മഗ്നീഷ്യം കുറയുമ്പോള്‍ നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കും? ഇത് ചെറിയ കാര്യമല്ല…

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ ധര്‍മ്മമുണ്ട്. എന്നാലിവയെല്ലാം കൃത്യമായി പ്രവര്‍ത്തിച്ച്‌ അതിന്‍റെ ഫലം കൃത്യമായി നമുക്ക് ലഭിക്കണമെങ്കില്‍ ചില അവശ്യഘടകങ്ങള്‍ ശരീരത്തിലുണ്ടായിരിക്കണം.

പോഷകങ്ങള്‍ എന്ന് വിളിക്കുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ എന്നിവയെല്ലാം ഇതിനാണ് നമുക്കാവശ്യമായി വരുന്നത്.

ഇത്തരത്തിലുള്ള അവശ്യഘടകങ്ങളില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഇങ്ങനെ പോഷകങ്ങളില്‍ കുറവ് വരുന്നത് പലപ്പോഴും സങ്കീര്‍ണമായ അവസ്ഥയിലെത്തും മുമ്ബ് നാമറിയാറില്ല.

സത്യത്തില്‍ ഏത് പോഷകമായാലും അതിന്‍റെ കുറവ് ശരീരത്തില്‍ പ്രകടമാകും. അതായത്, ശരീരം ഇത് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടാകാം. നമ്മളത് സമയബന്ധിതമായി തിരിച്ചറിയണമെന്നില്ല എന്നുമാത്രം.

ഇപ്പോഴിതാ ഇങ്ങനെ മഗ്നീഷ്യം എന്ന ധാതുവിന്‍റെ കുറവ് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ആരോഗ്യകാര്യങ്ങളില്‍ തല്‍പരരായ ഒരു വിഭാഗത്തിനിടയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പലര്‍ക്കും കാര്യമായ അറിവില്ലാത്തൊരു ഏരിയ ആണിത്. അതിനാല്‍ തന്നെ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം പലതും കാണാം.

മഗ്നീഷ്യം നമ്മുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങള്‍ക്കും വേണ്ടി വരുന്നൊരു ഘടകമാണ്. പേശികളുടെയും നാഡികളുടെയും ഹൃദയത്തിന്‍റെയും എല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനുമെല്ലാം മഗ്നീഷ്യം ആവശ്യമാണ്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു.

മഗ്നീഷ്യം കാര്യമായി കുറയുമ്ബോള്‍ അത് മുമ്ബേ സൂചിപ്പിച്ചത് പേശികള്‍, എല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും ഒരുപോലെ ബാധിക്കുന്നു. ഇവയുടെ ആരോഗ്യത്തെ മാത്രമല്ല- ഹൃദയം, നാഡികള്‍ എല്ലാം പ്രശ്നത്തിലാകാം. പ്രമേഹം (ഷുഗര്‍), ബിപി (രക്തസമ്മര്‍ദ്ദം), മൈഗ്രേയ്ൻ, വിഷാദരോഗം എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കെല്ലാം മഗ്നീഷ്യം കുറവ് വഴിയൊരുക്കും.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ശരീരത്തിനാവശ്യമായ മഗ്നീഷ്യം നാം ഉറപ്പിക്കേണ്ടതുണ്ട്. മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ 420 എംജി മഗ്നീഷ്യമാണ് കണ്ടെത്തേണ്ടത്. സ്ത്രീകള്‍ക്കാണെങ്കില്‍ 320 എംജി ആയാലും മതി.

വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, തളര്‍ച്ച, പേശീവേദന, എല്ലുകളില്‍ വേദന, നെഞ്ചിടിപ്പില്‍ വ്യത്യാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മഗ്നീഷ്യം കുറവിനെ സൂചിപ്പിക്കുന്നതാകാം. അത്രയും അളവില്‍ കുറവ് സംഭവിക്കുന്നപക്ഷം വിറയല്‍ (അപസ്മാരം പോലെ) ബാധിക്കുകയും ചെയ്യാം.

പംകിൻ സീഡ്സ് (മത്തൻ കുരു), ചിയ സീഡ്സ്സ്, ചീര, ബദാം, അവക്കാഡോ എന്നിവയെല്ലാം മഗ്നീഷ്യത്താല്‍ സമ്ബന്നമാണ്. അതുപോലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതിനായി സപ്ലിമെന്‍റ്സും എടുക്കാം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്‍റ് എടുക്കുന്നത് നല്ലതല്ലെന്നും മനസിലാക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group