കണ്ണൂരിലെ പതിമൂന്ന് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്ക്ക ജ്വരത്താലെന്ന് സ്ഥിരീകരിച്ചു

കണ്ണൂർ: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കണ്ണൂർ തോട്ടട സ്വദേശിനിയായ പതിമൂന്ന് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം.

കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് ദക്ഷിണ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുന്നത്.

ഇത്തരം അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ചുദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ കാണാൻ കഴിയും. എന്നാല്‍ പൂളില്‍ കുളിച്ച്‌ മൂന്നര മാസം കഴിഞ്ഞാണ് ദക്ഷിണയില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. ജനുവരി 28ന് മൂന്നാറിലേക്ക് യാത്രപോയ ദക്ഷിണയ്ക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടെത്തിയത്. മൂന്നാറില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്നാണ് അധികൃതർ അനുമാനിക്കുന്നത്.

സ്കൂ‌ളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് ദക്ഷിണ പൂളില്‍ കുളിച്ചിരുന്നു. ഈ സമയത്ത് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ടൂർ കഴിഞ്ഞ് മടങ്ങി വന്ന ദക്ഷിണയെ തലവേദനയും ഛർദിയേയും തുടർന്ന് ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ദക്ഷിണയെ ആദ്യം ചികിത്സയ്‌ക്കെത്തിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് ദക്ഷിണയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദക്ഷിണയുടെ മരണശേഷം പരിശോധനാഫലം വന്നപ്പോഴാണ് രോഗം സ്‌ഥിരീകരിച്ചത്.

മുൻപ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത അമീബിക് മെനിഞ്ചറ്റിസില്‍ നിന്നും വ്യത്യസ്തമായ അമീബയാണ് ദക്ഷിണയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അമീബിയിക് സ്പീഷ്യസ് ഏതാണെന്ന് കണ്ടെത്തുന്നതിനായി പരിശോധന നടത്തിയിരുന്നതായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിദഗ്ദ്ധൻ ഡോക്ടർ അബ്ദുള്‍ റൗഫ് പറഞ്ഞു.

ഈ കേസ് ലോകത്ത് തന്നെ അപൂർവ്വമായതിനാല്‍ ഇതിൻ്റെ ഇൻക്യുബേഷൻ പിരീഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താൻ വിദഗ്ദ്ധ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപ കാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച്‌ റിപ്പോർട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ആരോഗ്യ പ്രവർത്തക്കും ഇതേ കുറിച്ച്‌ അവബോധം പുലർത്തണം. സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ള വെള്ളം കെട്ടി നിർത്തുന്ന എല്ലാ ജല സ്രോതസുകളിലും പ്രൊട്ടോക്കോള്‍ പ്രകാരം കൃത്യമായി ശുചീകരിക്കണമെന്നും ക്ളോറിനേഷൻ നടത്തണമെന്നും ഡോ. അബ്ദുല്‍ റൗഫ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group