ഫാത്തിമായിലെ സൂര്യാത്ഭുതത്തിന് 107 വർഷം

ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചട്ട് ഇന്ന് 107 വർഷങ്ങൾ പൂർത്തിയാകുന്നു. ഫാത്തിമാ മാതാവിൻ്റെ പ്രത്യക്ഷപ്പെടലുകൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ്.

അതിനെക്കുറിച്ചു സി. ലൂസി വിവരിക്കുന്നത് ഇപ്രകാരമാണ്.

” അന്നു പ്രഭാതം മുഴുവൻ ശക്തമായ മഴയായിരുന്നു, ആളുകളുടെ ശരീരം മുഴുവൻ നനഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ ഉടനെ പൊടുന്നനെ സൂര്യൻ അഗ്നിഗോളമായി ആകാശത്തു പ്രത്യക്ഷപ്പെട്ടു, ജനങ്ങൾ മുട്ടുകുത്തി പാപങ്ങൾക്കു പൊറുതിയാചിച്ചു. അന്ധരായ പലർക്കു കാഴ്ച തിരിച്ചു കിട്ടി തളർവാത രോഗികൾ ഏറ്റു നടന്നു. ആളുകളുടെ വസ്ത്രങ്ങളെല്ലാം ഞൊടിയിടയിൽ ഉണങ്ങി ,എകദേശം എഴുപതിനായിരം ജനങ്ങളാണ് ഈ അത്ഭുഭുത പ്രതിഭാസത്തിനു സാക്ഷ്യം വഹിച്ചത്”.

1917 ഒക്ടോബർ പതിമൂന്നിനു ഇടയകുട്ടികളായ ലൂസി, ജസീന്താ, ഫ്രാൻസിസ്കോ എന്നിവരാണ് ഈ സൂര്യാത്ഭുഭുതം ആദ്യം ദർശിച്ചത്.

ഈ സൂര്യാത്ഭുതം സംഭവിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയവും ലുസിയും തമ്മിൽ ഒരു സംഭാഷണം നടന്നിരുന്നു.

ലൂസി: ഞാൻ എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്.?

പരിശുദ്ധ മറിയം: എൻ്റെ ബഹുമാനാർത്ഥം ഇവിടെ ഒരു ചാപ്പൽ പണിയണം. ഞാൻ ജപമാല നാഥയാണ്. എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് തുടരുക. യുദ്ധം അവസാനിക്കാറായി അതുപോലെ പട്ടാളകാർക്കു ഉടനെ അവരുടെ വീടുകളിലേക്കു മടങ്ങാനാകും.

ലൂസി: എനിക്കു നിന്നോടു ഒരുപാടു കാര്യങ്ങൾ സംസാരിക്കാനുണ്ട്, നിനക്കു ചില രോഗികളെ സുഖപ്പെടുത്തുവാനും പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനും കഴിയുമോ?

പരിശുദ്ധ മറിയം: ചിലരെ സുഖപ്പെടുത്താൻ എനിക്കു കഴിയും. അവർ അവരുടെ ജീവിതം പരിവർത്തനപ്പെടുത്തുകയും പാപങ്ങൾക്കു പൊറുതി അപേക്ഷിക്കുകയും വേണം. ദു:ഖിതയായ അവൾ കൂട്ടിച്ചേർത്തു. അവർ നമ്മുടെ കർത്താവിനെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കട്ടെ, കാരണം അവൻ ഇതിനകം വളരെ അസ്വസ്ഥനാണ്.

പരിശുദ്ധ കന്യകാമറിയം ആകാശത്തു നിന്നു അപ്രത്യക്ഷമായികഴിഞ്ഞപ്പോൾ, മൂന്ന് രംഗങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു, ആദ്യം ജപമാലയുടെ സന്തോഷകരമായ രഹസ്യങ്ങൾ, പിന്നീടു ദുഃഖത്തിൻ്റെയും മഹിമയുടെയും രഹസ്യങ്ങൾ.

ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ലൂസി മാത്രമാണ് മൂന്നു ദൃശ്യങ്ങൾ ദർശിച്ചത്. ഫ്രാൻസിസ്കോയ്ക്കും ജസീന്തായ്ക്കും ആദ്യത്തെ ദൃശ്യം മാത്രമേ കാണാൻ സാധിച്ചൊള്ളു.

ഒന്നാമത്തെ ദൃശ്യത്തിൽ വി. യൗസേപ്പ് പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നു നിന്നു. തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വി. യൗസേപ്പ് പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വി. യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു.

രണ്ടാമത്തെ ദൃശ്യത്തിൽ വ്യാകുലമാതാവിൻ്റെ ദൃശ്യമാണ് ലൂസി കണ്ടത്. അവളുടെ ഹൃദയത്തിൽ ഒരു വാൾ തുളച്ചു കയറിയിരിക്കുന്നതും കാൽവരിയിലേക്കുള്ള ഈശോയുടെ യാത്രകണ്ട് അതീവ വേദന അനുഭവിക്കുന്ന മറിയത്തെയും ലൂസി ദർശിച്ചു.

ഈശോ കുരിശിൻ്റെ മുദ്രയാൽ ജനസമൂഹത്തെ ആശീർവ്വദിച്ചിരുന്നു. ഈശോയുടെ ശരീരത്തിൻ്റെ ഒരു ഭാഗം മാത്രമേ ലൂസിക്കു കാണാൻ കഴിയുമായിരുന്നുള്ളു.

മൂന്നാമത്തെ ദൃശ്യത്തിൽ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ട കർമ്മല മാതാവിനെയാണ് ലൂസി കണ്ടത്. കർമ്മല നാഥാ തൻ്റെ ഹൃദയത്തോടു ഉണ്ണീശോയെ ചേർത്ത് പിടിച്ചിരുന്നു.

ഈ സൂര്യാത്ഭുതം സംഭവിക്കുമ്പോൾ എഴുപതിനായിരം ജനങ്ങൾ അവിടെ ഉണ്ടായിരുന്നു. അന്നു ശക്തമായി മഴചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മറിയം അവളുടെ കൈകൾ തുറന്നു അവയിൻ നിന്നു പ്രകാശം സൂര്യനിലേക്കു പ്രവഹിച്ചു ലൂസി എഴുന്നേൽക്കാൻ പരിശ്രമിക്കുമ്പോൾ സൂര്യപ്രകാശത്തിൻ്റെ ആധിക്യത്താൽ ഭയപ്പെട്ടു അവൾ വിളിച്ചു പറഞ്ഞു “സൂര്യനിലേക്കു നോക്കുക!.”

പെട്ടെന്ന് മഴ പെയ്യുന്നത് നിർത്തി. മേഘങ്ങൾ നടുവേ വിഭജിച്ചു സൂര്യരശ്മികൾ ദൃശ്യമാവുകയും ചെയ്തു. പെട്ടെന്ന് സൂര്യൻ അതിശക്തമായ വേഗതയിൽ ഒരു തീഗോളമായി സ്വയം കറങ്ങി. മഞ്ഞ, പച്ച, ചുവപ്പ്, നീല, വയലറ്റ് എന്നീ നിറങ്ങങ്ങളിൽ രശ്മികൾ അവയിൽ നിന്നു പുറപ്പെട്ടു.

രണ്ടാമത്തെയും മൂന്നാമത്തെയും തവണ ആദ്യത്തേതിലും വർണ്ണാഭമായി സൂര്യൻ നൃത്തം ചെയ്തു. സൂര്യൻ്റെ ഒരു ഭാഗം സ്വയം അകന്നു മാറി ആകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ജനക്കൂട്ടത്തിലേക്ക് വീഴുന്നതായി ദർശിച്ചു. എഴുപതിനായിരത്തോളം വരുന്ന ജനാവലി ഭയപ്പെട്ട് ദൈവ കരുണയ്ക്കായി നിലവിളിച്ച് പ്രാർത്ഥിച്ചു. പത്തു മിനിറ്റിനു ശേഷം സൂര്യൻ തനിയെ നിന്നു അതിൻ്റെ പൂർവ്വ സ്ഥിതിയിലായി.

വർഷങ്ങൾ നീണ്ട സൂക്ഷ്മവും ഉത്തരവാദിത്ത പൂർണവുമായ പരിശോധനകൾക്കുശേഷം ഫാത്തിമ പ്രത്യക്ഷീകരണങ്ങൾ 1930 ഒക്ടോബർ 13 ന് കത്തോലിക്കാ സഭ അംഗീകരിച്ചു. 1981 ൽ ഗുരുതരമായ കൊലപാതക ശ്രമത്തിൽ നിന്നു രക്ഷപെട്ട ജോൺ പോൾ രണ്ടാമൻ പാപ്പ തൻ്റെ സംരക്ഷണത്തിനു കാരണം ഫാത്തിമാ മാതാവാണന്ന് പരസ്യയമായി ഏറ്റു പറഞ്ഞു. 1982 മെയ് 13 ന് മാർപ്പാപ്പ ഫാത്തിമ സന്ദർശിച്ചപ്പോൾ കന്യാമറിയത്തിന്റെ തിരുസ്വരുപത്തിലെ കിരീടത്തിൽ തൻ്റെ ശരീരത്തിലേറ്റ വെടിയുണ്ട ഉപകാരസ്മരണയായി അണിയിച്ചു.

ഫാത്തിമ പ്രത്യക്ഷീകരണങ്ങളുടെ നൂറാം വാർഷികത്തിൽ 2017ൽ ഫ്രാൻസീസ് പാപ്പ സ്പാനീഷ് ഫ്ലൂ എന്ന പകർച്ചവ്യാധിയിൽ മരണമടഞ്ഞ സഹോദരങ്ങളായ ജസീന്തായെയും, ഫ്രാൻസിസ്കോയേയും വിശുദ്ധ പദവിയിലേക്കു ഉയർത്തി. അവരെ ഇക്കാലഘട്ടത്തിലെ ക്രിസ്തീയ ജീവിതത്തിൻ്റെ മോഡലുകളായി ആണ് പാപ്പാ വിശേഷിപ്പിച്ചത്.

ഈ മരിയൻ ദിനത്തിൽ ഫാത്തിമാ ജപം ഭക്തിയോടെ നമുക്കു ജപിക്കാം: ‍

ഓ! എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളേയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ!

കടപ്പാട് : ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m