ചാവേർ ആക്രമണത്തിന് ഇന്ന് രണ്ട് വർഷം: ഇരകളുടെ ഭവനങ്ങളിൽ അനുസ്മരണാ ബലി അർപ്പിച്ച് ശ്രീലങ്കൻ സഭ

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കൊല്ലപ്പെട്ടവരുടെ വീടുകളിൽ അനുസ്മരണാ ദിവ്യബലി ക്രമീകരിച്ചും മൗനാചരണം ഉൾപ്പെടെ വിശേഷാൽ ശുശ്രൂഷകൾക്ക് ആഹ്വാനം നൽകിയും ശ്രീലങ്കയിലെ കത്തോലിക്കാ സഭ. രണ്ടാം വാർഷികമായ ഇന്ന് (ഏപ്രിൽ 21) രാവിലെ 8.45നാണ് രണ്ട് മിനിറ്റ് മൗനാചരണത്തിനും പ്രാർത്ഥനയ്ക്കും കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീകരാക്രമണങ്ങളിൽ 277 പേർക്കാണ് ജീവൻ നഷ്ടമായത്, 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള അനുസ്മരണാർത്ഥം ക്രമീകരിക്കുന്ന മൗനാചരണത്തിൽ ജാതിമതഭേദമെന്യേ ശ്രീലങ്കൻ ജനത ഒന്നടങ്കവും വിശിഷ്യാ, വിവിധ മതനേതാക്കളും അണിചേരണമെന്നും കർദിനാൾ അഭ്യർത്ഥിച്ചു.ആദ്യ സ്‌ഫോടനം സംഭവിച്ച സമയമായ രാവിലെ 8.45ന് ശ്രീലങ്കയിലെ എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും മണി മുഴക്കും. അതേ തുടർന്നായിരിക്കും രണ്ട് മിനിറ്റ് മൗനാചരണം. അതിനുശേഷം ആക്രമണത്തിന് ഇരയായവരോടുള്ള അനുസ്മരണാർത്ഥം വിളക്കോ മെഴുകുതിരിയോ തെളിച്ച് പ്രാർത്ഥിക്കണമെന്നും കർദിനാൾ നിർദേശിച്ചിട്ടുണ്ട്.വിവിധ ദൈവാലയങ്ങളിൽ അനുസ്മരണാ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. 93 പേരുടെ മരണത്തിനിടയായ കൊച്ചിക്കാഡയിലെ സെന്റ് ആന്റണീസ് ദൈവാലയത്തിൽ അർപ്പിക്കുന്ന അനുസ്മരണാ ദിവ്യബലിയിൽ താൻ പങ്കെടുക്കുമെന്നും കർദിനാൾ രജ്ഞിത്ത് അറിയിച്ചു. വിവിധ മതനേതാക്കളും ഉദ്യോഗസ്ഥ പ്രതിനിധികളും തിരുക്കർമങ്ങളിൽ സന്നിഹിതരായിരിക്കും. രണ്ടാം വാർഷിക ദിനമായ ഇന്ന് രാജ്യത്തെ എല്ലാ കത്തോലിക്കാ സ്‌കൂളുകൾക്കും കർദിനാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭവനങ്ങളിൽ ദിവ്യബലി അർപ്പണം ക്രമീകരിച്ച സഭയുടെ നടപടിയും ശ്രദ്ധേയമായി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ഏതാണ്ട് 71 ഭവനങ്ങളിൽ അനുസ്മരണാ ദിവ്യബലി അർപ്പണം ക്രമീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.
2019ലെ ഈസ്റ്റർ ദിനത്തിൽ തിരുക്കർമങ്ങൾ നടക്കവേ നെഗംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, ബട്ടിക്കലോവയിലെ സിയോൻ എന്നീ ദൈവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ഇസ്ലാമിക തീവ്രവാദികൾ ചാവേർ ആക്രമണം നടത്തിയത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group