സഭയുടെ രാഷ്ട്രീയം തീരുമാനിക്കാനുള്ള അവകാശം ആർക്ക്?

    ഇവിടെ രാഷ്ട്രീയം പറയരുതെന്ന് പണ്ട് ഗ്രാമങ്ങളിലെ ചായക്കടയിൽ എഴുതിവെക്കാറുണ്ടായിരുന്നു. കാലം മാറിയപ്പോൾ അത്തരം ബോർഡുകൾ വെക്കാറില്ല. പകരം വരുന്നവരൊക്കെ അവരവരുടെ രാഷ്ട്രീയം പറയട്ടെ, അതിനിടയിൽ ചായ പലവട്ടം കുടിക്കട്ടെ എന്ന് ചിന്തിച്ചു തുടങ്ങി.

    കേരളത്തിലെ മറ്റെല്ലാ മത സാമൂദായിക വിഭാഗങ്ങൾക്കും രാഷ്ട്രീയം പറയുവാനും, അവർക്ക് അവരുടെ സമുദായത്തിൽ നിന്നും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുവാനും ജയിപ്പിക്കാനും അവകാശം ഉണ്ട്. എന്നാൽ ക്രൈസ്തവർക്ക്, കത്തോലിക്കർക്ക്, സീറോ മലബാർ സഭയിലെ വിശ്വാസികൾക്ക് അവകാശമില്ലെന്നു പറയുന്നവരുടെ ലക്ഷ്യം എന്ത്?

    ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കേരളത്തിലെ സംഘടിത മത രാഷ്ട്രിയ സമൂഹങ്ങളും പ്രസ്ഥാനങ്ങളും അവരുടെ നിലപാടുകൾ പരസ്യമായും രഹസ്യമായും പ്രകടിപ്പിക്കാറുണ്ട്.
    സമുദായങ്ങൾ ബോധപൂർവ്വം അവരുടെ വിശ്വാസം പുലർത്തുന്നവരെയും, ജനപ്രതിനിധിയായാൽ അവർക്ക് പ്രയോജനം ചെയ്യുന്നവരെയും പാർട്ടികളുടെ മുന്നണികളുടെ സ്ഥാനാർത്തിയാക്കുവാൻ പരിശ്രമിക്കും. അവർ അതിൽ വർഷങ്ങളായി വിജയിക്കുന്നു .എന്തുകൊണ്ട് ?

    രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനുമായി ആത്മാർത്ഥമായി പരിശ്രമിക്കുകയും ജീവിക്കുകയും ചെയ്യുന്ന ക്രൈസ്തവർക്ക് രാഷ്ട്രീയ പാർട്ടികളിൽ അർഹതപ്പെട്ട സ്ഥാനവും,ജനപ്രതിനിധിയാകാനുള്ള സാദ്ധ്യതകളും നിഷേധിക്കുന്നതും, വേണ്ടെന്ന് വെയ്ക്കുന്നവരും ആരാണ്?

    ക്രൈസ്തവർ അവരുടെ അവസ്ഥയും ആവശ്യങ്ങളും അറിയുന്നതിലും, ആവശ്യപ്പെടുന്നതിലും അവതരിപ്പിക്കുന്നതിലും നേടിയെടുക്കുന്നതിലും പരാജയപ്പെടുന്നത് എന്തുകൊണ്ട്?
    നിഷേധിക്കുന്നത്രാ ഷ്ടവും രാഷ്ട്രീയവും പാർട്ടികളും മുന്നണിയും ഭരണവും നാടിന്റെ നന്മകൾക്കും നിലനിൽപ്പിനും അനിവാര്യമെന്നു ചിലരെങ്കിലും മറന്നുപോകുന്നത് എന്തുകൊണ്ട്?

    സമുദായങ്ങളെ വിവിധ പാർട്ടികളിൽ അംഗത്വം എടുപ്പിച്ചും , നേതൃത്വത്തിൽ എത്തിച്ചും, ഭരണസംവിധാനത്തിന്റെ ഭാഗമാകുവാൻ പിന്തുണയും പ്രോത്സാഹനവും നൽകുന്ന രീതി ക്രൈസ്തവർക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട്?

    ക്രൈസ്തവ ഭൂരിപക്ഷമുള്ള ജില്ലകളിൽ, മണ്ഡലങ്ങളിൽ അവർ തഴയപ്പെടുന്നത്, സഭയോട് അടുപ്പമുള്ളവർ അവഗണിക്കപ്പെടുന്നത് അവർക്കുവേണ്ടി വാദിക്കാനും ഇടപെടാനും ആരുമില്ലാത്തതുകൊണ്ടല്ലേ?

    ജാതിയും മതവും മാത്രം നോക്കി പാർട്ടികളിൽ സ്ഥാനവും, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരവും നൽകുന്നതിനെ ക്രൈസ്തവ കാഴ്ചപ്പാട് അനുവദിക്കുന്നില്ല. എന്നാൽ ഉത്തമ ക്രൈസ്തവ ജീവിതം നയിച്ചു കൊണ്ട് സാമൂഹ്യ രാഷ്ട്രിയ മേഖലയിൽ ഇടപെടലുകൾ നടത്തുവാൻ പാടില്ലെന്ന് ആരെങ്കിലും തീരുമാനിച്ചാൽ അത്‌ അംഗീകരിച്ചു കൊടുക്കണോ?

    കേരളം അതിവേഗം മാറുന്നത് കാണാതെ പോകുന്നതിൽ മുന്നിൽ ക്രൈസ്തവരാണോ? മനുഷ്യരെ ഒന്നായി കാണുവാൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കയും ചെയ്യുന്ന ക്രൈസ്തവരെ ആക്ഷേപിക്കാനും അവഗണിക്കാനുമുള്ള ബോധപുർവ്വമായ ശ്രമങ്ങൾ കാണാതെ പോകുന്നുവോ?

    കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളിൽ 80% ഒരു കാലത്ത് ക്രൈസ്തവർക്കായിരുന്നു. അന്ന് അതെല്ലാം നല്ല രീതിയിൽ നടത്തുവാനും, എല്ലാ വിഭാഗം ജനങ്ങളുടെയും പ്രോത്സാഹനം ഏറ്റുവാങ്ങുവാനും സാധിച്ചിരുന്നു. ഇപ്പോഴും ആ സ്ഥാപങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ നിലനിൽപ്പ് അപകടത്തിലാണ്.

    കച്ചവട താല്പര്യത്തോടെ കടന്നു വന്നവരിൽ പലരും മദ്യം അടക്കം വിൽപ്പന നടത്തി വിജയം വരിച്ച വ്യവസായ സ്ഥാപനങ്ങളായിരുന്നു. ഇതുകൂടാതെ മത ജാതി അടിസ്ഥാനത്തിൽ വിദ്യാഭാസ ആരോഗ്യ സ്ഥാപനങ്ങൾ ഉയർന്നുവന്നു.

    നഗരങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും ജോലിചെയ്യുന്ന സ്ത്രീകൾക്കും താമസിക്കാനുള്ള ഹോസ്റ്റലുകൾ പോലും പണ്ട് സന്യാസിനികൾ നടത്തിയിരുന്നതായിരുന്നു. ഇപ്പോൾ അതും വിവിധ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നു.അത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾ തളരണം, തകരണം. അതിനായി വിവിധ പ്രവർത്തനം ആസൂത്രിതമായി നടക്കുന്നുവോയെന്ന് സംശയിക്കണം.

    മെത്രാൻമാർ, വൈദികർ, സന്യാസിനിമാർ എന്നിവരെ പ്രതികളായി അവതരിപ്പിക്കുവാൻ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നു. ക്രൈസ്തവ സ്ഥാപനങ്ങളെ, സേവനങ്ങളെ വിവാദമാക്കുവാനും അവഹേളിക്കുവാനും ശ്രമങ്ങൾ ഉണ്ടാകുന്നു. അപ്പോഴൊക്കെ ഭരണ പ്രതിപക്ഷ വിഭാഗങ്ങൾ കണ്ണടച്ച് കയ്യും കെട്ടി നോക്കി നിൽക്കുന്നു. പലപ്പോഴും ഇത്തരം സമരങ്ങളുടെ മുന്നിൽ നമ്മെ വേദനിപ്പിക്കുന്ന പല വ്യക്തികളെയും കാണുവാൻ കഴിയുന്നു. കൊച്ചി കേന്ദ്രമാക്കി നടന്ന പല സമരങ്ങളും നമ്മുടെ മനസ്സിൽ നിന്നും മാറുവാൻ സമയമായില്ലല്ലോ.

    ക്രൈസ്തവരുടെ സ്വന്തം പാർട്ടി എന്ന് പറഞ്ഞ് പ്രാദേശികമായി രൂപികരിച്ച ഒരു പാർട്ടി പല പല കഷ്ണങ്ങളായി വിവിധ മുന്നണികളിൽ നിൽക്കുന്നു. അവരിൽ പലരും, തറവാട് സ്വത്തു വീതം വെക്കുന്നതു പോലെ മക്കൾക്കും ബന്ധുക്കൾക്കുമായി പാർട്ടി ഭരണവും സ്വത്തും സ്ഥാപനങ്ങളും പിന്തുടർച്ചയായി നൽകുന്നു. അവരാണ് ക്രൈസ്തവ താല്പര്യം സംരക്ഷിക്കേണ്ടവർ എന്ന് പറയുന്നതിൽ എന്ത് യുക്തി?അവരുടെ സ്ഥാപക ചരിത്രം പഠിക്കുമ്പോൾ, അക്കാലത്തും ഏതാനും വ്യക്തികൾ സംരംഭം ആരംഭിക്കുന്നതു പോലെ ആരംഭിച്ചതാണ് രാഷ്ട്രീയ പാർട്ടികൾ എന്ന് മനസ്സിലാക്കുവാൻ കഴിയും.

    കേരളത്തിലെ, ഭാരതത്തിലെ പ്രധാന ഭരണ പ്രതിപക്ഷ പാർട്ടികളിൽ മുന്നണികളിൽ ക്രൈസ്തവ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിൽ വിജയിക്കുന്നുവോ?
    കേരളവും കേന്ദ്രവും ഭരിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ ഭരണ സംവിധാനത്തിന്റെ മുമ്പിൽ ക്രൈസ്തവർ പകച്ചു നിൽക്കുന്നുവോ? എന്തുകൊണ്ട്?. സാമൂഹ്യ രാഷ്ട്രീയ അവബോധം വിശ്വാസികൾക്ക് പകർന്നു നൽകുന്നതിൽ ക്രൈസ്തവ നേതൃത്വം വിജയിക്കാത്തത് എന്തുകൊണ്ട്? ഇപ്പോഴുള്ളത് മതി, എന്ന് ആശ്വസിക്കുന്നത് എന്തുകൊണ്ട്?

    ക്രൈസ്തവർ അവരുടെ സ്ഥാപനങ്ങൾ നടത്തുവാൻ, കാർഷിക മേഖലയിൽ കൃഷിചെയ്ത് ജീവിക്കുവാൻ, കുടുംബങ്ങൾ വിവിധ വെല്ലുവിളികൾ നേരിടുമ്പോൾ അതിനു വേണ്ടി വാദിക്കാനും, ആവശ്യങ്ങൾ നേടിയെടുക്കാനും രാഷ്ട്രീയ നേതാക്കളെ ലഭിക്കാത്തത് എന്തുകൊണ്ട്?

    കാട്ടുപന്നിയിൽ നിന്നുള്ള രക്ഷയ്ക്കു വേണ്ടി പോലും മെത്രാന്മാർ മന്ത്രിമാരെയും ഭരണകക്ഷി നേതാക്കളെയും കാണേണ്ടി വരുന്നതും എന്തുകൊണ്ട്?
    മെത്രാന്മാരെ കണ്ടാൽ അവർ പറഞ്ഞാൽ (പറയുമോ), വോട്ടുകൾ കിട്ടുമെന്ന കാഴ്ചപ്പാടുകൾക്ക് മാറ്റാം വന്നില്ലേ. എന്തുകൊണ്ട് ?

    തിരഞ്ഞെടുപ്പ് വരുമ്പോൾ ഓരോ മുന്നണിയും പാർട്ടിയും കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ സഭയുടേത് ആണെന്നും അല്ലെന്നും പാർട്ടികൾ പറയുന്നു.

    സഭയുടെ നിലപാട് പറയേണ്ടത് ആരാണ്? അതിനുള്ള ഒരുക്കങ്ങൾ, പഠനങ്ങൾ നടക്കാറുണ്ടോ? ഓരോ മെത്രാനും പറയുന്നത് ആരുടെ താല്പര്യം ആണ്?” വ്യക്തികൾക്ക് അവരുടെ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട്ചെയ്യാം “- എന്ന് പറയുന്നതാണോ സഭയുടെ രാഷ്ട്രീയം? കാത്തോലിക്ക സഭക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകൾ ഇല്ലെന്നു ഒരു മെത്രാപ്പോലീത്ത, മെത്രാൻ പറയുന്നത് ആരു ചുമതലപ്പെടുത്തിയിട്ടാണ്?

    ഇല്ലെന്ന് പറയുവാൻ എളുപ്പമാണ്. അതുകൊണ്ട് ആർക്ക് പ്രയോജനം? പൊതുസമൂഹത്തിന്റെ നന്മകൾക്കും വികസനത്തിനും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവർക്ക് പ്രത്യേക താല്പര്യം ഇല്ലെങ്കിലും, സമുദായത്തിലെ അംഗങ്ങളുടെ ആവശ്യം അവഗണിക്കാത്ത വ്യക്തികളെ കണ്ടെത്തി വിജയിപ്പിക്കാനുള്ള ശ്രമങ്ങൾ ആവശ്യമല്ലേ?

    സഭയുടെ വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ പഞ്ചായത്തിലെ വാർഡിൽ പോലും മത്സരിക്കേണ്ടെന്ന് ആരാണ് തീരുമാനിക്കുന്നത്? അവരുടെ ഉദ്ദേശം എന്ത്? മറ്റ് മതങ്ങളിലെ ,സമുദായ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവർക്ക് പഞ്ചായത്ത് മുതൽ പാർലമെന്റു വരെ ജനപ്രധിനിധിയാകുവാൻ അവസരം ലഭിക്കുമ്പോൾ ക്രൈസ്തവ സഭകളിൽ പ്രതേകിച്ചു കാത്തോലിക്ക സഭയിൽ അതൊരു അയോഗ്യതയായി കാണുന്നുണ്ടോ? അതിന്റെ പിന്നിലെ ലക്ഷ്യമെന്ത്? അതുകൊണ്ട് ആർക്ക് പ്രയോജനം?സഭയിൽ സമുദായത്തിൽ പ്രവർത്തിക്കുന്നവർക്കല്ലേ കാര്യങ്ങൾ നന്നായി അറിയുവാൻ സാധിക്കുകയുള്ളു.

    സഭയുടെ വിശ്വാസികളുടെ താല്പര്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന വ്യക്തികളെ സ്ഥാനാർഥികളാക്കുവാൻ സഭാ നേതൃത്വം ശ്രദ്ധിക്കേണ്ടതല്ലേ. എന്തുകൊണ്ട് വേണ്ടതു പോലെ കഴിയാതെ വരുന്നു.മുന്നണികളും പാർട്ടികളും കെട്ടിയിറക്കുന്ന ഏതെങ്കിലും വ്യക്തി, സഭയിലെ മാതാപിതാക്കൾക്ക് ജനിച്ചതു കൊണ്ട് അവരെ സഭയുടെ സ്വന്തം സ്ഥാനാർഥികളായി സ്വീകരിക്കേണ്ടതുണ്ടോ?

    സമുദായ സംഘടനകളിൽ പ്രവർത്തിച്ചവരെ പാർട്ടികൾ പിന്നീട് സഭ അറിയാതെ സ്വതന്ത്രരും, പിന്നെ പാർട്ടി ചിഹ്നനത്തിലും പരീക്ഷിച്ച അനുഭവങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ജനപ്രതിനിധികളെ ആദരിക്കുവാനും സഭയോട് ചേർത്തു നിർത്തുവാനും ഉചിതമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

    സഭയ്ക്ക് വിവിധ കമ്മീഷനുകൾ ഉണ്ടെങ്കിലും സാമൂഹ്യ രാഷ്ട്രീയ കാര്യകമ്മിഷൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ചില സഭയിൽ രാഷ്ട്രീയകാര്യ വിഭാഗം അടുത്തകാലത്ത് ആരംഭിച്ചു. ചില സ്ഥലങ്ങളിൽ പൊതുകാര്യ സമിതി എന്ന പേരിലും പ്രവർത്തിക്കുന്നു. ഈ സമിതികളിൽ രാഷ്ട്രീയ കാര്യം എങ്ങനെ വിശകലനം ചെയ്യുന്നുവെന്ന് വിശ്വാസികൾക്ക് വ്യക്തതയുണ്ടോ?

    ഭാരതത്തിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രൈസ്തവ സഭകൾക്ക് പൊതുവായും, കത്തോലിക്ക സഭകൾക്ക് പ്രത്യേകമായും കലാകാലങ്ങളിൽ രാഷ്ട്രീയനയം തീരുമാനിക്കുവാനും, അത്‌ വിശ്വാസികളെ ബോധ്യപ്പെടുത്തുവാനും സാധിക്കുമോ?ക്രൈസ്തവ, കത്തോലിക്ക പേരുകളിൽ അടുത്ത കാലത്ത് നിരവധി സംഘടനകൾ രുപികരിക്കപ്പെടുകയും, അവർ ചില മുന്നണികളുടെയും പാർട്ടിയുടെയും വാലുകളായി പ്രസ്താവനകളുമായി വരുമ്പോഴും ഔദ്യോധിക നേതൃത്വം, സംഘടനകൾ മൗനമായി മാറിനിൽക്കുന്നു. ഓട്ടോറിക്ഷയിൽ കയറാനുള്ള അംഗങ്ങളോ,സർക്കാർ അംഗീകൃത പ്രവർത്തന സംവിധാനങ്ങളോ ഇല്ലെങ്കിലും ഇവർ സഭയുടെ വക്താക്കളായി മാധ്യമങ്ങളിലും സമൂഹത്തിലും സജീവമായി നിലനിൽക്കുന്നു.
    സഭയുടെ നയവും കാഴ്ചപ്പാടുകളും യഥാവസരം വിശദീക രിക്കേണ്ടവർ വേണ്ടതു പോലെ പ്രവർത്തിക്കാതെ മാറി നിൽക്കുമ്പോൾ, അംഗീകാരവും ജനപങ്കാളിത്തവും ഇല്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും കളത്തിൽ നിറഞ്ഞു നിൽക്കുന്നു. ആർക്കും കൊട്ടാവുന്ന ചെണ്ടപോലെ സഭയെ കാണുന്ന രാഷ്ട്രീയ മത മാധ്യമ സംവിധാനങ്ങൾ വളർന്നു വരുന്നത് മനസ്സിലാക്കണം.

    വിവിധ എപ്പിസ്കോപൽ സഭകളുടെ പൊതു വേദിയായ ഇന്റർ ചുർ ച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളും അടങ്ങുന്ന ഒരു രാഷ്ട്രീയ പഠന വിശകലന വേദി രുപികരിച്ചാൽ നന്നായി. കത്തോലിക്കാ സഭയിൽ ദേശീയ തലത്തിൽ സി ബി സി ഐ ക്കും, കേരള തലത്തിൽ കെസിബിസി യുടെ നേതൃത്വത്തിലും മൂന്ന് റീത്തുകൾ ചേർന്നും സാധിക്കും .വിവിധ റീത്തുകൾ പൊതു കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സഭയുടെ വിശ്വാസം, ദർശനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശകലനം നടത്തിയാൽ പ്രയോജനകരമായിരിക്കും. വിവിധ മുന്നണികൾ ,പാർട്ടികൾ, ദേശീയ സംസ്ഥാന ജില്ലാ താലൂക്ക് പ്രാദേശിക തലത്തിൽ നടത്തുന്ന നയം, കർമ്മപരിപാടികൾ എന്നിവ വിലയിരുത്താൻ കഴിയണം. ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായവർ, മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കരുത് രാഷ്ട്രീയ പൊതുകാര്യ വിശകലനം നടത്തേണ്ടത്.

    രാഷ്ട്രീയ ഏകോപന സമിതി -സഭയുടെ വിവിധ തലങ്ങളിൽ വ്യക്തമായ നയങ്ങളോടെ പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകട്ടെ .ഐ എ എസ്സിനും വിവിധ പ്രോഫഷണൽ കോഴ്സിലേക്കും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതുപോലെ വളരെ ചെറുപ്പത്തിൽത്തന്നെ സാമൂഹ്യ -രാഷ്ട്രീയ സേവന മേഖലയിലേയ്ക്ക് ഉചിതമായ വ്യക്തികളെ കണ്ടെത്തി പരിശീലിപ്പിക്കണം .ജനപ്രധിനിധികളാകുന്നത് ദൈവവിളിയായി പഠിപ്പിക്കണം. സമൂഹത്തിൽ നല്ല സാമൂഹ്യ രാഷ്ട്രീയ സാഹചര്യം ആഗ്രഹിക്കുവാൻ ക്രൈസ്തവർക്ക് സാധിക്കും.

    വൈദികരും സമർപ്പിതരും സഭയിൽ സേവനം ചെയ്യുന്നതു പോലെ ,നല്ല സാമൂഹ്യപ്രവർത്തകർ സമൂഹത്തിൽ എല്ലാവിഭാഗം മനുഷ്യർക്കുമായി സേവനം ചെയ്യാനുള്ള മഹനീയമായ വേദിയായി രാഷ്ട്രീയ രംഗം മാറണം. രാഷ്ട്രീയ മേഖലയെ വിശുദ്ധീകരിക്കാനുള്ള നേതൃത്വം സഭ ഏറ്റെടുക്കണം .ഡെൽഹിയിൽ രൂപപ്പെട്ട ചില പുതിയ മുന്നേറ്റങ്ങൾ സംസ്ഥാനത്തിൻെറ ഭരണം ഏറ്റെടുത്തതും വോട്ടർമാർ അത്തരം പ്രസ്ഥാനങ്ങളിൽ വിശ്വാസം അർപ്പിച്ചതും കാണാതെ പോകരുത്.സഭ ഏതെങ്കിലും പാർട്ടിയോ മുന്നണിയോ രൂപീകരിക്കണമെന്നുള്ള അഭിപ്രായമല്ല .കഴിവും നേതൃത്വ ശേഷിയുമുള്ളവർക്ക് ഉചിതമായ പരിശീലനവും പിന്തുണയും നൽകി പ്രോൽസാഹനം ചെയ്യണം. ദൈവവിശ്വാസമുള്ളവരും മൂല്യബോധത്തിൽ ജീവിക്കുന്നവരുമായവർക്കു മഹനീയ രാഷ്ട്രീയ ബോധ്യത്തിൽ വളരുവാനും ജീവിക്കുവാനും അവസരമൊരുക്കണം .അതിന് സഹായകരമായ പഠന കോഴ്‌സുകളും ആരംഭിക്കണം .ക്രൈസ്തവ ദർശനങ്ങൾ ഉൾക്കൊള്ളുവാൻ കഴിയുന്ന വിവിധ മതവിഭാഗത്തിൽപ്പെട്ടവർക്കും വിദക്ത പരിശീലനം നൽകണം . മികച്ച രാഷ്ട്രം, മികച്ച ഭരണാധികാരികൾ -സഭയ്ക്ക് പറയുവാൻ കഴിയണം. എല്ലാവരെയും സ്നേഹിക്കാനും സൗഹാർദ്ദത്തിൽ സമാധാനത്തിൽ രാജ്യത്തെ നയിക്കുവാനും കഴിയുന്ന നല്ല രാഷ്ട്രീയക്കാരെ ഭരണാധികാരികളെ വാർത്തെടുക്കുവാൻ കഴിയണം. അതിന് ഏറ്റവും യോഗ്യതയുള്ളത് ക്രൈസ്തവ സഭകൾക്കല്ലേ ? സഭയുടെ വിദ്യാഭാസ സ്ഥാപനങ്ങൾ അതിവിടെ തെളിയിച്ചിട്ടുണ്ടല്ലോ.

    അത്തരം സംവിധാനങ്ങൾ നിലവിൽവരും വരെ കാഴ്ചക്കാരായി നിൽക്കേണ്ടതില്ല . സഭയുടെ രാഷ്ട്രീയ പഠന സമിതി രൂപീകരിക്കട്ടെ . വിവിധ കാര്യങ്ങൾ ആ സമിതിക്ക് ചെയ്യാമല്ലോ? വിവിധ മുന്നണികൾ പാർട്ടികൾ എന്നിവയുമായി ഒരേ സമയം സഹകരിക്കണോ? അതിന്റെ പ്രയോജനം, കോട്ടങ്ങൾ ചർച്ചകൾ നടക്കട്ടെ .
    കേരളത്തിൽ മാത്രം, ജില്ലകളിൽ, മണ്ഡലങ്ങളിൽ വ്യത്യസ്ത നിലപാടുകൾ വേണമെങ്കിൽ എന്തുകൊണ്ട്? സംസ്ഥാന തലത്തിൽ, ദേശിയ തലത്തിൽ ഒരുപോലെയോ, വ്യത്യസ്തമോ,ഒരു മുന്നണിക്ക് മാത്രമോ ഒരു പാർട്ടിക്ക് മാത്രമോ, വിവിധ പാർട്ടികൾക്കോ.. ഇങ്ങനെ ഓരോന്നും കാര്യകാരണ സഹിതം പഠന സമിതി വിലയിരുത്തട്ടെ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നയം, പരിപാടികൾ എന്നിവ വിശദീകരിക്കുവാൻ അവരുടെ നേതാക്കളെ വിളിക്കാമല്ലോ.

    രാഷ്ട്രീയ പഠന കേന്ദ്രം രൂപീകരിക്കുമ്പോൾ എല്ലാത്തിനും മാറ്റം വരും. തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ സ്ഥാനാർഥികളും ബിഷപ്പ് ഹൗസുകളിൽ വന്നു കൈമുത്തി തലകുനിച്ചു നിൽക്കുന്നതും അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതും തുടർന്നോട്ടെ .ഇപ്പോൾ വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികൾ വന്നു പോകുമ്പോൾ വോട്ടർമാർക്ക് നൽകുന്ന സന്ദേശം എന്താണ് ?

    സഭാ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പരമാവധി പാർട്ടി സ്ഥാനങ്ങളിലും, ജനവിധി തേടുന്ന സാഹചര്യങ്ങളിലും മനപ്പൂർവം മാറ്റിനിർത്തുവാൻ പാർട്ടി നേതൃതങ്ങൾ ശ്രദ്ധിക്കുന്നു . അവർക്കുവേണ്ടി സഭയുടെ സമുദായത്തിന്റെ നേതൃത്വം വേണ്ടതുപോലെ സംസാരിക്കാറുണ്ടോ?. വിശ്വാസികൾ എന്നും സമുദായ പ്രസ്ഥാനത്തിൽ മാത്രം മതിയെന്ന് ചിലർ ചിന്തിക്കുന്നത് എന്തുകൊണ്ട്? പള്ളിയും പാർട്ടിയും ഒരുപോലെ വേണ്ടെന്ന് ചിലർ പ്രചരിപ്പിക്കുന്നു.

    പള്ളിയെ തള്ളിപറഞ്ഞാൽ പാർട്ടിയിൽ വളരാം എന്ന് തെളിയിച്ചവർ വിവിധ പാർട്ടികളിൽ നിരവധി.മുഖ്യധാര പാർട്ടികളിൽ കോൺഗ്രസ്‌ അടക്കം പണ്ട് സഭാ ബന്ധങ്ങൾ ഉള്ളവരെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിൽ ഇപ്പോൾ സഭയെ തള്ളിപറയുന്നവർ” സെക്യുലർ “-ആയി വാഴ്തപ്പെടുന്നു. സഭയുമായി അടുപ്പമുള്ളവരെ ഇപ്പോൾ പരമാവധി തഴയുന്നു. അവരെ വർഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ ഇതര സമുദായത്തിൽ ഉള്ളവർക്ക് അതൊരു യോഗ്യതയുമാണ്.എന്തുകൊണ്ട് ?

    പള്ളിയും പ്രസ്ഥാനങ്ങളുമായി യാതൊരു അടുപ്പവുമില്ലെങ്കിലും പഞ്ചായത്ത് മെമ്പർ, എം എൽ എ, എം പി എന്നീ സ്ഥാനങ്ങൾ, സർക്കാരിന്റെ ഏതെങ്കിലും കമ്മിഷൻ സ്ഥാനം എന്നിവ ലഭിച്ചാൽ, ഏത് മുന്നണി പാർട്ടി നൽകിയതാണെങ്കിലും അവർക്ക് പൊതുവേദികളിൽ പ്രധാന സ്ഥാനം സഭ നൽകി ആദരിക്കാറുണ്ട് . അപ്പോൾ ഏത് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തനം നടത്തി പദവികൾ നേടിയാൽ സഭ ആദരിക്കും, അവസരങ്ങൾ നൽകുമെന്ന സന്ദേശം വ്യാപാപകമാകുന്നു. അപ്പോൾ കഴിവുള്ളവർ പാർട്ടിക്കോ പള്ളിക്കോ പ്രഥമ സ്ഥാനം നൽകുക?

    ഇക്കാരണത്താൽ കഴിവുള്ള യുവാക്കൾ പള്ളിയിൽ നിന്നും അകന്ന് പാർട്ടിയിൽ വളരുവാൻ ശ്രദ്ധിക്കുന്നു. എന്നാൽ ഇതര സമുദായങ്ങൾ കഴിവുള്ള യുവാക്കളെ പ്രൊഫഷണൽ കോഴ്സുകളിൽ യുവാക്കളെ വളർത്തുന്നതുപോലെ രാഷ്ട്രീയത്തിൽ വളർത്തി ഭരണത്തിന്റെ ഭാഗമാക്കുന്നു.

    എന്തുകൊണ്ട് മൂല്യബോധമുള്ള ക്രൈസ്തവ യുവാക്കളെ രാഷ്ട്രീയത്തിൽ വളർത്തി സമൂഹത്തിനും സഭയ്ക്കും പ്രയോജനപ്പെടുത്തുവാ ൻ ക്രൈസ്തവ സഭകൾക്ക് കഴിയുന്നില്ല.? തങ്ങളുടെ ആജ്ഞാനുവർത്തികളെ സൃഷ്ടിക്കുവാൻ ചിലർ ശ്രമിക്കാറുണ്ട് . പോക്കറ്റിൽ പണവും വാഹന സൗകര്യങ്ങളുമുള്ള പുത്തൻ പണക്കാരൻ മാത്രമേ അവർക്ക് വേണ്ടൂ. പൊതുമണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന ബോധ്യങ്ങൾ ഉള്ള യുവാക്കളെ, വിശ്വാസികളെ അവർ ഒഴിവാക്കുന്നുവോ ?

    പള്ളിപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിന്റെ പേരിൽ, മൂല്യാധിഷ്ഠിത നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ വളഞ്ഞിട്ടാക്രമിച്ച നിരവധി നേതാക്കളില്ലേ. അപ്പോൾ അവർക്ക് സഹായം ചെയ്യുന്നതിന് പകരം പകയോടെ തളർത്തുവാൻ ശ്രമിച്ചവരെ എങ്ങനെ വിശേഷിപ്പിക്കും?

    “പാർട്ടി ഏതായാലും കുഴപ്പമില്ല, മുന്നണി ഏതായാലും സാരമില്ല ആള് നമ്മുടെ ജാതിയാകണം ”-എന്ന് പറയുന്ന സമുദായ കാഴ്ചപ്പാട് വേണമെന്നല്ല, ആ സമുദായ സ്നേഹം മനോഭാവം കാണാതെ പോകരുത്.
    ക്രൈസ്തവ രാഷ്ട്രീയ കഴ്ചപ്പാട് പൊതുസമൂഹത്തിന്റെ നന്മകൾ ലക്ഷ്യം വെച്ചായിരിക്കണം. എന്നാൽ അത്‌ സമുദായത്തെ പൂർണമായും തഴഞ്ഞു കൊണ്ടാകരുത്.

    സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്തതു കൊണ്ട് ഒരാൾ സഭയുടെ സ്വന്തം സ്ഥാനാർഥി ആകുമോ? ഏതെങ്കിലും സമുദായ പ്രസ്ഥാപനത്തിൽ സ്ഥാനം വഹിച്ചതു കൊണ്ടും സമുദായ സ്ഥാനാർഥിയാകുമോ? സ്ഥാനാർഥിയെ പാർട്ടികൾ നിഴ്ചയിക്കുമ്പോൾ സഭാധികാരികളും സ്ഥാപനങ്ങളും ജാഗ്രത പാലിക്കണ്ടേ?. ആർക്കും എപ്പോൾ വേണമെങ്കിലും കൊട്ടാവുന്ന ചെണ്ടയായി സഭ മാറരുത്. അങ്ങനെ ആരെങ്കിലും ധരിക്കുന്നുവെങ്കിൽ അവരെ തിരുത്തണം.
    നിലപാടുകൾ നന്നായി എടുക്കണമെങ്കിൽ നല്ല ഒരുക്കങ്ങൾ വേണം. അതിന് സഭാ സംവിധാനങ്ങൾ വേണ്ടതുപോലെ സജ്ജമാകട്ടെ.

    ഓഗസ്റ്റ് 15-ന് സ്വാതന്ത്ര ദിനത്തിൽ എല്ലാ കത്തോലിക്ക പള്ളികളിലും ദേശീയ പതാക ഉയർത്തുവാൻ, ദേശീയഗാനം ചൊല്ലി, പ്രതീക്ജ്ഞ ഇരുകൈകളും ഉയർത്തി സമർപ്പണം നടത്തുന്നവരെ സംശയത്തോടെ വീക്ഷിക്കുന്നവരെ എങ്ങനെ വിശേഷിപ്പിക്കണം.

    കത്തോലിക്കർക്കും മുഴുവൻ ക്രൈസ്തവർക്കും വ്യക്തമായ രാഷ്ട്രീയം വേണം. അത്‌ വിശ്വാസം സംരക്ഷിക്കാനും, ജനിച്ച നാട്ടിൽ അന്തസ്സായി ജീവിക്കാനും ജനവിധി നേടി, ഭരണത്തിന്റെ ഭാഗമായി നന്മകൾ നന്നായി എല്ലാവർക്കും വേണ്ടി ചെയ്യുവാൻ കഴിയുന്നതാക്കണം.
    വെറും വോട്ടുബാങ്കായി മാറാതെ നാടിന്റെ വികസനത്തിൽ അഭിപ്രായം പറയുവാൻ മാത്രമല്ല, വികസനത്തിന്‌ നേതൃത്വം നൽകുന്ന ഭരണസംവിധാനമായി മാറുവാൻ കഴിയണം.
    ഇടവകകളും കുടുംബ യൂണിറ്റുകളും നിരവധി പ്രസ്ഥാനങ്ങളുമുള്ള സഭ അതൊന്നും വേണ്ടതുപോലെ വിനിയോഗിക്കുന്നില്ലെങ്കിലും,അങ്ങനെ ഉണ്ടെന്ന് പാർട്ടികളും ഇതര സമുദായങ്ങളും പ്രചരിപ്പിക്കുന്നു.

    നാടിന്റെ നന്മകൾ, വികസനം, സമാധാനം, സാഹോദര്യം എന്നിവയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന, ദൈവാശ്രയമുള്ള മികച്ച വ്യക്തികൾ ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിനായി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം…

    കടപ്പാട് : മംഗളവാർത്ത


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group