സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്….

കോട്ടയം :സേവന ധന്യതയില്‍ ചങ്ങനാശേരി അതിരൂപത ഇന്ന് 134-ാമത് ജന്മദിനം ആചരിക്കുമ്പോൾ അതിരൂപതയില്‍
‘നാം ഒരു കുടുംബം’ എന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ പ്രാദേശികസഭ അതിന്റെ നൂതന ആഭിമുഖ്യങ്ങള്‍ക്കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ആ നേട്ടങ്ങളെക്കുറിച്ച്
ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ
വിശദീകരിക്കുന്നു… ”കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എൺപതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരി അതിരൂപത നടത്തിയ ഏതാനും പുതിയ കാല്‍വയ്പുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്… കോവിഡ് പ്രതിസന്ധികള്‍ മൂലം സൺഡേ സ്‌കൂളിന്റെയും ഇതര വിശ്വാസ പരിശീലന വേദികളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിട്ടപ്പോള്‍ ഓൺലൈന്‍ ക്ലാസുകള്‍ എന്ന ആശയം മുമ്പോട്ടു വയ്ക്കുകയും MAACTV എന്ന യൂട്യൂബ് ചാനലിലൂടെ പരിശീലന പരിപാടികള്‍ നടത്തിവരികയും ചെയ്യുന്നു. സാമൂഹ്യക്ഷേമം സാമൂഹ്യക്ഷേമ രംഗത്ത് അതിരൂപത സജീവമായ ഇടപെടല്‍ നടത്തിവരുന്നു. 2018ലെ പ്രളയത്തില്‍ അതിരൂപത കുട്ടനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീക്ഷ്ണതയോടെ നടത്തിവരുന്നു. കുട്ടനാടിന്റെ പുനരുദ്ധാരണത്തിനായി അതിരൂപത പ്രഖ്യാപിച്ച നൂറുകോടി രൂപയുടെ പ്രത്യേക പാക്കേജ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപതയും വിവിധ ഇടവകകളും സ്ഥാപനങ്ങളും ഈ ഒരു വര്‍ഷം മാത്രം 25 കോടിയിലധികം തുക ചെലവഴിച്ചു. ഇതു കൂടാതെ കോവിഡ് പ്രതിരോധ രംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പുതിയ കോവിഡ് പാക്കേജ്കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപതയുടെ സാമൂഹികക്ഷേമ വകുപ്പ് (ചാസ് ) ഇതുവരെ രണ്ടു കോടി 60 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം അധികരിക്കുന്ന സാഹചര്യത്തില്‍ അതിരൂപത ഇന്നേ ദിവസം ഒരു കോവിഡ് പാക്കേജ് പ്രഖ്യാപിക്കുംകാലങ്ങളായി കാര്യമായ ശ്രദ്ധ പതിയാതിരുന്ന സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത് ഉണ്ടായിട്ടുള്ള ഉണര്‍വ്വിനു ചങ്ങനാശേരി അതിരൂപതയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 എന്ന നീതിരഹിതമായ അനുപാതത്തിന് എതിരേ ശക്തമായ ശബ്ദമുയര്‍ത്തിയത് പൊതുജനശ്രദ്ധ ആകര്‍ഷിച്ച സംഭവമാണ്.വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍, സാമ്പത്തിക സംവരണം, നാടാര്‍ സംവരണം, കമ്മാളര്‍ സംവരണം, ദളിത് സംവരണം എന്നിവ പ്രാബല്യത്തില്‍ വരുന്നതിനു വേണ്ടി അതിരൂപത ധാരാളം നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും നിയമപോരാട്ടങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നഴ്‌സിംഗ് പാരാമെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സംവരണം നടപ്പിലായത് അതിരൂപത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ ഫലമായിട്ടാണ്. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ കൂടി ചേര്‍ന്ന് 2019 ഡിസംബര്‍ 20ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ച ഭീമ ഹര്‍ജിയുടെ ഫലമായിട്ടു കൂടിയാണ്.അതിരൂപതാംഗങ്ങളില്‍ സമുദായ ബോധം വളര്‍ത്തുന്നതിനും അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും CARP എന്ന പേരില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ച് ഇടവകകള്‍ തോറും ഹെല്‍പ് ഡസ്‌കുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അതിരൂപതയ്ക്കുള്ളത്.കാലഘട്ടത്തിന്റെ ആവശ്യകതയായ നൂതന മാധ്യമങ്ങളുടെ ഉപയോഗം അതിരൂപത വളരെയധികം ശ്രദ്ധ വയ്ക്കുന്ന മേഖലയാണ്. അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ആയ മാക് ടിവി കഴിഞ്ഞ അതിരൂപതാ ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആത്മീയ കര്‍മങ്ങള്‍, വിശ്വാസ പരിശീലനം, കലാസാംസ്‌കാരിക പരിപാടികള്‍, സാമൂഹിക വിഷയങ്ങളിലുള്ള അതിരൂപതയുടെ നിലപാടുകള്‍, തുടങ്ങിയവ ഇതിലൂടെ നല്‍കി വരുന്നു. ആരോഗ്യരംഗത്ത് അതിരൂപത ശക്തമായ സാന്നിധ്യം നില നിര്‍ത്തിപ്പോരുന്നു. നിരവധി ആശുപത്രികളും ഡിസ്പന്‍സറികളും അതിരൂപതയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി വികസന കുതിപ്പില്‍ മുന്നേറുകയാണ്.ദീര്‍ഘവീക്ഷണത്തോടെ ഈ ആശുപത്രിയില്‍ ആരംഭിച്ച ഓക്‌സിജന്‍ പ്ലാന്റ് ഈ കോവിഡ് കാലത്ത് വലിയ പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കുന്നു. ആത്മതാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടാതെ എയ്ഡ്‌സ് രോഗികളുടെ സംരക്ഷണം, ചികിത്സാ സഹായം, അവരുടെ കുട്ടികള്‍ക്ക് പഠനസഹായം എന്നിവ പ്രത്യേകമായിട്ട് ചെയ്തു വരുന്നു. വിദ്യാഭ്യാസരംഗത്തും നിസ്തുല സേവനങ്ങളാണ് അതിരൂപത കാഴ്ചവയ്ക്കുന്നത്. അതിരൂപതയുടെ പ്രഥമ ഉന്നത വിദ്യാഭ്യാസ സംരംഭമായ എസ്ബി കോളജ് ശതാബ്ദി വര്‍ഷത്തിലാണ്. രണ്ട് ഓട്ടോണമസ് കോളജുകള്‍ (എസ്ബി, അസംപ്ഷന്‍) സ്വന്തമായി ഉള്ള മറ്റേതെങ്കിലും വിദ്യാഭ്യാസ ഏജന്‍സി കേരളത്തില്‍ ഉണ്ടോയെന്ന് സംശയമാണ്. മാധ്യമരംഗത്തെ സാധ്യതകള്‍ മനസിലാക്കി ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ച മീഡിയ വില്ലേജ് എസ്‌ജെസിസി, പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളജ്, തിരുവനന്തപുരം ലൂര്‍ദ് മാതാ കോളജ് ഓഫ് എന്‍ജനിയറിംഗ് എന്നിവ വിദ്യാഭ്യാസ രംഗത്തുള്ള അതിരൂപതയുടെ പുതിയ ഉറച്ച കാല്‍വയ്പുകളാണ്. കൂടാതെ സിവില്‍ സര്‍വീസ് കോച്ചിംഗ്, പിഎസ്സി കോച്ചിംഗ്, OSAP സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയവയും നടത്തി വരുന്നു. കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പി എസ് സി, യുപിഎസ് സി തുടങ്ങിയ പരീക്ഷകളോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി എക്‌സലന്‍സ് പ്രോഗ്രാം എന്നിവ നടത്തി വരുന്നു. കെഎല്‍എമ്മിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളി ക്ഷേമത്തില്‍ അതിരൂപത വളരെയധികം ശ്രദ്ധവയ്ക്കുന്നു.
ഈ പ്രസ്ഥാനത്തില്‍ അംഗങ്ങളായവര്‍ക്ക് മരണാനന്തര സഹായനിധി നല്‍കുന്നു. സംഘാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് പലചരക്കുകടകള്‍, മത്സ്യകൃഷി, പച്ചക്കറി കൃഷി, ആംബുലന്‍സ്, പന്തല്‍ വര്‍ക്കുകള്‍ തുടങ്ങിയവ നടത്തി വരുന്നു എന്നത് കെഎല്‍എമ്മിന്റെ പ്രത്യേകതയാണ്. അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ നിരവധി പ്രവാസിക്ഷേമ പദ്ധതികള്‍ നടത്തി വരുന്നുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഗവ. സഹകരണത്തോടെ ചങ്ങനാശേരിയില്‍ ആരംഭിച്ചത് പ്രവാസികള്‍ക്ക് വലിയ സഹായമാണ്. കൂടാതെ പ്രവാസി ഭാരതീയ സഹായക കേന്ദ്രത്തിന്റെ സഹകരണത്തോടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഓറിയന്റേഷന്‍ ക്ലാസുകളും നടത്തി വരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group