167 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ ഇന്ത്യയില്‍ നിന്ന് കണ്ടെത്തി

മനുഷ്യന് മുന്‍പ് തന്നെ ഭൂമിയില്‍ അധിവസിച്ചിരുന്ന ഈ ഭീമന്‍ ജീവി സിനിമകളിലൂടെയും കഥകളിലൂടെയും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ദിനോസറുകളുടെ പരിണാമത്തില്‍ നമ്മുടെ ഇന്ത്യയും ചെറുതല്ലാത്ത പങ്കുതന്നെ വഹിച്ചിട്ടുണ്ട്. അതിനുള്ള കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

167 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഡിക്രെയോസോറിഡ് ഇനത്തില്‍പ്പെടുന്ന ദിനോസറിന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. റൂര്‍ക്കിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ശാസ്ത്രജ്ഞരാണ് രാജസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ജയ്സല്‍മേറില്‍ നിന്നും ചരിത്രാതീത കാലത്തെ ഫോസിലുകള്‍ പുറത്തെടുത്തത്. താര്‍ മരുഭൂമിയെയും രാജ്യത്തെയും പരാമര്‍ശിച്ച് ശാസ്ത്രജ്ഞര്‍ ദിനോസറിന്റെ ഫോസിലിന് ‘തരോസോറസ് ഇന്‍ഡിക്കസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

അന്താരാഷ്ട്ര ജേണലായ നേച്ചറിന്റെ പ്രസാധകരുടെ സയന്റിഫിക് റിപ്പോര്‍ട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പഠനമനുസരിച്ച്, മനുഷ്യന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത പുതിയ ഇനം ദിനോസറുകളുടെ ഫോസിലുകളാണ് ഇപ്പോള്‍ രാജസ്ഥാനില്‍ കണ്ടെത്തിയതെന്ന് പ്രതിപാദിക്കുന്നു. 2018ലാണ് ജയ്സല്‍മേര്‍ മേഖലയില്‍ നിന്ന് ഈ ഫോസിലുകള്‍ ശേഖരിച്ചു കൊണ്ടുപോയത്. ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ആറ് ഗവേഷകര്‍, ഏകദേശം അഞ്ച് വര്‍ഷത്തോളം ഇതേ കുറിച്ച് പഠിക്കാന്‍ ചിലവഴിച്ചിരുന്നു. തുടര്‍ന്നുള്ള പഠന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രാജസ്ഥാനിലെ ജയ്സല്‍മേര്‍ മേഖലയില്‍ സ്ഥിതി ചെയുന്ന മിഡില്‍ ജുറാസിക് പാറകളില്‍ 2018-ല്‍ ജിഎസ്ഐ ആരംഭിച്ച ഫോസില്‍ പര്യവേക്ഷണവും ഖനനവും ഈ കണ്ടെത്തലിലേക്ക് നയിച്ചതായി ഐഐടി-റൂര്‍ക്കിയിലെ എര്‍ത്ത് സയന്‍സസിലുള്ള പ്രൊഫസര്‍ സുനില്‍ ബാജ്പേയ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group