ഇന്തോനേഷ്യൻ വിദ്യാലയങ്ങളിൽ നിന്നും മത വർഗീയതയെ പിഴുതെറിയുന്നു

 വളർന്നുവരുന്ന പൗരൻമാർക്ക് നാഗരിക വിദ്യാഭ്യാസത്തോടൊപ്പം പരസ്പരബഹുമാനവും സമുദായത്തിൽ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനുതകുന്ന ഒരു വിദ്യാഭ്യാസത്തിനു ഇന്തോനേഷ്യൻ ഭരണഘടനകൾ അടിസ്ഥാനമിട്ടുകഴിഞ്ഞു. കത്തോലിക്കാ മതം ഉൾപ്പെടെ ഔദ്യോഗിക മതങ്ങളൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മാനവികമൂല്യങ്ങൾ നൽകാൻ പരിശ്രമിക്കുന്നവയാണെങ്കിലും മത യാഥാസ്ഥിതികത വിദ്യാഭ്യാസ സമ്പ്രദായങ്ങളിലേക്ക് കടന്നുകയറ്റം നടത്തുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസഹിഷ്ണുത ഒരു ഇന്തോനേഷ്യൻ പ്രതിഭാസമല്ലെങ്കിലും മതേതരവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിൽ അനാദരവും വിവേചനവും അക്രമവും വളർത്തുമ്പോൾ അപകടകരമായ സാഹചര്യമാണ് രൂപംകൊള്ളുന്നത്. ഇങ്ങനെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ രൂപംകൊള്ളുന്ന അക്രമപ്രവണതകൾ പിന്നീട് തീവ്രവാദം പോലുള്ള വൻ വിപത്തുകളിലേക്ക് വഴിവയ്ക്കുന്നു.        ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും മാനവരാശിയുടെ വാതിലുകളിൽ മുട്ടി കൊണ്ടിരിക്കുന്ന ഭയവും അസഹിഷ്ണതയും ആണെന്ന് നോബൽ സമ്മാനജേതാവും സാമൂഹികപരിവർത്തകനും ആയ കൈലാശ് സത്യാർത്ഥി പറഞ്ഞുവയ്ക്കുന്നു. വർത്തമാന സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ ഈ പ്രസ്താവന തികച്ചും ശരിയാണെന്ന് മനസ്സിലാക്കാം. നൂറ്റാണ്ടുകളായി ഇന്തോനേഷ്യൻ സമൂഹത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവർഗീയത നുഴഞ്ഞുകയറ്റം നടത്തുകയാണ്. 270 ദശലക്ഷത്തിലധികം ജനങ്ങളിൽ 85 ശതമാനവും മുസ്ലീം വിഭാഗത്തിൽ പെട്ടവരായിരിക്കുന്ന ഒരു സമൂഹത്തിൽ അസഹിഷ്ണുതയ്ക്ക് വിവിധ മുഖങ്ങൾ ആണുള്ളത്. മതപരമായ സ്വാതന്ത്ര്യത്തിനുമേലും മതപരമായി പിന്നോക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനുമേലുമുള്ള വിവേചനവും ഇതിൽ ഉൾപ്പെടുന്നവയാണ്.   ഇത്തരം അസഹിഷ്ണുതകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇവ ഇല്ലാതാക്കാനുള്ള നിയമങ്ങൾ നിലവിൽ വരുത്തണമെന്നും ഉള്ള തീരുമാനങ്ങളാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. സഹിഷ്ണുതയും പരസ്പര വിശ്വാസവും സഹകരണവും സമൂഹത്തിൽ സജീവപങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സമഗ്രമായ നയത്തിനു രൂപംനൽകേണ്ടതാണ്. ഇത്തരത്തിൽ അക്രമത്തെയും അസഹിഷ്ണുതയെയും തുടച്ചുനീക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് രൂപം നൽകണമെന്നാണ്  നിലവിലെ സർക്കാർ തീരുമാനം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group