കുരിശടയാളം വരയ്ക്കുക വളരെ ലളിതമായ ഒരു വിശ്വാസപ്രഖ്യാപനം ആണെങ്കിലും അതുവഴി ലഭിക്കുന്ന ദൈവ കൃപകൾ അനവധിയാണ് .
1.ദൈവകൃപയിലേക്കുള്ള തുറവിയാണ് ഓരോ കുരിശുവരയും..
കുരിശടയാളം വരക്കുമ്പോൾ ദൈവാനുഗ്രഹം സ്വീകരിക്കാനും ദൈവകൃപയോട് സഹകരിക്കാനും ഞാൻ സന്നദ്ധനാണ് എന്ന് ഒരുവൻ ഏറ്റു പറയുകയാണ് ചെയ്യുക.
2.ദിവസത്തെ വിശുദ്ധീകരിക്കുന്നു
ദിവസത്തിൽ പല തവണ കുരിശടയാളം വരയ്ക്കുമ്പോൾ ദിവസത്തിന്റെ ഓരോ വിനാഴിക കളിലും നാം വിശുദ്ധീകരിക്കപ്പെടുന്നു.തെർത്തുല്യൻ ഇപ്രകാരം എഴുതുന്നു “ഓരോ ചുവടിലും ചലനത്തിലും, പുറത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും വസ്ത്രവും ചെരിപ്പും ധരിക്കുമ്പോഴും കുളിക്കുമ്പോഴും, ഇരിക്കുമ്പോഴും, വിളക്ക് തെളിക്കുമ്പോഴും ഉറങ്ങുമ്പോഴും ദിവസത്തിലെ എല്ലാ ചെയ്തികൾക്ക് മുമ്പും നെറ്റിയിൽ കുരിശടയാളം വരയ്ക്കണം”.
3.ക്രിസ്തുവിന്റെ മനുഷ്യവതാരം ഓർമ്മിപ്പിക്കുന്നു.
കുരിശു വരയ്ക്കുമ്പോൾ നമ്മുടെ കൈകളുടെ ചലനം താഴോട്ടാണ് നെറ്റിയിൽ നിന്ന് മാറിടത്തിലേക്ക്. ഇത് ക്രിസ്തു സ്വർഗ്ഗസിംഹാസനത്തിൽ നിന്നു സ്വയം താഴ്ന്ന് ഭൂമിയിൽ മനുഷ്യവതാരം ചെയ്തതിനെയാണ് സൂചിപ്പിക്കുക.ഇന്നസെന്റ് മൂന്നാം മാർപാപ്പയുടെ വീക്ഷണത്തിൽ കുരിശടയാളം വരയ്ക്കുമ്പോൾ രണ്ട് വിരലുകൾ ചേർത്തു പിടിക്കുമ്പോൾ ക്രിസ്തുവിന്റെ ദൈവ സ്വഭാവത്തെയും മനുഷ്യ സ്വഭാവത്തെയുമാണ് നാം ഓർമ്മിക്കുക.
4.ജീവിതം മുഴുവൻ ക്രിസ്തുവിനു സമർപ്പിക്കുന്നു
കുരിശു വരയ്ക്കാനായി നമ്മുടെ കരങ്ങൾ നെറ്റിയിലും ഹൃദയത്തിലും ഇരു തോളുകളിലും സ്പർശിക്കുമ്പോൾ, നമ്മുടെ ശരീരത്തിനും, മനസ്സിനും, വിചാരങ്ങൾക്കും, ആഗ്രഹങ്ങൾക്കും വേണ്ട ദൈവാനുഗ്രഹം ചോദിക്കുകയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കുരിശടയാളം നമ്മുടെ ശരീരവും ആത്മാവും മനസ്സും ഹൃദയവും ക്രിസ്തുവിനു സമർപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ജർമ്മൻ ദൈവശാസ്ത്രജ്ഞനായ റോമാനോ ഗ്വാർഡിനിയുടെ (Romano Guardini) അഭിപ്രായത്തിൽ “നിങ്ങളുടെ ജീവിതം മുഴുവനും – ശരീരം, ആത്മാവ്, മനസ്സ്, ഇച്ഛാശക്തി, ചിന്തകൾ, വികാരങ്ങൾ, നിങ്ങളുടെ ചെയ്തികളും – കുരിശിനാൽ മുദ്ര ചെയ്യുമ്പോൾ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ക്രിസ്തുവിന്റെ ശക്തി നിങ്ങളെ ബലപ്പെടുത്തുകയും പവിത്രീകരിക്കുകയും ചെയ്യുന്നു.
5.കർത്താവിന്റെ പീഡാനുഭവം സ്മരിക്കുന്നു.
അടിസ്ഥാനപരമായി ഓരോ കുരിശടയാളവും ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണ നമ്മിൽ ഉണർത്തുന്നു. കൈ തുറന്ന് അഞ്ചു വിരലുകളും ഉപയോഗിച്ച് കുരിശ് വരയ്ക്കുമ്പോൾ ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളിലുള്ള പങ്കു ചേരലാണ്.
6.പരിശുദ്ധ ത്രിത്വത്തെ അംഗീകരിക്കുന്നു
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ കുരിശു വരയ്ക്കുമ്പോൾ ത്രീയേക ദൈവത്തിലുള്ള വിശ്വാസം അംഗീകരിച്ച് ഏറ്റുപറയുകയാണ്. മൂന്നു വിരലുകൾ കൂട്ടി ചേർത്ത് കുരിശ് വരയ്ക്കുമ്പോൾ ഈ രഹസ്യം പ്രഘോഷിക്കുകയാണന്നു ഇന്നസെന്റ് മൂന്നാമൻ മാർപാപ്പാ പഠിപ്പിക്കുന്നു.
7.നമ്മുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ.
ക്രിസ്തുവിന്റെ മനുഷ്യാവതാരം, കുരിശുമരണം, പരിശുദ്ധ ത്രിത്വം എന്നി വിശ്വാസ സത്യങ്ങൾ കുരിശടയാളത്തിലൂടെ പരസ്യമാക്കുമ്പോൾ അത് വാക്കിലും പ്രവർത്തിയിലുമുള്ള ഒരു വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാകുന്നു
8. ക്രിസ്തുവിനൊപ്പം നമ്മളും ക്രൂശിക്കപ്പെടുന്നു.
ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് പിന്നാലെ വരണമെന്ന് യേശു ശിഷ്യന്മാരോട് പറയുന്നു (മത്താ: 16:24). വി. പൗലോസ് ക്രിസ്തുവിനോടു കൂടി ഞാൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു (ഗലാ: 2:19). കുരിശടയാളം കുരിശു ജീവിതത്തോടുള്ള മനസമ്മതമാണ്.
9. നമ്മുടെ മാമ്മോദീസായെ വീണ്ടും പുതുക്കുന്നു
നാം മാമ്മോദീസാ സ്വീകരിച്ച അതേ വാക്കുകളാൽ നാം കുരിശടയാളം വരയ്ക്കുമ്പോൾ നമ്മുടെ മാമ്മോദീസാ യെ വീണ്ടും നാം അംഗീകരിക്കുകയും സാംശീകരിക്കുകയും ചെയ്യുന്നതായി ബനഡിക്ട് പതിനാറാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
10.ക്രിസ്തുവിനാൻ നാം പുനർ നിർമ്മിക്കപ്പെടുന്നു.
കൊളോസോസുകാർക്കുള്ള ലേഖനം മൂന്നാം അധ്യായത്തിൽ പൗലോസ് ശ്ലീഹാ പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിൻ. സമ്പൂർണ്ണജ്ഞാനം കൊണ്ട് സ്രഷ്ടാവിന്റെ പ്രതിച്ഛായക്ക് അനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ എന്നുപദേശിക്കുന്നു.(കൊളോ 3:9-10 ).
സഭാപിതാക്കമാർ കുരിശിൽ ഈശോയുടെ വസ്ത്രം ഉരിയുന്നതും ഈ വാക്യവും തമ്മിൽ ഒരു ബന്ധം കാണുന്നു. പഴയ മനുഷ്യനെ ചെയ്തികളോടെ നിഷ്കാസനം ചെയ്യുന്നതും പുതിയ മനുഷ്യനെ ധരിക്കുന്നതുമായ കൂദാശയാണ് മാമോദീസാ.
അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ ബേർട്ട് ഗേസ്സിയുടെ ( Bert Ghezzi) അഭിപ്രായത്തിൽ കുരിശടയാളം ക്രിസ്തുവിന്റെ കുരിശിലുള്ള വസ്ത്രം ഉരിയലിന്റെ പരിത്യക്തതയിലും, അവന്റെ ഉത്ഥാനത്തിന്റെ മഹത്വത്തിലുള്ള പുതിയ മനുഷ്യനെ ധരിക്കുന്നതിലുള്ള പങ്കാളിത്തവുമാണ്…
ക്രൂശിതനെ ഏറ്റു പറയുന്നതിൽ മടികാണിക്കതെ കുരിശ് നമ്മുടെ ശക്തമായ മുദ്രയായി ധരിക്കാം.. വിശുദ്ധ കുരിശിന്റെ മുദ്രയാൽ നാം സംരക്ഷിതരായിത്തീരട്ടെ… ,
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group