ആശ്വാസ തീരത്തേക്ക്.. തട്ടിക്കൊണ്ടുപോയ വൈദികര്‍ അടക്കമുള്ള 9 പേരെ മോചിപ്പിച്ചു

കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികരും സന്യസ്തരും ഉള്‍പ്പെടെ 9 പേരും മോചിതരായി. മോചനദ്രവ്യം ഒന്നും നല്‍കാതെയാണ് മോചനം സാധ്യമായത്. മോചനദ്രവ്യം ഒന്നും കൂടാതെ തങ്ങളെ മോചിപ്പിച്ചതിന് അംബാസോണിയ സ്വതന്ത്ര്യ പോരാളികള്‍ക്ക് നന്ദി പറയുന്നുവെന്ന് മോചിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പറയുന്നു. സെപ്റ്റംബര്‍ 16നു ബന്ദിയാക്കപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് ഇവര്‍ മോചിപ്പിക്കപ്പെടുന്നത്. മോചന വാര്‍ത്ത സ്ഥിരീകരിച്ച മാംഫെ രൂപതാധ്യക്ഷന്‍ അലോഷ്യസ് ഫോണ്ടോങ്ങ്, ബന്ധികളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതിന് വിശ്വാസികള്‍ക്ക് നന്ദി അറിയിച്ചു.

പണം സമ്പാദിക്കുന്നതിന് സഹോദരീ സഹോദരന്‍മാരുടെ സ്വാതന്ത്ര്യം ലംഘിക്കുന്നത് മാനുഷികമല്ലെന്നും, മാനുഷികാന്തസ്സ് സംരക്ഷിക്കുന്നതിനുള്ള സമീപനത്തേക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കുകയാണെങ്കില്‍ അതൊരു പുതിയ പ്രവണതക്ക് വഴിവെക്കുമെന്ന കാരണത്താല്‍ മോചന ദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ മെത്രാന്‍ സമിതി അസന്നിഗ്ദമായി പ്രഖ്യാപിച്ചിരുന്നു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേക്കുറിച്ച് കൂടുതലൊന്നും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. അംബാസോണിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ എന്ന് മാത്രമേ അറിയുവാന്‍ കഴിഞ്ഞിട്ടുള്ളൂ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group