ദയാവധവും നിയമാനുസൃതമാകുമ്പോൾ..! കത്തോലിക്ക സഭയുടെ നിലപാട്

 

പല കാലങ്ങളിലായി ആഗോളതലത്തിൽ സുദീർഘമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുള്ള വിഷയമാണ് ദയാവധം. ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ചില രാജ്യങ്ങളുണ്ട്. എന്നാൽ, ഒട്ടേറെ രാജ്യങ്ങൾ ദയാവധത്തിനെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സമീപകാലംവരെ ദയാവധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ആ നിലപാട് മയപ്പെടുത്തുന്നതായുള്ള വാർത്തകളെ പ്രോലൈഫ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ആശങ്കയോടെയാണ് കണ്ടത്.

സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ 2024 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് മാർഗ്ഗരേഖയിലാണ് നിഷ്ക്രിയ ദയാവധം (Passive Euthanasia) ചില സാഹചര്യങ്ങളിൽ അനുവദിക്കാമെന്ന പുതിയ നയം വെളിപ്പെടുത്തിയത്. ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത, രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക്‌ അവരുടെ തന്നെയോ, ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക്‌ ഉചിതതീരുമാനമെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടെ വിശദമായ നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ്ഗരേഖയിൽ അവതരിപ്പിച്ചിരിക്കുന്നു. സക്രിയ ദയാവധം (Active Euthanasia) ഇന്ത്യയിൽ തുടർന്നും നിയമവിരുദ്ധമായിരിക്കുമെന്ന് മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദയാവധത്തിന്റെ വിവിധ രീതികൾ ‍

ലോകരാജ്യങ്ങളിൽ ഏറിയപങ്കും എതിർക്കുന്ന ഒന്നാണ് സക്രിയ ദയാവധം അഥവാ Active Euthanasia. കൊലപാതകത്തിന് തുല്യമായ പ്രവൃത്തിയായി അത് പൊതുവെ വിലയിരുത്തപ്പെടുന്നു എങ്കിലും നിലവിൽ പത്തു രാജ്യങ്ങളിൽ സക്രിയ ദയാവധം നിയമവിധേയമാണ്. ചികിത്സകന്റെ ഇടപെടൽ കൊണ്ടുള്ള ദയാവധമാണ് അത്. രോഗാവസ്ഥയിൽനിന്ന് മോചിക്കപ്പെടാൻ തീരെയും സാധ്യതയില്ലാത്ത ഘട്ടങ്ങളിൽ മരുന്നു കുത്തിവച്ച് മരണത്തിലേയ്ക്ക് രോഗിയെ നയിക്കുന്ന പ്രക്രിയയാണ് സക്രിയ ദയാവധം. രോഗി സ്വബോധത്തോടെയെങ്കിൽ അയാളുടെ ആഗ്രഹപ്രകാരം നടത്തുന്ന “assisted suicide” എന്നും അത് വിശേഷിപ്പിക്കപ്പെടുന്നു.

സക്രിയ ദയാവധം നിയമവിധേയമായ രാജ്യങ്ങളിൽ രോഗിയുടെയോ അടുത്ത ബന്ധുക്കളുടെയോ ആവശ്യപ്രകാരം മെഡിക്കൽ സംഘമോ ചികിത്സകനോ അംഗീകരിക്കുന്ന പക്ഷം അത് അനുവദനീയമാണ്. ഓസ്‌ട്രേലിയ, കാനഡ, പോർച്ചുഗൽ, ന്യൂസിലാൻഡ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ സക്രിയ ദയാവധം നിയമവിധേയമാക്കപ്പെട്ടിട്ടുള്ള രാജ്യങ്ങൾക്ക് ഉദാഹരണമാണ്. കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ പതിനൊന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദനീയമാണ്. ചില രാജ്യങ്ങൾ മാനസിക രോഗത്തെയും ദയാവധത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നവംബർ 29 ന് ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ പൊതുസഭയിൽ അവതരിപ്പിക്കപ്പെടുന്നു.

സക്രിയ ദയാവധത്തിൽനിന്ന് വ്യത്യസ്തമാണ് നിഷ്ക്രിയ ദയാവധം. നിഷ്ക്രിയ ദയാവധത്തിൽ മരണാസന്നനായതോ, വിമുക്തിയില്ല എന്ന് നിശ്ചയിക്കപ്പെട്ടതോ ആയ രോഗിയെ ജീവൻ രക്ഷാ ഉപകരണങ്ങൾ വിച്ഛേദിക്കുന്നതുവഴി മരിക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. എൺപതിലധികം രാജ്യങ്ങളിൽ നിഷ്ക്രിയ ദയാവധം ഇന്ന് നിയമവിധേയമാണ്. എന്നാൽ, നിയമംമൂലം നിശ്ചയിക്കപ്പെട്ടിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോ രാജ്യത്തെയും നയങ്ങൾക്കും രീതികൾക്കും വ്യത്യാസമുണ്ട്.

ചിലരാജ്യങ്ങൾ കൂടുതൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമ്പോൾ ചിലയിടങ്ങളിൽ ലളിതമായ നടപടിക്രമങ്ങൾ മാത്രമേ പൂർത്തീകരിക്കേണ്ടതുള്ളൂ. ഇന്ത്യയിൽ രണ്ടു മെഡിക്കൽ ബോർഡുകൾ രൂപീകരിച്ച ശേഷമേ അന്തിമ നടപടിയിലേക്ക് നീങ്ങാവൂ എന്ന് ഒക്ടോബർ മാസത്തിലെ കേന്ദ്ര കരട് മാർഗ്ഗ രേഖ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ വിജ്ഞാപനം ഇനിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കരട് മാർഗ്ഗരേഖ പ്രാബല്യത്തിലായാൽ നിഷ്ക്രിയ ദയാവധം നിയമവിധേയമാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനംപിടിക്കും. ഒരാൾക്കുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കാനോ നിഷേധിക്കാനോ അതുമൂലം തീരുമാനമെടുക്കാൻ കഴിയും എന്നുവരുന്നത് ഒട്ടേറെ ആശങ്കകൾക്ക് വഴിയൊരുക്കുന്നുണ്ട്. വെന്റിലേറ്റർ സൗകര്യങ്ങൾ, ഡയാലിസിസ്, ചില അടിയന്തിര ശസ്ത്രക്രിയകൾ, രക്തധമനികളുടെ പ്രവർത്തനം ക്രമീകരിക്കാനുള്ള വാസോപ്രസ്സേഴ്സ് തുടങ്ങിയവ ജീവൻ രക്ഷാ സംവിധാനങ്ങളുടെ പരിധിയിൽ പെടുന്നു.

ഒട്ടേറെ കേസുകളിൽ ഇത്തരം ജീവൻരക്ഷാ സംവിധാനങ്ങളുടെ നിഷേധം ഫലത്തിൽ കൊലപാതകം തന്നെയായി മാറിയേക്കാം. ഇത്തരമൊരു അനുമതിയുടെ ദുരുപയോഗത്തിന് ഇന്ത്യപോലുള്ള ഒരു രാജ്യത്ത് വലിയ സാധ്യതകളുണ്ട്. മെഡിക്കൽ ഇൻഷുറൻസ്/ അടിയന്തിര ചികിത്സയ്ക്കായുള്ള സർക്കാർ പിന്തുണ ഇനിയും പ്രാപ്യമല്ലാത്ത കോടിക്കണക്കിനു നിർദ്ധനരുള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികൾ മൂലം നിഷ്ക്രിയ ദയാവധം വിധിക്കപ്പെട്ടേക്കാവുന്ന സംഭവങ്ങൾ പോലും ഉണ്ടായേക്കാം.

കത്തോലിക്കാ സഭയുടെ നിലപാട് ‍

 

ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്ന് സഭ പഠിപ്പിക്കുന്നു.

സഹനങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകളും അവിടെ പ്രാധാന്യമർഹിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേർന്നുനിൽക്കാൻ ലഭിക്കുന്ന വിലയേറിയ അവസരങ്ങളാണ് ഓരോരുത്തരുടെയും രോഗാവസ്ഥയും വേദനകളും. അത് ആത്മീയ വളർച്ചയ്ക്ക് സഹായകമാണെന്ന തിരിച്ചറിവിൽ ക്രിസ്തീയമായ കാഴ്ചപ്പാടിൽ നിലനിൽക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്.

ഏതൊരു രോഗിക്കും സാധാരണമായ (Ordinary) ചികിത്സ ഒരു കാരണവശാലും നിഷേധിക്കപ്പെടരുത് എന്നതാണ് സഭയുടെ നയം. അനിതരസാധാരണമായ (Extra ordinary) ചികിത്സകൾ വിവേചനാധികാരത്തിൽപ്പെടുത്തുമ്പോഴും രോഗിയുടെ മരണം ലക്ഷ്യമായി കാണാൻ പാടില്ല. അതായത് രോഗി മരിക്കണം എന്ന ലക്ഷ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ആരെയും സഭ അനുവദിക്കുന്നില്ല. എന്നാൽ അവശ്യമായ ചികിത്സ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉറപ്പാക്കികൊണ്ടുതന്നെ ചില ചികിത്സ സംവിധാനങ്ങൾ തികച്ചും അനിതര സാധാരണമായതിനാൽ വേണ്ടെന്ന് തീരുമാനിക്കാം. രോഗിയുടെ മരണം ലക്ഷ്യമാക്കുന്നില്ല എന്നതിനാൽ അത് നിഷ്ക്രിയ ദയാവധമാകുന്നില്ല.

അസാധാരണമായ ചികിത്സാ വിധികളുടെയും അനിതരസാധാരണമായിട്ടുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലാണ് സഭ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത്. ഏറെക്കുറെ മസ്തിഷ്ക മരണം സംഭവിച്ചിട്ടും വെന്റിലേറ്റർ സംവിധാനങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന ഘട്ടം, വളരെ സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ, പരീക്ഷണാർത്ഥം നിർദ്ദേശിക്കപ്പെടുന്ന ചികിത്സ വിധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രധാന മരണകാരണമാകുന്നില്ല എന്ന ഉറപ്പും തുടർചികിത്സ ഫലശൂന്യമെന്ന പക്വമായ വിലയിരുത്തലും അവിടെ ആവശ്യമാണ്

അസോസിയേഷന് നൽകിയ സന്ദേശത്തിൽ, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ ഫലത്തിന് ആനുപാതികമല്ലാത്തതോ അസാധാരണമോ പരീക്ഷണാടിസ്ഥാനത്തിലുള്ളതോ ആയ ചികിത്സാവിധികൾ പരിമിതപ്പെടുത്തണമെന്ന് ഫ്രാൻസിസ് പാപ്പ നിർദ്ദേശിക്കുന്നുണ്ട്. മരണത്തെ തടയാനുള്ള കഴിവില്ലായ്മയെ അംഗീകരിച്ചുകൊണ്ട് ചികിത്സയിലുള്ള “അമിതാവേശം” വേണ്ടെന്നു വയ്ക്കുന്നത് അനുവദനീയമാണെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം(CCC 2278) പഠിപ്പിക്കുന്നു. ഇത്തരമൊരു തീരുമാനം എല്ലാ അർത്ഥത്തിലും ദയാവധത്തിൽനിന്ന് വിഭിന്നമാണെന്ന് പ്രസ്തുത സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ വ്യക്തമാക്കുകയുണ്ടായി.

കത്തോലിക്കാ സഭയുടെ വിശ്വാസ പ്രബോധന കാര്യാലയം ഫ്രാൻസിസ് പാപ്പയുടെ അനുമതിയോടെ 2020 ൽ പ്രസിദ്ധീകരിച്ച “നല്ല സമരായൻ” (Samaritanus Bonus ) എന്ന പ്രബോധന രേഖയിൽ ഈ വിഷയം പരാമർശിക്കുന്നുണ്ട്. മാറാരോഗികളായിരിക്കുന്ന വ്യക്തികളുടെ അവസ്ഥയെ സഭ എപ്രകാരം നോക്കിക്കാണുന്നു എന്നത് അതിൽ വ്യക്തമാണ്.

“ഒരുവന്റെ രോഗം ചികിൽസിച്ചു ഭേദപ്പെടുത്താൻ കഴിയില്ല എന്ന് ഉറപ്പാക്കിയിരിക്കുന്നു എന്നതിനർത്ഥം ചികിത്സയും പരിചരണവും അവസാനിപ്പിക്കാൻ സമയമായി എന്നല്ല” എന്ന് പ്രബോധന രേഖ അടിവരയിട്ടു പറയുന്നു. “മാരകരോഗത്തിന്റെ പിടിയിൽ അകപ്പെട്ടവർക്കും അതിജീവന സാധ്യത പരിമിതമായ രീതിയിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്കും പരിചരണവും സ്നേഹവും സ്വീകാര്യതയും ലഭിക്കാനുള്ള അവകാശമുണ്ട്” എന്ന് വിശ്വാസ പ്രബോധന കാര്യാലയം വ്യക്തമാക്കുന്നു. “അതേസമയം, ചികിത്സയിലുള്ള അമിതാവേശമോ, നിർബ്ബന്ധബുദ്ധിയോ സഭ പ്രോത്സാഹിപ്പിക്കുന്നില്ല”. ദയാവധം മനുഷ്യജീവനെതിരായുള്ള കുറ്റകൃത്യമാണെന്ന സുസ്ഥിരമായ സഭാ പ്രബോധനം ഒരിക്കൽക്കൂടി പ്രബോധന രേഖ അടിവരയിട്ടുറപ്പിക്കുന്നു.

ഉപസംഹാരം ‍

മനുഷ്യ ജീവന്റെ മാഹാത്മ്യത്തെ അത്യന്തം വിലമതിച്ചുകൊണ്ടുള്ളതാണ് സഭയുടെ ധാർമ്മിക പ്രബോധനങ്ങൾ. ജീവന് ഹാനികരമാകുന്നതൊന്നും പ്രത്യക്ഷമായോ പരോക്ഷമായോ സംഭവിക്കാൻ പാടില്ല എന്ന നിഷ്കർഷ സഭയുടെ ഇത്തരം വിഷയങ്ങളിലെ നിലപാടുകൾക്ക് അടിസ്ഥാനമായുണ്ട്. ഒരു മനുഷ്യവ്യക്തിയുടെ സ്വാഭാവിക മരണത്തെ ത്വരിതപ്പെടുത്തുന്ന വിധത്തിലുള്ള മാനുഷിക ഇടപെടലുകൾ സംഭവിക്കാൻ പാടില്ല.

ആധുനിക വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം വഴി ഒരു വ്യക്തിയുടെ ജീവനും ആരോഗ്യവും നിലനിർത്താൻ കഴിയുന്ന പക്ഷം അതിനുള്ള ശ്രമം കുടുംബാംഗങ്ങളുടെയും ചികിത്സകരുടെയും ഭാഗത്തുനിന്ന് തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, നിഷ്ക്രിയ ദയാവധം സംബന്ധിച്ച പുതിയ മാർഗ്ഗരേഖ പ്രകാരം, ഡയാലിസിസ്, ശസ്ത്രക്രിയകൾ മുതലായവ രോഗിയുടെ തിരിച്ചുവരവിനുള്ള സാധ്യത കുറവാണെന്ന കാരണത്താൽ ഒഴിവാക്കപ്പെടുകയും മരണത്തിലേയ്ക്ക് രോഗി നയിക്കപ്പെടുകയും ചെയ്തേക്കാം. നിയമം അനുവദിക്കുന്നു എന്നതിനാൽമാത്രം ഒരു പ്രവൃത്തി തെറ്റല്ലാതാകുന്നില്ല എന്നതാണ് വാസ്തവം. ഈ വിഷയവുമായി ബന്ധപ്പെട്ട സഭാ പ്രബോധനങ്ങൾ വിവേകപൂർണ്ണമായ നിലപാട് സ്വീകരിക്കാൻ സഹായകമാകട്ടെ.

കടപ്പാട് :ഫാ. ക്ളീറ്റസ് കതിർപറമ്പിൽ കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m