എന്താണു ജിഹാദ്?

‘നർകോട്ടിക് ജിഹാദ്’ എന്ന പ്രയോഗം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ജിഹാദ്? ജിഹാദ് എന്ന വാക്കിന് പരമ്പരാഗതമായുള്ള മതപരമായ അർഥവും, മാറിയ ലോകത്ത് പൊളിറ്റിക്കൽ ഇസ്ലാം അഥവാ ഇസ്ലാമിസ്റ്റുകൾ നൽകിയിട്ടുള്ള അർഥവും പ്രയോഗരീതികളും എന്തൊക്കെയാണ്? മതപരമായി ഇസ്ലാമിലുള്ള അർത്ഥമാണോ അതിന് ഇസ്ലാമിസ്റ്റുകൾ നൽകിയിട്ടുള്ളത്? കേരളത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിസത്തെ മൂടിവച്ചുകൊണ്ടുള്ള കപടനാടകങ്ങൾ അവസാനിപ്പിച്ച്‌, വിഷയത്തെ അതിന്റെ പശ്ചാത്തലത്തിൽ ചർച്ചചെയ്യുകയാണ് വേണ്ടത്. മതപരമായി ജിഹാദ് അനുഷ്ഠിക്കുന്നവർ തങ്ങളുടെതന്നെ ശുദ്ധീകരണത്തിനും ഉത്കർഷത്തിനു മായാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് മനസ്സിലായിട്ടുള്ളത്. അത് ഇതര സമുദായങ്ങൾക്കോ മതങ്ങൾക്കോ അലോസരമുണ്ടാക്കുന്ന ഒന്നല്ല. നേരെ മറിച്ച്, സന്തോഷപ്രദമായ കാര്യമാണുതാനും! കാരണം, അത് പൊതുസമൂഹത്തിന്റെ ‘പൊതുനന്മ’ എന്ന മൂല്യം ഉയർത്തുന്നതാണ്!

ഇസ്ലാമിസ്റ്റുകൾ കപടരാഷ്ട്രീയം അവസാനിപ്പിക്കണം

എന്താണ് പൊളിറ്റിക്കൽ ഇസ്ലാം അഥവാ ഇസ്ലാമിസം? ഇസ്ലാമിസ്റ്റുകൾ ആഹ്വാനം ചെയ്യുന്ന ‘ഗ്ലോബൽ ജിഹാദ്’ എന്നാൽ എന്താണ്? ഇസ്ലാമിസ്റ്റ് ഐഡിയോളജി പിൻപറ്റുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ? ഈ വിഷയങ്ങൾ കേരളം ഗൗരവമായി ചർച്ചചെയ്യണം.

ബുദ്ധിജീവികൾ കാപട്യം വെടിയണം

സമൂഹത്തിൽ ‘ബുദ്ധിജീവികൾ’ എന്നു ഭാവിക്കുന്നവർ കപടതയില്ലാതെ വസ്തുതകൾ വിലയിരുത്താനുള്ള സത്യസന്ധത കാണിക്കണം. പരമ്പരാഗത ഇസ്ലാമിനെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റാനുള്ള ആശയങ്ങളും രീതിശാസ്ത്രങ്ങളും അവയുടെ ഇന്നത്തെ പ്രയോഗ രീതികളും വിശകലനം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും വേണം. കമ്മ്യൂണിസ്റ്റുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും ആശയലോകം ഒന്നാണോ എന്നുപോലും വിലയിരുത്താതെ, ചിലർ നടത്തുന്ന പ്രത്യയശാസ്ത്ര പകർന്നാട്ടങ്ങൾ കേരള സമൂഹത്തെ എങ്ങോട്ട് കൊണ്ടുപോകും?!

സംവാദങ്ങൾ ഉണ്ടാകട്ടെ…

കമ്മ്യൂണിസവും ഇസ്ലാമിസവും സോഷ്യലിസവും ഫാസിസവും ഒന്നാണോ എന്ന് ജനങ്ങൾ അറിയണമെങ്കിൽ, അതു ചർച്ച ചെയ്യപ്പെടണം. എന്താണ് പൊളിറ്റിക്കൽ ഇസ്ലാം അഥവാ ഇസ്ലാമിസം എന്നും ഇന്ത്യയിൽ ഇസ്ലാമിസത്തിന്റെ പ്രസക്തിയെന്ത് എന്നും ചർച്ചചെയ്യാൻ തയ്യാറാകാതെ, ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ജനങ്ങൾ എങ്ങനെ അറിയും? ഒരു ജനാധിപത്യ സമൂഹത്തിൽ ജനങ്ങളിൽ സ്വാധീനം വളർത്താൻ പരിശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ വസ്തുനിഷ്ഠമായി ചർച്ച ചെയ്യപ്പെടുകതന്നെ വേണം. ഒരാൾ ഇസ്ലാമിസത്തെ എതിർത്തു എന്നു പറഞ്ഞാൽ, ഇസ്ലാംമതത്തെയാണ് എതിർക്കുന്നത് എന്നു പ്രചരിപ്പിക്കുന്നവർ ഏതു ലോകത്താണ് ജീവിക്കുന്നത്?

ഇസ്ലാമിസത്തിന്റെ അഥവാ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആശയവും രീതിശാസ്ത്രവും ആവിഷ്കാരങ്ങളും വിശകലനം ചെയ്തു മനസ്സിലാക്കാൻ തയ്യാറാകാതെ, ഇന്ന് ഇസ്ലാമിക ലോകത്തും ആഗോളതലത്തിലും നടക്കുന്ന ആശയതലത്തിലും ആയുധമേന്തിയുമുള്ള ‘ജിഹാദി’ന്റെ വിവിധ രൂപങ്ങളെ എങ്ങനെയാണ് വിലയിരുത്തുക?

നർകോട്ടിക് ജിഹാദ് എന്ന ഭൂതം

നർകോട്ടിക് ‘ജിഹാദ്’ എന്ന പ്രയോഗം കുടത്തിൽനിന്ന് പുറത്തുവന്ന ഭൂതമായി എല്ലാവരെയും ഭയപ്പെടുത്തുകയാണല്ലോ. ‘നർകോട്ടിക്’ വിഷയം മിക്കവാറും എല്ലാവരും ഉപേക്ഷിച്ചു കഴിഞ്ഞു. യഥാർത്ഥത്തിൽ ചർച്ചചെയ്യേണ്ട വിഷയം അതായിരുന്നു. അതു മുക്കി, വിഷയം സാമുദായിക ധ്രുവീകരണമാക്കി മാറ്റിയതിന്, എല്ലാ കള്ളക്കടത്തു മാഫിയ സംഘങ്ങളും മലയാളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളോട് കടപ്പെട്ടിരിക്കുന്നു! മയക്കുമരുന്ന് കടത്തുകാർ മാത്രമല്ല, ചില ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളും അവരോട് കടപ്പെട്ടിരിക്കുന്നു! മാത്രമല്ല, മാധ്യമ സഹായത്താൽ, സർക്കാരും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവായി! മയക്കുമരുന്ന് മറയില്ലാതെ ഒഴുകട്ടെ…! കേരളം പറുദീസയാകട്ടെ!

‘ജിഹാദാ’ണ് ഇപ്പോൾ താരം! ബിഷപ്പു പറഞ്ഞതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കാര്യങ്ങൾ കുറെക്കൂടി അക്കാദമികമായിത്തന്നെ കാണണം. അല്ലെങ്കിൽ, പലരും കലക്കവെള്ളത്തിൽ മീൻപിടിക്കാനിറങ്ങും. അല്ല, അതാണിപ്പോൾ നടക്കുന്നത്!

മത-സമുദായ സൗഹൃദത്തിനു മങ്ങലേൽക്കേണ്ട യാതൊന്നും ഇവിടെ യഥാർത്ഥത്തിൽ ഉണ്ടായിട്ടില്ല. ഇസ്ലാം മതത്തിൽ ലവ്‌ ജിഹാദും നർകോട്ടിക് ജിഹാദും ഇല്ല. ഇസ്ലാമിസ്റ്റുകൾ ഇക്കാര്യത്തിൽ നിഷ്കളങ്കരാണ് എന്നു കരുതാൻ ന്യായവുമില്ല.

പിൻ കുറിപ്പ്: പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആശയധാരകളെ വിമർശനവിധേയമാക്കാതെ ഉൾക്കൊണ്ടാൽ, മറ്റേതൊരു സമൂഹത്തെക്കാളും, മുസ്ലീം സമൂഹം കലുഷമാകും എന്നു വിവേകമുള്ള എല്ലാവർക്കും മനസ്സിലാകും.

ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group