സീറോ മലബാർ സഭ ആസ്ഥാനത്തുവെച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട സഹകാർമ്മികരെ, ഇവിടെ സന്നിഹിതരായ പ്രിയ സഹോദരീ സഹോദരന്മാരേ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയ വിശ്വാസികളെ,

ഈ ദൈവാലയത്തിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇന്ന് നമ്മൾ ഒന്നിലധികം ആഘോഷങ്ങളുടെ നടുവിലാണ്. എല്ലാ ക്രൈസ്തവ സഭകളോടും ചേർന്ന് നാം പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. കൂടാതെ, ഈ മഹത്തായ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ നമുക്ക് ഇത് വളരെയധികം സന്തോഷത്തിന്റെ സമയമാണ്.

ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ആഴമായ സമർപ്പണ ബോധവും പൂർണ്ണ ഹൃദയത്തോടെയുള്ള അനുസരണവും പരിഗണിക്കുന്നതിലൂടെ, സ്വർഗ്ഗാരോപണ തിരുനാളിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ കഴിയും. മംഗളവാർത്തയുടെ സമയത്ത് യാതൊരു മുൻവിധികളുമില്ലാതെ അവൾ ദൈവത്തോടുള്ള തന്റെ പ്രതിബദ്ധത നിർഭയമായി പ്രഖ്യാപിച്ചു. ചുരുക്കി പറഞ്ഞാൽ, അവളുടെ സ്വർഗ്ഗാരോപണം ദൈവത്തോടുള്ള അവളുടെ സമ്പൂർണ്ണ സ്വയം സമർപ്പണത്തിന്റെ ഫലമാണ്. ഇത് ഇന്ന് നമുക്ക് വ്യക്തവും ആഴമേറിയതുമായ ഒരു പാഠമായി വർത്തിക്കുന്നു, ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ സമ്മതം മൂളൽ ഏറ്റവും സുന്ദരമായ രീതിയിൽ ദൈവം ഫലവത്തായി തീർക്കും എന്നതാണിതിനർത്ഥം.

സീറോ മലബാർ സഭയെയും എറണാകുളം-അങ്കമാലി അതിരൂപതയേയും അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ, സഭയും അതിരൂപതയും പ്രാർത്ഥന കൊണ്ടും, ക്ഷമ കൊണ്ടും, സ്ഥിരോത്സാഹം കൊണ്ടും തങ്ങളുടെ ദൗത്യത്തിലൂടെ ദൈവത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതിനായി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന് എനിക്കുറപ്പുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള മാർപ്പാപ്പയുടെ പ്രതിനിധി എന്ന നിലയിൽ, ഇന്നത്തെ തിരുനാളിനും എന്റെ ഇവിടുത്തെ ദൗത്യത്തിനും തമ്മിൽ ഒരു പ്രത്യേക ബന്ധം കാണാൻ കഴിയും.

പരിശുദ്ധ പിതാവ് കുറച്ചു കാലമായി ഈ അതിരൂപതയിലെ സ്ഥിതിഗതികൾ വളരെ ഉത്കണ്ഠയോടെ പിന്തുടരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ്, 2021 ജൂൺ 9ന്, റാസ കുർബാന തക്‌സ നിങ്ങളുടെ സഭയുടെ പരമോന്നത നിയമനിർമ്മാണ സഭയായ മെത്രാന്മാരുടെ സുന്നഹദോസ് തയ്യാറാക്കുകയും, ഈ തക്സയ്ക്കു ശ്ലൈഹീക സിംഹാസനത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. തദവസരത്തിൽ നമുക്ക് പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ലഭിച്ച കത്ത് മുഴുവൻ സീറോ മലബാർ സഭയിലും ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നു: “കാർമ്മികൻ വചന പ്രഘോഷണം വരെ ബേമയിൽ വിശ്വാസികളെ അഭിമുഖീകരിക്കുകയും; കൂദാശ പാരികർമ വേളയിൽ അൾത്താരയിലേക്ക്, വിശ്വാസികളും കാർമ്മികനും ഒരേ ദിശയിലേക്ക് തിരിയുകയും വേണം; കുർബാന സ്വീകരണത്തിന് ശേഷം സമാപന ചടങ്ങുകളിൽ വീണ്ടും വിശ്വാസികളെ അഭിമുഖീകരിക്കുന്നു.”
ഈ തീരുമാനം നിയമാനുസൃതമായി എടുക്കുകയും ഉത്തരവാദിത്വപ്പെട്ടവർ അംഗീകരിക്കുകയും ചെയ്തു. അതിനാൽ അനന്തമായ ചർച്ചകൾക്ക് വിധേയമാക്കാൻ ഇനി കഴിയില്ല.

ഈ നിർണായക പരിഹാരത്തിന് നേരെ ചിലർ ഉന്നയിച്ച വിവിധ എതിർപ്പുകളും വാദങ്ങളും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ വ്യക്തിപരമായും വിശദമായും അറിയിച്ചിരുന്നുവെന്ന് ഈ സന്ദർഭത്തിൽ നാം ഓർക്കണം. കൂടാതെ ഈ അതിരൂപതയ്ക്കു മാത്രമായി വേറിട്ടൊരു ആരാധനക്രമം അനുവദിക്കുന്നതുമായി ഉയർന്നുവന്ന ആശയവും അദ്ദേഹം വിശദമായി പഠിച്ചു. അതിനാൽ, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്, പ്രത്യേകിച്ച് സിനഡിന്റെ തീരുമാനത്തിനെതിരായ എതിർപ്പും അതിരൂപതയിൽ പൂർണമായും ജനാഭിമുഖ കുർബാന വേണമെന്ന് ഉന്നയിച്ച കാര്യവും, ഇത് ഏകദേശം 50 വർഷം മുൻപ് തുടങ്ങി വെച്ചതാണെന്നും ഒക്കെ അദ്ദേഹത്തിന് നന്നായി അറിയാം.
ഇതൊക്കെയാണെങ്കിലും, 2021 ജൂലൈ 3-ാം തീയതി മുഴുവൻ സീറോമലബാർ സഭയ്ക്കും മാർപാപ്പ എഴുതിയ കത്തിൽ സംഘർഷങ്ങളിൽ ഐക്യം നിലനിൽക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു: “ഞാൻ … എല്ലാ വൈദികരോടും സന്യസ്ഥരോടും അല്മായരോടും നിങ്ങളുടെ സഭയുടെ മഹത്തായ നന്മയ്ക്കും ഐക്യത്തിനും വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള ഏകീകൃത രീതി എത്രയും വേഗം നടപ്പിലാക്കുക എന്ന് അഭ്യർത്ഥിക്കുന്നു.”

2022 മാർച്ച് 25ന്, “എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും” പ്രത്യേകമായി അയച്ച കത്തിൽ, ഏകീകൃത കുർബാനയർപ്പണരീതി ഉടൻ നടപ്പാക്കാനുള്ള തന്റെ അഭ്യർത്ഥന പുതുക്കിക്കൊണ്ട് അദ്ദേഹം തന്റെ പിതൃഹൃദയത്തിൽ ദുഃഖത്തോടെ നിരീക്ഷിക്കുന്നു:

“സൂക്ഷ്മമായ ആലോചനയ്ക്ക് ശേഷം പോലും, സീറോ മലബാർസഭയിലെ മറ്റ് രൂപതകളിൽ നിന്ന് നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ പ്രത്യേക ആരാധനക്രമം പിന്തുടരാനാണ് നിങ്ങൾ തീരുമാനിച്ചത്. എന്നിരുന്നാലും, ക്രിസ്തുവിൽ വിശ്വസിക്കുന്ന നമ്മൾ, നമ്മുടെ പെരുമാറ്റവും വിയോജിപ്പും പ്രകടിപ്പിക്കുന്നതെങ്ങനെ, ബുദ്ധിമുട്ടുകളും അപമാനങ്ങളും പോലും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ വിട്ടുവീഴ്ചക്ക് തയ്യാറാകും എന്നൊക്കെ ചോദ്യം ചെയ്യുന്നത് നല്ലതാണ്.

പ്രയാസകരവും വേദനാജനകവുമായ ഒരു ചുവടുവെപ്പാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ കർത്താവിന്റെ ശബ്ദം ശ്രവിക്കാനും മാർപ്പാപ്പയെ വിശ്വസിക്കാനും തയ്യാറുള്ള പുരോഹിതന്മാരുടെയും അല്മായരുടെയും ഉദാഹരണങ്ങൾ ഞാൻ നിങ്ങളിൽ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിശ്വസ്ഥതയിലും അനുസരണത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പ്രത്യേകിച്ച് തിരുപ്പട്ടം സ്വീകരിച്ചപ്പോൾ നിങ്ങൾ ഏറ്റെടുത്ത കടമകളെയും ഉത്തരവാദിത്വങ്ങളെയും ഓർമിപ്പിച്ചുകൊണ്ട്, നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകുവാനായ് ഞാൻ പ്രാർത്ഥിക്കുന്നു.”

പരിശുദ്ധ പിതാവിന്റെ ഈ പിതൃശബ്ദം പല വൈദികരും കേട്ടില്ല, പല സന്ദർഭങ്ങളിലും അല്മായരിൽ നിന്നു ഇത് മറച്ചുവെച്ചു.

അവസാനമായി, പ്രിയ പുരോഹിതരേ, കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ പ്രിയപ്പെട്ട വേലക്കാരെ, തന്റെ പ്രതിനിധിയായി ഒരാളെ, എന്റെ നിയമനത്തിന്റെ ഉത്തരവിൽ വായിക്കുന്നതുപോലെ “വിയോജിക്കുന്ന വൈദികരെയും മെത്രാന്മാരെയും അനുസരണത്തിലേക്ക് തിരികെ കൊണ്ടുവരാൻ” വേണ്ടി, വ്യക്തമായ ഉത്തരവോടെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കാൻ പരിശുദ്ധ പിതാവ് തീരുമാനിച്ചു.

ഒടുവിൽ ഒരു ഫലം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് മാർപ്പാപ്പ ഈ വ്യക്തിഗത ദൗത്യം തിരഞ്ഞെടുത്തത്. അതിനാൽ, പ്രിയ വൈദികരേ, ഞാൻ ഇവിടെ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു, എന്റെ പ്രത്യേക ചുമതലയുടെ ഭാഗമായി എന്റെ പ്രത്യേക ചുമതലയുടെ ഭാഗമായി ഒരു ലളിതമായ ചോദ്യം നിങ്ങളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം നൽകുക!

നിങ്ങൾ പരിശുദ്ധ പിതാവിനോടൊപ്പമാണോ, കത്തോലിക്കാ സഭയിലെയും നിങ്ങളുടെ സീറോമലബാർസഭയിലെയും വൈദികരും അംഗങ്ങളുമായി തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അതോ പരിശുദ്ധ പിതാവിനോടും സീറോമലബാർസഭയിലെയും കത്തോലിക്കാസഭയിലെയും നിങ്ങളുടെ ഇടയന്മാരോടും ഉള്ള അനുസരണക്കേടിലേക്ക് നിങ്ങളെ നയിക്കുന്ന കുഴപ്പക്കാരുടെ ശബ്ദത്തിനു മുൻഗണന നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? നിങ്ങൾ നിയമവിരുദ്ധമായ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് തുടരണോ അതോ സഭ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അർപ്പിക്കുവാൻ നിങ്ങൾ തയ്യാറാണോ?
നിങ്ങളുടെ മാർപ്പാപ്പയെ അനുസരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ, അതോ തെറ്റായ ഐക്യദാർഢ്യത്തിന്റെ പേരിലും നിങ്ങളെ ഭീഷണിപ്പെടുത്തിയതുകൊണ്ടും നിങ്ങളെ കത്തോലിക്കാ സഭയിൽ നിന്ന് യഥാർത്ഥത്തിൽ വേർതിരിക്കുന്ന ചില പുരോഹിതന്മാരെ കേൾകുവാനാണോ നിങ്ങൾ താൽപര്യപ്പെടുന്നത്? ചില ഇരുണ്ട ശക്തികളുടെ പദ്ധതികൾ നിറവേറ്റുകയും സിനഡിന്റെ തീരുമാനമനുസരിച്ച് കുർബാനയർപ്പണം തടയുകയും ചെയ്യുന്ന അക്രമാസക്തരായ പ്രതിഷേധക്കാരുടെ ചെറുസംഘങ്ങളെ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? നിങ്ങൾ മാർപാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ?
അതിനാൽ, എന്റെ ഈ ശബ്ദം നിങ്ങളുടെ ചെവികൾ അടയ്ക്കില്ല എന്ന പ്രതീക്ഷയിൽ ഞാൻ നിങ്ങളോട് വീണ്ടും ചോദിക്കുന്നു:

“വിശുദ്ധ പത്രോസിനെ ഭരമേൽപ്പിച്ച ദിവ്യഗുരുവായ മിശിഹാ നയിക്കുന്ന കത്തോലിക്കാ സഭയുടെ പുരോഹിതന്മാരായി തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ പിൻഗാമികൾക്ക് കെട്ടഴിക്കാനും ബന്ധിക്കാനും, വിശ്വാസത്തിൽ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പഠിപ്പിക്കാനും ഭരിക്കാനും ഉള്ള അവകാശം മിശിഹായിൽനിന്നാണ് ലഭിച്ചത്. നിങ്ങൾ മിശിഹയെയും ഭൂമിയിലെ അവന്റെ വികാരിയായ മാർപാപ്പയെയും പിന്തുടരാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ മറ്റ് ഗുരുക്കന്മാരെ പിന്തുടരാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പൗരോഹിത്യ കടമകളുടെ പാതയിൽ നിന്ന് നിങ്ങൾ അകന്നുപോയോ?”
എറണാകുളം-അങ്കമാലി അതിരൂപതയിലെ അല്മായ വിശ്വാസികളോടും ഞാൻ ഇതേ ചോദ്യം ചോദിക്കുന്നു.

പരിശുദ്ധ പിതാവിനെയും കത്തോലിക്കാസഭയെയും പിന്തുടരാൻ നിങ്ങൾ തയ്യാറാണോ; അതോ നിങ്ങളുടെ പേരിൽ പരിശുദ്ധ പിതാവിനോടുള്ള വ്യക്തിപരമായ അനുസരണക്കേട് മറയ്ക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ചില പുരോഹിതന്മാരിൽ വിശ്വാസമർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളെ പ്രതിഷേധങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് അവർ അടിസ്ഥാനപരമായി നിങ്ങളെ ദുരുപയോഗം ചെയ്യുന്നു; അവരുടെ ദീർഘകാല ശിക്ഷണത്തിലൂടെ നിങ്ങളെ സ്വന്തം പിന്തുണക്കാരാക്കാൻ അവർ ശ്രമിക്കുന്നു, ഒടുവിൽ അവരുടെ കലാപങ്ങളിൽ നിങ്ങളെ പലപ്പോഴും ബന്ദികളായി ഉപയോഗിക്കുന്നു.
പല വൈദികരും അല്മായരും തങ്ങളുടെ പ്രതിഷേധം നല്ല വിശ്വാസത്തോടെ നടത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങൾ സംവാദത്തിനും ചർച്ചയ്ക്കുമുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്ന പലരും ഈ അഹങ്കാരത്തിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു; നിർബന്ധം ഒടുവിൽ ഫലം നൽകുമെന്ന് തെറ്റായി വിശ്വസിക്കുന്നു.

ദുഷ്‌കരമായ ഒരു ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഞാൻ ആത്മാർഥമായി നിങ്ങളോട് പറയുന്നു:
തുടർച്ചയായ പ്രതിഷേധത്തിന്റെയും തിരസ്‌കരണത്തിന്റെയും ഒരേയൊരു ഫലം സഭയ്‌ക്ക് വലിയ ദോഷവും, നമ്മെ നിരീക്ഷിക്കുന്നവരുടെ മുമ്പിൽ വലിയ അപവാദവും, ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലമായ ആത്മീയ നാശവും ആയിരിക്കും വരുത്തിവെയ്കുക. അത്തരമൊരു അനുസരണക്കേടിന്റെ ഗുരുതരമായ പാപത്തിന് നിങ്ങൾ യഥാർത്ഥത്തിൽ ഉത്തരവാദികളാകാൻ ആഗ്രഹിക്കുന്നുണ്ടോ?

ദൈവേഷ്ടത്തെ തിരസ്കരിക്കുന്നത് നിങ്ങൾ അത് എത്ര ഭക്തിനിർഭരമായ വാക്യങ്ങളാലും പ്രാർത്ഥനകളാലും മറയ്ക്കാൻ ശ്രമിച്ചാലും, ഒരിക്കലും ദൈവാനുഗ്രഹത്തിലേക്കു നയിക്കുകയില്ല. നിയമവിരുദ്ധമായ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും ദൈവാനുഗ്രഹം ഒരിക്കലും ഉണ്ടാകില്ല.
നമ്മുടെ കർത്താവിന്റെ മുമ്പാകെ ഞാൻ മുട്ടുകുത്തി നിങ്ങളോട് അപേക്ഷിക്കുന്നു, ഈ കലാപത്തിന് എന്തെങ്കിലും യഥാർത്ഥമോ അല്ലാത്തതോ ആയ കാരണം നൽകിയിട്ടുള്ള ആരുടെയെങ്കിലും ഭാഗത്തുനിന്ന് വ്യക്തിപരമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അതുപോലെ, നമ്മുടെ കർത്താവിനും കത്തോലിക്കാസഭയ്ക്കും എതിരായ ഈ പാപത്തിൽ, അതായത്, പരിശുദ്ധ പിതാവ് അംഗീകരിച്ച ഏക നിയമാനുസൃതമായ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വിസമ്മതിച്ചുകൊണ്ട്, ഇനിമേൽ ഈ പാപത്തിൽ പങ്കുചേരരുതെന്ന് ഞാൻ മുട്ടുകുത്തി അപേക്ഷിക്കുന്നു.

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളിൽ ആ നല്ല അമ്മ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കട്ടെ! കർത്താവിന്റെ വിളി അനുസരിച്ച സ്ത്രീ, തന്റെ പൂർണ്ണ സമർപ്പണത്തിലൂടെ ശരിയായ തീരുമാനം എളുപ്പത്തിൽ എടുക്കുന്നതിൽ നമ്മെ സഹായിക്കട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group