുക്കി രാജ്യഭരണം നടത്തുന്ന നീതിനിഷ്ഠനായ ഒരു രാജാവിനെക്കുറിച്ച് പ്രവാചകനായ ഏശയ്യാ ദീർഘദർശനം ചെയ്യുന്നുണ്ട്.(ഏശയ്യ 11: 5-8) ഇതിൻ്റെ സാക്ഷാത്കാരമായിരിക്കും നിഷ്കന്മഷ ലോകത്തിൽ എല്ലായിടത്തും ഉണ്ടാവുക. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കുന്നു ലോകം, അവിടെ പുള്ളിപ്പുലിയും കോലാട്ടിന്‍ കുട്ടിയും ഒന്നിച്ചു വസിക്കുന്നു, പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയുന്നു, കൊച്ചു കുഞ്ഞുങ്ങള്‍ അവയെ നയിക്കുന്നു, പശുവും കരടിയും ഒരിടത്തു മേയുകയും അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കുകയും ചെയ്യുന്നു, കാളയെപ്പോലെ വൈക്കോല്‍ തിന്നുന്ന സിംഹക്കൂട്ടങ്ങളും സര്‍പ്പത്തിന്‍റെ പൊത്തിനു മുകളില്‍ കളിക്കുന്ന കുഞ്ഞുങ്ങളും അണലിയുടെ അളയില്‍ കൈയിടുന്ന കുഞ്ഞുങ്ങളുമെല്ലാം ഈ ഭൂമുഖത്തെ സര്‍വ്വസാധാരണമായ കാഴ്ചയായിരിക്കും.

രക്ഷകനു രംഗപ്രവേശം ചെയ്യുവാന്‍ തക്കവിധം ആദിമാതാപിതാക്കളുടെ ജീവിതത്തില്‍ വലിയൊരു ആത്മീയാധഃപതനം സംഭവിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ നഷ്ടം ഏറെ വലുതായിരിക്കും എന്നൊരു ചിന്ത കത്തോലിക്കാ ദൈവശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നുണ്ട്. ദൈവസ്നേഹത്തിൻ്റെ ആഴം മനുഷ്യനു മനസ്സിലാക്കാൻ കൂടി ഏദെനിലെ വീഴ്ച ഉപകരിച്ചു. ലത്തീന്‍ സഭയുടെ ദുഃഖവെള്ളിയാഴ്ച പ്രാര്‍ത്ഥന ഇപ്രകാരമാണ് “O happy fault, O necessary sin of Adam, which gained for us so great a Redeemer!” “ഇത്രവലിയൊരു രക്ഷകനെ ലഭിക്കാന്‍ ആദത്തിന്‍റെ പാപം ആവശ്യമായിരുന്നു. അത് ഭാഗ്യപ്പെട്ടതായിരുന്നു!

“രക്ഷകനാഗമിക്കാന്‍
ഹേതുവാം പാപമേ, ഭാഗ്യപൂര്‍ണ്ണം”
പാപശാസ്ത്ര സംബന്ധിയായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു പ്രസ്താവനയാണ് റോമന്‍ സഭയുടെ ലിറ്റര്‍ജിയിൽ കാണുന്നത്. വാസ്തവത്തില്‍ ദൈവിക പദ്ധതികളുടെ അതിഗഹനമായ ഒരിടപെടലിന്‍റെ ചിത്രമാണ് ആദമിന്‍റെ വീഴ്ചയിലും രക്ഷകന്‍റെ ജനത്തിലും വെളിപ്പെടുന്നത് എന്നു സാരം.

രക്ഷകനാഗമിക്കാന്‍ ഹേതുവാകുന്ന വിധം ആദത്തില്‍ സംഭവിച്ച വീഴ്ച “ഭാഗ്യപൂര്‍ണ്ണമായ അപരാധ”മായിരുന്നു എന്നാണ് വിശുദ്ധ തോമസ് അക്വിനാസ് അഭിപ്രായപ്പെടുന്നത്. ഈ വീഴ്ചയുടെ പരിണിതഫലമായിട്ടാണ് ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചത്. അവിടുന്ന് ദൈവസ്നേഹത്തിന്‍റെ ആഴങ്ങള്‍ നമുക്കു വെളിപ്പെടുത്തിത്തന്നു. ” ദൈവപുത്രന്‍റെ രക്ഷാകരപ്രവൃത്തികളിലൂടെ മനുഷ്യപ്രകൃതി മഹത്തരമായ ഔന്നധ്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടു; ആദാമ്യപാപം രക്ഷകൻ്റെ ജനനത്തിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തു” അങ്ങനെയെങ്കിൽ ആദത്തിൻ്റെ വീഴ്ചയെ “ഭാഗ്യപൂര്‍ണ്ണമായ അപരാധം” എന്നല്ലാതെ എന്തു പറയണം ? വിശുദ്ധ അക്വീനാസിൻ്റെ ചിന്തകളുടെ ആഴം നമ്മെ അത്ഭുതപ്പെടുത്തും.

ആദിമാതാപിതാക്കള്‍ പാപം ചെയ്യുന്നതില്‍നിന്ന് ദൈവം അവരെ എന്തുകൊണ്ട് തടഞ്ഞില്ല എന്ന ചോദ്യത്തിന് അഞ്ചാം നൂറ്റാണ്ടിലെ മഹാനായ ലിയോ മാര്‍പാപ്പാ നല്‍കുന്ന ഉത്തരവും ഇവിടെ പ്രസക്തമാണ്. “പിശാചിന്‍റെ അസൂയകൊണ്ടു നമുക്കു നഷ്ടമായതിനേക്കള്‍ വളരെയേറെ അനുഗ്രഹങ്ങള്‍ ക്രിസ്തുവിന്‍റെ അവാച്യമായ കൃപയിലൂടെ നമുക്കു ലഭിച്ചു” എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പൊസ്തൊലനായ പൗലോസും ആദത്തിന്‍റെ വീഴ്ചയെ ഇപ്രകാരം തന്നെയാണു വിവരിക്കന്നത്. അദ്ദേഹം റോമാ ലേഖനത്തില്‍ എഴുതി “പാപം പെരുകിയിടത്തു ദൈവകൃപ അത്യന്തം വര്‍ദ്ധിച്ചു”

മനുഷ്യന്‍റെ അടിസ്ഥാനപ്രശ്നമായ പാപം എന്ന വിഷയത്തെ അത്ര നിസ്സാരമായി കണ്ടുകൊണ്ടല്ല വിശുദ്ധ ശ്ലീഹായും സഭയുടെ വേദപാരംഗതന്മാരും “പാപം” എന്ന വിഷയത്തെ സമീപിച്ചിരിക്കുന്നത്. പാപമെന്നു പറയുമ്പോള്‍ അതിന്‍റെ ഏറ്റവും തീവ്രമായ അവസ്ഥയാണ് നമ്മുടെ മുന്നിൽ വരുന്നത് . കൊലപാതകം, ബലാത്സംഗം, വ്യഭിചാരം, മയക്കുമരുന്ന് ഉപയോഗം, വഞ്ചന, രക്തരൂക്ഷിത അക്രമങ്ങള്‍, തീവ്രവാദം, ഭീകരാക്രമണങ്ങൾ… തുടങ്ങി പാപത്തിന്‍റെ കഠിനമായ സ്ഥിതിവിശേഷമാണ് നമ്മുടെ ചിന്തയില്‍ വരുന്നത്. എന്നാല്‍ പാപികളില്‍ ഒന്നാമനായി തന്നെ അവതരിപ്പിച്ച സെന്‍റ് പോള്‍ (1 തിമോത്തി 1:15) ഇത്തരം യാതൊരു ക്രൂരകൃത്യവും ചെയ്ത വ്യക്തിയല്ല. എന്നിട്ടും താന്‍ ഏറ്റവും വലിയ പാപിയാണെന്ന ചിന്ത അദ്ദേഹത്തിന് അനുഭവപ്പെട്ടത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതിന് ഉത്തരം തേടുമ്പോൾ, പൗലോസ് പാപത്തിൻ്റെ തീവ്രതയളക്കാൻ ഉപയോഗിച്ച മാനദണ്ഡം എന്തായിരുന്നു എന്ന മറുചോദ്യവും പ്രസക്തമാണ്.

ആത്മീയമായി വളരുന്തോറും പാപത്തെ സംബന്ധിച്ചു കൂടുതല്‍ കൂടുതല്‍ അവബോധമുള്ളവനായി ക്രിസ്തുഭക്തന്‍ മാറുന്നു. പാപസംബന്ധിയായി രൂപപ്പെടുന്ന ഈ സൂക്ഷ്മാവബോധം ദൈവവുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പൗലോസിന് അനുഭവപ്പെട്ട തീവ്രമായ പാപബോധം ഒരുപക്ഷേ നമ്മുടെ ദൃഷ്ടിയില്‍ വളരെ നിസ്സാരമായിരിക്കും. ഓരോ വ്യക്തിയും എത്തിച്ചേര്‍ന്നിരിക്കുന്ന ആത്മീയ നിലവാരവും തനിക്കു ദൈവവുമായുള്ള ബന്ധം എത്രമേല്‍ ശക്തമാണ് എന്നതുമാണ് പാപബോധത്തിന് മാനദണ്ഡമെന്ന് പൗലോസ് സ്ലീഹായിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നു. “ദൈവാവിഷ്കരണത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ പാപമെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം ഗ്രഹിക്കുന്നതിന് നമുക്കു സാധിക്കുകയുള്ളൂ” എന്നാണ് കത്തോലിക്കാ സഭ മതബോധനഗ്രന്ഥത്തിലൂടെ (സിസിസി 387) പഠിപ്പിക്കുന്നത്.

മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ പാപത്തോടുള്ള ക്രിസ്ത്യാനികളുടെ സമീപനത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. “പാപത്തെ കേവലം വളര്‍ച്ചാ സംബന്ധമായ വൈകല്യമായും മാനസിക ദൗര്‍ബല്യമായും ഒരബദ്ധമായും അപര്യാപ്തമായ സാമൂഹിക വ്യവസ്ഥിതിയുടെ അനിവാര്യഫലമായും” വ്യാഖ്യാനിക്കാന്‍ നാം പ്രലോഭിതരാകുന്നു; ഇത്തരം പ്രവണതകൾക്കെതിരേ കത്തോലിക്കാ സഭ (മതബോധനഗ്രന്ഥം) മുന്നറിയിപ്പു നല്‍കുന്നു.

ലോകത്തില്‍ വ്യാപരിക്കുന്ന തിന്മയുടെ സംസ്കാരം വിശ്വാസികളിലും വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ പാപം എന്ന വിഷയത്തെ ഇന്ന് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പാപത്തിന് നല്‍കിയിരിക്കുന്ന ഒരു നിര്‍വ്വചനം ഈ വിഷയത്തില്‍ ആഴമേറിയ ഒരു വെളിപാടാണ് നമുക്കു നല്‍കുന്നത്. വിശ്വാസവും അവരുടെ അനുദിന ജീവിതവും തമ്മിലുള്ള പിളര്‍പ്പാണ് ഇക്കാലത്തെ ഏറ്റവും ഗുരുതരമായ പാപം (One of the gravest errors of our time is the dichotomy between the faith which many profess and the practice of their daily lives)
സഭ ആധുനിക ലോകത്തില്‍, അധ്യായം 4, ആധുനിക ലോകത്തില്‍ സഭയുടെ ധര്‍മ്മം, പാര 43).

നൂറ്റാണ്ടുകള്‍ക്കപ്പുറം പഴയനിയമത്തിലെ പ്രവചാകന്മാര്‍ ഈ ഇടര്‍ച്ചയ്ക്കെതിരായി അതിഘോരമായി പ്രതികരിച്ചിരുന്നു. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ഈ അന്തരത്തെ കപടനാട്യമായി കണ്ടുകൊണ്ട് പുതിയനിയമത്തില്‍ ഈശോമശിഹായും ഈ പാപത്തെ നിശിതമായി എതിര്‍ക്കുന്നുണ്ടെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓര്‍മ്മിപ്പിക്കുന്നു.

വിശ്വാസവും ജീവിതവും തമ്മിലുള്ള അന്തരം ഉളവാക്കുന്ന പാപത്തെക്കുറിച്ച വിശുദ്ധ പൗലോസും റോമാ ലേഖനത്തിൽ ഇപ്രകാരം എഴുതുന്നു “മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്‌? മോഷ്‌ടിക്കരുത്‌ എന്നു പ്രസംഗിക്കുന്ന നീ മോഷ്‌ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവര്‍ച്ച ചെയ്യുന്നുവോ? നിയമത്തില്‍ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച്‌ ദൈവത്തെ അവമാനിക്കുന്നുവോ? (റോമാ 2 : 21-24)

പാപം ചെയ്ത വ്യക്തിയില്‍ അതിന്‍റെ കുറ്റബോധം സൃഷ്ടിക്കുന്ന മാനസിക പ്രയാസങ്ങള്‍ അതീതീവ്രമായിരിക്കും. തിരുവചനത്തില്‍ നിന്നു തന്നെ നല്ല രണ്ട് ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാ കുറ്റബോധത്താല്‍ ആത്മഹത്യചെയ്ത സംഭവം മത്തായിയുടെ സുവിശേഷം 27:5ല്‍ വായിക്കാന്‍ കഴിയുന്നു. എന്നാല്‍ ഗുരുവിനെ തള്ളിപ്പറഞ്ഞ പത്രോസ് ഈ വേദനയെ അതിജീവിച്ചത് ഗുരുവിനു തന്നോടുള്ള നിസ്സീമമായ സ്നേഹത്തെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു. ഗുരു ഉത്ഥാനം ചെയ്തെന്ന വാര്‍ത്ത കേട്ടയുടൻ പത്രോസ് അതിവേഗത്തിലാണ് കല്ലറയ്ക്കലേക്ക് ഓടിയത്. ദൈവസ്നേഹത്തിന്‍റെ ആഴങ്ങളെ തിരിച്ചറിഞ്ഞവനെ പാപത്തിന്‍റെ ശക്തിക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ല

ഭാഗ്യസ്മരണാര്‍ഹനായ വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പായുടെ The Redeemer of Man എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു പ്രസ്താവന നടത്തുന്നു. “ദൈവത്തിന്‍റെ സ്നേഹം പാപത്തേക്കാള്‍ ഏറെ ശക്തമാണ്” “Above all, love (of God) is greater than sin” (The Redeemer of Man, chapter 9). ദൈവസ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും മഹത്വവും വെളിപ്പെടുത്തി പരിശുദ്ധ പിതാവ് നല്‍കുന്ന പ്രഖ്യാപനം ദൈവസ്നേഹത്തെ സംബന്ധിച്ചു വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തരമായ ഒരു വ്യാഖ്യാനമായിരുന്നു. തീർച്ചയായും ദൈവത്തിന്‍റെ സ്നേഹം നമ്മുടെ പാപത്തേക്കാള്‍ ഏറെ ശക്തമാണ്. അതിനാൽ തൻ്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രയേറെ സ്നേഹിച്ചു!

പാപത്തിന്‍റെയും മരണത്തിന്‍റെയും ദാസ്യത്തില്‍നിന്നും ദൈവസ്നേഹത്തിന്‍റെ ഔന്നത്യത്തിലേക്ക് കടന്നു വരാൻ ഓരോ മനുഷ്യനും കഴിയുമെന്ന പ്രത്യാശയാണ് ക്രിസ്തുമസിൻ്റെ കാലാതിവർത്തിയായ സന്ദേശം…

കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group