100 ദിന കര്‍മ്മ പദ്ധതി : കേന്ദ്രം തൊഴില്‍ നിയമങ്ങള്‍ പുതുക്കുന്നു; കരടു നിയമം തയാറാക്കി കേരളം

വ്യവസായവത്‌കരണം ലക്ഷ്യമിട്ട്‌ ആറു മാസത്തിനുള്ളില്‍ തൊഴില്‍ നിയമങ്ങള്‍ പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

വീണ്ടും എന്‍.ഡി.എ. അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്‌ത 100 ദിന കര്‍മ്മ പദ്ധതിയില്‍ ഇതിനു മുന്തിയ പരിഗണനയാണു നല്‍കിയിട്ടുള്ളത്‌.

കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കരട്‌ ഗസറ്റ്‌ വിജ്‌ഞാപനം ഇറക്കിയിട്ട്‌ നാളുകള്‍ കഴിഞ്ഞു. പൊതുജനാഭിപ്രായം രൂപീകരിച്ചു ലേബര്‍ കമ്മിഷണറും സെക്രട്ടറിയും അടങ്ങുന്ന സമിതി അതു ക്രോഡീകരിക്കുകയും ചെയ്‌തു. പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലാകുന്നതോടെ അതു കേരളത്തിലും നടപ്പിലാക്കുന്ന വിധം പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി.

പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന ആശങ്ക നിലനില്‍ക്കുമ്ബോഴും സി.ഐ.ടി.യു. അടങ്ങുന്ന സംയുക്‌ത ട്രേഡ്‌ യൂണിയന്റെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ തൊഴില്‍ നിയമം കൊളോണിയല്‍ ഭരണകാലം മുതല്‍ നിലനില്‍ക്കുന്നതാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. 1920 മുതലുള്ള വ്യവസ്‌ഥകള്‍ നിലവിലുള്ളതിനാല്‍ 1992-ല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവാണ്‌ ആദ്യമായി തൊഴില്‍ നിയമം പരിഷ്‌ക്കരിക്കാന്‍ നീക്കം നടത്തിയത്‌. പിന്നീട്‌ മന്‍മോഹന്‍ സിങ്ങും ഇതിനുള്ള തയാറെടുപ്പ്‌ നടത്തിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ നടന്നില്ല. 2014-ല്‍ അധികാരത്തില്‍ വന്ന എന്‍.ഡി.എ. സര്‍ക്കാരാണു വീണ്ടും ഇതിനുള്ള നീക്കം ശക്‌തമായത്‌. എന്നാല്‍ രാജ്യസഭ കടക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ 2019-ല്‍ സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ ലേബര്‍ കോഡുകള്‍ കൊണ്ടുവന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ഇത്‌ രൂപീകരിച്ചതെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ വാദം.
പുതിയ കോഡ്‌ വരുന്നതോടെ നിലവിലുള്ള 28 തൊഴില്‍ നിയമങ്ങള്‍ക്കു പ്രസക്‌തി ഇല്ലാതാകും. നാല്‌ പ്രധാന കോഡുകള്‍ അടങ്ങുന്നതാണ്‌ ലേബര്‍ കോഡ്‌സ്‌. ഓക്കുപേഷണല്‍ സെഫ്‌റ്റി, ഹെല്‍ത്ത്‌ ആന്‍ഡ്‌ വര്‍ക്കിങ്‌ കണ്ടീഷന്‍ കോഡ്‌-2020, ദി കോഡ്‌ ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി-2020, കോഡ്‌ ഓണ്‍ വേജസ്‌-2019, ഇന്‍ഡസ്‌ട്രിയന്‍ റിലേഷന്‍സ്‌ കോഡ്‌- 2020 എന്നിവയാണിവ.

ഫാക്‌ടറികളിലും മറ്റ്‌ തൊഴിലിടങ്ങളിലും അടിക്കടി ലേബര്‍ വകുപ്പ്‌, ഇ.എസ്‌.ഐ, ഫാക്‌ടറീസ്‌ ആന്‍ഡ്‌ ബോയിലേഴ്‌സ്‌, പി.എഫ്‌. തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന പരിശോധന കോഡുകള്‍ നിലവില്‍ വരുന്നതോടെ നിലയ്‌ക്കും. തൊഴിലിടങ്ങളില്‍നിന്നുയരുന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ മാത്രമാകും പരിശോധന. പരാതി ശരിയെങ്കില്‍ വന്‍തുക പിഴയാണ്‌ കോഡില്‍ നിര്‍ദേശിച്ചിട്ടുള്ളത്‌. സെല്‍ഫ്‌ സര്‍ട്ടിഫിക്കേഷനുള്ള അവസരം കമ്ബനി ഉടമകള്‍ക്ക്‌ നല്‍കുമെന്നതാണ്‌ പ്രത്യേകത. ഒപ്പം ലൈസന്‍സ്‌ രാജും അവസാനിക്കും. പ്രത്യേക പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഏക ജാലകത്തിലൂടെ അനുമതി ലഭിക്കും വിധമാണ്‌ ഇത്‌ ക്രമപ്പെടുത്തിയിട്ടുള്ളത്‌.
പുതിയ തൊഴില്‍ നിയമങ്ങളില്‍ സംരംഭകര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ തൊഴിലാളികള്‍ക്ക്‌ നിലവിലുള്ള പല പരിഗണനകളും ആനുകൂല്യങ്ങളും ഇല്ലാതാകും. തൊഴിലാളികള്‍ കുറവുള്ള സ്‌ഥാപനങ്ങളില്‍ തൊഴില്‍ സംഘടനകള്‍ക്ക്‌ പ്രസക്‌തി ഇല്ലാതാകുമെന്ന ആശങ്കയും ശക്‌തമാണ്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group