സഭ എന്തുകൊണ്ട് ശിക്ഷണ നടപടികൾ സ്വീകരിക്കുന്നില്ല…?

അങ്ങേയറ്റം ഉതപ്പുണ്ടാക്കുന്ന കാര്യങ്ങൾ സഭയിൽ നടന്നിട്ടും എന്തുകൊണ്ട് സഭ അതുണ്ടാക്കുന്നവരുടെമേൽ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നില്ല എന്നു ചോദിക്കുന്നവരോട് ഒരു വാക്ക്: സഭയിൽ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നത് ക്ഷിപ്രസാധ്യമല്ല. പ്രശ്നങ്ങൾ ഗുരുതരമാവുമ്പോൾ, കൂടുതൽ അവധാനതയോടെ ആ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതായി വരും.

പഠനത്തിനും, തെറ്റുതിരുത്തലിനും, യഥാർഥ്യങ്ങൾ മനസ്സിലാക്കി ബോധ്യങ്ങൾ രൂപപ്പെടുത്തുന്നതിനും, മാനസാന്തരപ്പെടുന്നതിനും, സഭാ കൂട്ടായ്മയിൽ തുടരുന്നതിനുമുള്ള അവസരം വിശ്വാസികൾക്കു നൽകിയാണ് സഭ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നത്.

ഇതു പലരിലും അസ്വസ്ഥതയും ആശയക്കുഴപ്പവും സൃഷ്ടിച്ചേക്കാമെങ്കിലും, ആത്യന്തികമായി തെറ്റുചെയ്യുന്നവർ ശിക്ഷിക്കപ്പെടുകയും തെറ്റിദ്ധാരണ മൂലം തെറ്റിൽ അകപ്പെട്ടവർ അതു മനസ്സിലാക്കി, സ്വയം തിരുത്തി സഭയോടൊത്തു നിൽക്കുകയും ചെയ്യും എന്നതാണ് ഈ പ്രക്രിയയുടെ സവിശേഷത.

സഭ കുറ്റക്കാരെ ശിക്ഷിക്കുന്നതിനുള്ള ഒരു നീതിന്യായ സംവിധാനമല്ല, അവസാനം വരെയും, തെറ്റിൽ അകപ്പെട്ടവരെ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു ദൈവിക സംവിധാനമാണ്. ഇതിനെ ഒരു ബലഹീനതയായി കാണുന്നവരുണ്ടാകാം. എങ്കിലും ഇതാണ് സഭയിലൂടെ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ സവിശേഷത.

എല്ലാവരും ഓരോ വിധത്തിൽ ബലഹീനരും പാപികളുമാണ്. എന്നാൽ ദൈവികമായ കൃപാവരം കാരുണ്യപൂർവം നമ്മെ വീണ്ടെടുക്കുന്നു! ബോധപൂർവം തിന്മയിൽ തുടരുന്നവർ ഈ ദൈവിക സംവിധാനത്തെ തിരസ്കരിക്കുകയും തിന്മയുടെ മാർഗം അവലംബിക്കുകയും ചെയ്യുന്നു. അവരെ, രക്ഷിക്കാൻ ആർക്കാണ് കഴിയുക?

സഭ ശിക്ഷണ നടപടിയിലേക്കു പ്രവേശിക്കുമ്പോൾ, സഭ എല്ലാം ക്ഷമിക്കേണ്ടതല്ലേ എന്ന മുറവിളിയുമായി കുറെയേറെപ്പേർ രംഗത്തു വരും. അപ്പോൾ, ഇപ്പോൾ പറഞ്ഞതൊക്കെ മറന്നതുപോലെ, പലരും കാര്യങ്ങൾ മാറ്റിപ്പറയും. ഇതൊക്കെയാണ് ഇനി നമ്മൾ കാണാനിരിക്കുന്നത് എന്ന യാഥാർഥ്യം വേദനാപൂർവം പറയേണ്ടിവരുന്നു

കടപ്പാട് :ഫാ. വർഗീസ് വള്ളിക്കാട്ട്
(Former Deputy Secretary General & Spokesperson at KCBC.)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group