103 സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് തീവ്രവലതുപക്ഷമായ “റീഫോം യു.കെ”

യൂറോപ്യന്‍ വന്‍കരയില്‍ വീശിയടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയ കൊടുങ്കാറ്റിന്‍റെ അലയൊലികള്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഉയര്‍ന്നുതുടങ്ങി എന്നതിന്‍റെ വ്യക്തമായ സന്ദേശം നല്‍കുന്നതാണ് യു.കെ പാര്‍ലമെന്‍റിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പ്. വെറും അഞ്ച് അംഗങ്ങളുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്കു കടന്നുവന്നിരിക്കുന്ന നൈജല്‍ ഫറാജിന്‍റെ സാന്നിധ്യത്തെയാണ് മൃഗീയഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നിരിക്കുന്ന ലേബര്‍ സര്‍ക്കാര്‍ ഇപ്പോൾ ഏറെ ഭയപ്പെടുന്നത്.

2024-ലെ പൊതു തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം പൂർത്തിയാകുമ്പോൾ ആകെയുള്ള 650 സീറ്റില്‍ 411 സീറ്റ് നേടിയാണ് ലേബര്‍ പാർട്ടി അധികാരത്തില്‍ എത്തിയിരിക്കുന്നത്. ഭൂരിപക്ഷത്തേക്കാള്‍ 86 അധികം സീറ്റുകളാണ് ലേബറിനു ലഭിച്ചിരിക്കുന്നത്. 2010 മുതല്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി (ടോറി) 121 സീറ്റുകളിലായി തകര്‍ന്നടിഞ്ഞിരിക്കുന്നു. ലേബറിന്‍റെ തിരിച്ചുവരവിനും ടോറികളുടെ തകര്‍ച്ചയ്ക്കു നടവിലും വെറും അഞ്ചു സീറ്റുകളുമായി “റീഫോം യു.കെ” എന്ന തീവ്രവലതുപക്ഷം പാര്‍ലമെന്‍റിലെത്തി എന്നത് ലേബറിനെയും ടോറികളെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്.

ബ്രിട്ടീഷ് യാഥാസ്ഥിതിക സംസ്കാരവും നിലപാടുകളും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ സംഘടന എന്ന അര്‍ത്ഥത്തിലാണ് പഴയ ടോറി അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് 1830കളില്‍ “കണ്‍സര്‍വേറ്റീവ് അസോസിയേഷന്‍” എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന വിവിധ രാഷ്ട്രീയ ചേരികളും സോഷ്യലിസ്റ്റ് ചിന്തകരും ചേര്‍ന്നാണ് കണ്‍സര്‍വേറ്റീവ് രാഷ്ട്രീയത്തിന് ബദലായി 1900ല്‍ ലേബര്‍ പാര്‍ട്ടിയും സ്ഥാപിക്കുന്നത്. ഈ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുമാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ബ്രിട്ടീഷ് രാഷ്ട്രീയത്തെയും അതിലൂടെ ലോകക്രമത്തെയും നിയന്ത്രിച്ചുവരുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം ഇന്ന് ഭീഷണിയായി മാറുന്നത് 2018-ല്‍, കേവലം ആറുവര്‍ഷം മുമ്പു ആരംഭിച്ച റീഫോം യു.കെ പാര്‍ട്ടിയാണ് എന്നത് ഏറെ കൗതുകകരമാണ്. ലേബര്‍ 34% വോട്ടുകളും കണ്‍സര്‍വേറ്റീവുകള്‍ 24% വോട്ടുകളും പിടിച്ചപ്പോള്‍ റീഫോം യു.കെ 14% വോട്ടുകളാണ് കുറഞ്ഞ കാലത്തെ പ്രവർത്തനത്തിലൂടെ കരസ്ഥമാക്കിയത്. റീഫോം യു.കെ കരസ്ഥമാക്കിയ വോട്ടുകൾ കൺസർവേറ്റീവിൻ്റെ പെട്ടിയിൽ വീഴേണ്ടവയാരിന്നു. അങ്ങനെയെങ്കിൽ 36% വോട്ട് നേടി കൺസർവേറ്റീവ് അധികാരത്തിൽ തുടരുമായിരുന്നു. ബ്രിട്ടീഷ് ജനതയുടെ കൺസർവേറ്റീവ് മനസ്സിന് മാറ്റം വന്നിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

തീവ്ര യൂറോപ്യന്‍ വാദമുന്നയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെയും സംഘടനകളെയും അകറ്റിനിര്‍ത്തി യാഥാസ്ഥിതികവും എന്നാല്‍ കൂടുതല്‍ സ്വതന്ത്രവുമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനിന്നിരുന്നത്. 1917ലെ റഷ്യന്‍ വിപ്ലവത്തിന്‍റെ സ്വാധീനത്തില്‍ യൂറോപ്പിലെ പല രാജ്യങ്ങളും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് കീഴടങ്ങുകയും അതിലൂടെ ഈ രാജ്യങ്ങളെല്ലാം യൂറോപ്പിന്‍റെ ക്രിസ്ത്യൻ സംസ്കാരത്തില്‍ നിന്ന് ഏറെ അകലുകയും ചെയ്തു. ഇത് യാഥാസ്ഥിതിക ചിന്താഗതിക്കാരെ ഏറെ ആശങ്കയില്‍ ആഴ്ത്തിയിരുന്നു. 1990കളില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍നിന്ന് യൂറോപ്പ് സ്വതന്ത്രമായെങ്കിലും ഈ ഭൂഖണ്‍ഡത്തില്‍ രൂപപ്പെട്ട ലിബറല്‍ സംസ്കാരവും മനുഷ്യാവകാശത്തിന്‍റെ പേരില്‍ യൂറോപ്പ് തുറന്നിട്ട വാതിലുകളിലൂടെ രംഗപ്രവേശം ചെയ്ത യൂറോപ്യന്‍/ക്രിസ്ത്യന്‍ വിരുദ്ധ കാഴ്ചപ്പാടുള്ള മതവിഭാഗങ്ങളെയും നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. യൂറോപ്യന്‍ സംസ്കാരവും സാഹിത്യവും ചിന്തകളും ആധുനികതയില്‍നിന്ന് അത്യന്താധുനികതയ്ക്കു വഴിമാറുമ്പോളും രാഷ്ട്രീയതലത്തില്‍ വലതുപക്ഷ ചിന്തകള്‍ ശക്തിപ്പെടുകയായിരുന്നു.

ലിബറല്‍ പാര്‍ട്ടികളും മിതവാദ യാഥാസ്ഥിതികരും മാറിമാറി ഭരിച്ചിട്ടും യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന കുടിയേറ്റവും കുടിയേറി വരുന്നവര്‍ പ്രചരിപ്പിക്കുന്ന മതമൗലികവാദവും ഭീകരവാദവും അക്രമങ്ങളും നിയന്ത്രിക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ യാഥാസ്ഥിതികര്‍ സംഘടിക്കുന്നതും തീവ്രയാഥാസ്ഥിതിക/ തീവ്രവലതുപക്ഷ ആശയങ്ങളുമായി രംഗപ്രവേശനം ചെയ്യുന്നതും. ഇത്തരം മൂവ്മെന്‍റുകള്‍ വളര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും അധികാരം പിടിച്ചടക്കിയിട്ടുണ്ട്. ഇറ്റലി, ഫിന്‍ലന്‍ഡ്, സ്ലൊവാക്യ, ഹംഗറി, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ ഇന്ന് തീവ്രവലതുപക്ഷ പാര്‍ട്ടികളാണ് ഭരിക്കുന്നത്.

നിയന്ത്രണമില്ലാതെ തുടരുന്ന കുടിയേറ്റങ്ങളുടെയും ഇസ്ലാമിക തീവ്രവാദത്തിന്‍റെയും ഫലമായി ഏറെ വിലകൊടുക്കേണ്ടിവന്ന ഫ്രാന്‍സും അധികംവൈകാതെ തീവ്രവലതുപക്ഷത്തിന്‍റെ കൈയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ തീവ്രവലതുപക്ഷം അധികാരം പിടിച്ചാല്‍ ജര്‍മ്മനി, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയും എന്നതില്‍ ആര്‍ക്കും സംശയമില്ല.

യൂറോപ്പില്‍ തീവ്രവലതുപക്ഷ ചിന്തകള്‍ക്ക് ആക്കംകൂട്ടിയ വ്യക്തിയാണ് റീഫോം യു.കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനായ നൈജൽ ഫറാജ്. രണ്ട് പതിറ്റാണ്ടുകള്‍ ബ്രിട്ടനില്‍നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗമായിരുന്നുകൊണ്ട് തീവ്രവലതുപക്ഷ ചിന്തകള്‍ക്ക് അദ്ദേഹം ആക്കംകൂട്ടുകയായിരുന്നു. യൂറോപ്യന്‍ പാര്‍ലമെൻ്റിലെ ലിബറലുകൾക്ക് ഏറെ തലവേദനസൃഷ്ടിക്കാനും ശക്തമായ പ്രതിപക്ഷസ്വരം ഉയര്‍ത്തുവാനും നൈജലിനെപ്പോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ ലീഡേഴ്സില്‍ എക്കാലത്തും ഓര്‍മ്മിക്കുവാന്‍ തക്ക സ്വാധീനമുള്ള വ്യക്തിയായിരുന്നു നൈജല്‍ ഫറാജ്.

യൂറോപ്യന്‍ പാര്‍ലമെന്‍റിലും ബ്രിട്ടനിലും നൈജല്‍ ഫറാജ് ഉയര്‍ത്തിയ തീവ്രയാഥാസ്ഥിതിക ചിന്തകളുടെ പ്രതിഫലനമാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെ റഫറണ്ടത്തിലേക്കു നയിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നതിന് റഫറണ്ടം നടത്താന്‍ തയ്യാറുണ്ടോ എന്ന് നൈജല്‍ കണ്‍സര്‍വേറ്റീവുകളെ വെല്ലുവിളിച്ചു. നൈജല്‍ ഇട്ട ചൂണ്ടയില്‍ കൊത്തിയ സര്‍ക്കാരിന് പിന്നീട് റഫറണ്ടം നടത്തുകയല്ലാതെ വെറെ വഴിയില്ലായിരുന്നു. ഒടുവില്‍ റഫറണ്ടം നടക്കുകയും യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തിറങ്ങുകയും ചെയ്തു.

നൈജല്‍ ഫറാജ് എട്ടു പ്രാവശ്യം ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും റിഫോം യു.കെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇക്കുറി ആദ്യമായിട്ടാണ് പാര്‍ലമെന്‍റില്‍ എത്തിയിരിക്കുന്നത്. മഹാഭൂരിപക്ഷവും വെള്ളക്കാരുള്ള ഇംഗ്ലീഷ് ടൗണായ ക്ലാക്ടണ്‍ മണ്ഡലത്തില്‍നിന്ന് 46% വോട്ടുകളാണ് നൈജല്‍ നേടിയത്. കണ്‍സര്‍വേറ്റീവിന് ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തില്‍ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്നുള്ളവരുടെ പിന്തുണയിലാണ് നൈജല്‍ ഫറാജ് വിജയിച്ചിരിക്കുന്നത്.

അഞ്ചുര വര്‍ഷം മാത്രം പ്രായമുള്ള റീഫോം യു.കെ പാര്‍ട്ടി 103 സീറ്റുകളില്‍ ലേബറിനു തൊട്ടുപിന്നില്‍, രണ്ടാം സ്ഥാനത്തുണ്ട്. രാജ്യത്താകമാനം നാല്‍പതു ലക്ഷം വോട്ടുകളാണ് റീഫോം യു.കെ നേടിയിരിക്കുന്നത്. വളരെ തുഛമായ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലേബര്‍ പല സീറ്റുകളിലും റീഫോം യു.കെയെ പരാജപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ കണ്‍സര്‍വേറ്റീവുകളുടെ പിന്തുണയിലാണ് നൈജര്‍ ഈ ശക്തമായ മുന്നേറ്റം നടത്തിയിരിക്കുന്നത്.

വിജയത്തിനു ശേഷം റോയിട്ടര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ നൈജല്‍ ഫറാജ് തന്‍റെ ഭാവിപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതില്‍ ലേബര്‍ പാര്‍ട്ടിക്കുള്ള എല്ലാ ഭീഷണിയുമുണ്ട്.

2029-ലെ ജനറല്‍ ഇലക്ഷനില്‍ അധികാരം പിടിക്കുവാന്‍വേണ്ടി രാജ്യത്ത് വലിയൊരു മുന്നേറ്റമാണ് തന്‍റെ പദ്ധതിയെന്നാണ് നൈജല്‍ വെളിപ്പെടുത്തിയത്. ലേബര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരെയാണ് ഇനി താന്‍ നോട്ടമിടുന്നതെന്നും ഞങ്ങള്‍ ലേബറിന്‍റെ നയങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും നൈജല്‍ പറയുന്നു. നൈജല്‍ ഫറാജ് എന്ന ഒറ്റവ്യക്തി ഉയര്‍ത്തുന്ന വെല്ലുവിളികളായിരിക്കും ലേബറിന്‍റെ മുന്നില്‍ പ്രതിസന്ധികളുയര്‍ത്താന്‍ പോകുന്നത്. അതിനാല്‍ ലേബര്‍ സര്‍ക്കാരിന്‍റെ പരമ്പരാഗതമായ ദേശീയ, അന്തര്‍ദേശീയ നയങ്ങളും കുടിയേറ്റം, അഭയാര്‍ത്ഥി വിഷയങ്ങള്‍, ഇസ്ലാമിക മൗലികവാദം, ഇസ്രായേല്‍ -പലസ്തീന്‍ വിഷയങ്ങള്‍, പുതിയ നികുതികള്‍ എന്നിവയിലുള്ള നയങ്ങള്‍ മുഴുവന്‍ നൈജലിന്‍റെ മുന്നില്‍ വിഴുങ്ങേണ്ടിവരും.

2024ലെ പാര്‍ലമെന്‍റ് ഇലക്ഷനുവേണ്ടി റീഫോം യുകെ പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രികയില്‍ ഏതെല്ലാം മേഖലകളിലാണ് തങ്ങള്‍ രാഷ്ട്ര നവീകരണങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. അത്യാവശ്യമില്ലാത്ത എല്ലാ കുടിയേറ്റങ്ങളും അവസാനിപ്പിക്കുക, യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍റെ നിയന്ത്രണത്തില്‍നിന്നും രാജ്യത്തെ പുറത്തെത്തിക്കുക, അതിലൂടെ അനധികൃത കുടിയേറ്റം പൂര്‍ണ്ണമായും തടയുക, എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുക, നികുതിദായകരുടെ പണം ഒരുവിധത്തിലും അന്യാധിനപ്പെടുന്നില്ല എന്ന് ഉറപ്പവരുത്തുക… ഇങ്ങനെ പോകുന്നു റീഫോം യു.കെയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍.

രാജ്യത്തെ എഴുപത് ലക്ഷം ആളുകളെ നികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കും എന്ന വലിയ പ്രഖ്യാപനം നല്‍കി ജനങ്ങളുടെ പിന്തുണ ഉറപ്പാക്കി അധികാരം പിടിക്കാനും അതിലൂടെ തീവ്രവലതുപക്ഷ ആശയങ്ങള്‍ നടപ്പാക്കുവാനുമാണ് നൈജല്‍ ഫറാജ് ലക്ഷ്യമിടുന്നത്.

ശക്തമായ വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഏറെ കഴിവും പ്രാപ്തിയുമുള്ള രാഷ്ട്രീയക്കാരനാണ് നൈജല്‍ ഫറാജ്. യൂറോപ്പിലെ വലതുപക്ഷ രാഷ്ട്രീയക്കാരുടെയെല്ലാം തലതൊട്ടപ്പനും അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ വിശ്വസ്തനുമാണ് അദ്ദേഹം. റീഫോം യുകെയുടെ അഭൂതപൂര്‍വ്വകമായ വളര്‍ച്ച ഈ നിലയില്‍ മുന്നോട്ടു പോയാല്‍ 2029ല്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി നൈജലിന് അധികാരത്തില്‍ വരുവാന്‍ യാതൊരു പ്രതിബന്ധവും ഉണ്ടാകില്ല. കണ്‍സര്‍വേറ്റീവുകളുടെ വലിയ പിന്തുണ ഇപ്പോള്‍ തന്നെ നൈജലിന് ഉള്ളതിനാല്‍ കണ്‍സര്‍വേറ്റീവുകള്‍ റീഫോം യുകെയില്‍ ലയിക്കുകയോ നൈജലിനെ ഉള്‍പ്പെടുത്തി കണ്‍സര്‍വേറ്റീവിസം ശക്തിപ്പെടുത്തുവാനോ സാധ്യതയുണ്ടെന്നു നിരീക്ഷിക്കുന്നവരുണ്ട്. അതോടൊപ്പം ലേബര്‍ കാഴ്ചപ്പാടുള്ളവരുടെ ഒരുകൈ സഹായവും കൂടെ ലഭിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ പരമ്പരാഗത രാഷ്ട്രീയം യൂറോപ്പില്‍ ശക്തിപ്പെടുന്ന തീവ്രവലതുപക്ഷത്തേക്കു നീങ്ങിയെന്നുവരാം. മതമൗലികവാദവും കുടിയേറ്റവും ബ്രിട്ടനെ വരിഞ്ഞുമുറുക്കുന്നത് കണ്ട് നെടുവീര്‍പ്പെടുന്നവര്‍ക്ക് നൈജലിന്‍റെ പാര്‍ലമെന്‍റ് അംഗത്വം ചെറിയ ആശ്വസമൊന്നുമല്ല നല്‍കിയിരിക്കുന്നത്.

കടപ്പാട് : മാത്യു ചെമ്പൂകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group