വാക്‌സിനും ഓക്‌സിജനും ജനങ്ങളുടെ അവകാശം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനും ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനും അവകാശമാണെന്നും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇവ സൗജന്യമായി നല്‍കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്‍ക്കുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഈ അടിയന്തര പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് ശരിയായ നടപടിയല്ല. അതേസമയം ഭരണവൈകല്യങ്ങളും വീഴ്ചകളും ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതുമാണ് ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
35,000 കോടി രൂപ കോവിഡ് പ്രതിരോധത്തിനായി മാറ്റിവച്ച കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനവും അട്ടിമറിക്കപ്പെട്ടു. കോവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നല്‍കുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. വന്‍കിട മരുന്നു കമ്പനികള്‍ക്കും ഇടനിലക്കാര്‍ക്കും ജനങ്ങളുടെ ജീവന്‍വച്ച് നേട്ടമുണ്ടാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍തന്നെ അവസരമുണ്ടാക്കുന്നത് ദുഃഖകരമാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന് സര്‍ക്കാര്‍ വിലയിടുന്നത് ശരിയല്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാത്തവര്‍ക്ക് ഭരണത്തില്‍ തുടരാനും അവകാശമില്ല.
ദുരിതാശ്വാസനിധിയിലേയ്ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ചല്ല സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കാര്‍ ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group