എസ്എംഐ കോൺഗ്രിഗേഷന്റെ കീഴിൽ നാല് പതിറ്റാണ്ടുകളിലേറെയായി മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ചേർത്തല എസ്എച്ച് നഴ്‌സിംഗ് കോളേജിനെതിരെ കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്നുവരുന്ന മാധ്യമപ്രചാരണങ്ങൾ ദൗർഭാഗ്യകരമാണ്. ഉയർന്ന നിലവാരം പുലർത്തുന്ന നഴ്‌സിംഗ് കോളേജുകളിൽ ആദ്യ പത്തെണ്ണത്തിൽ ഉൾപ്പെടുന്ന കോളേജാണ് ചേർത്തല എസ്എച്ച് നഴ്‌സിംഗ് കോളേജ്. കോളേജ് മാനേജ്‌മെന്റിനെതിരെ ചില വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് KNMC യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ചില നിർദ്ദേശങ്ങൾ മാനേജ്‌മെന്റിന് നല്കുകയുമുണ്ടായിരുന്നു. മാത്രമല്ല, പിടിഎ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവരുമായി കോളേജ് മാനേജ്‌മെന്റ് ചർച്ചകൾ നടത്തുകയും പരാതികളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുകയുമുണ്ടായിരുന്നു. KNMC പ്രതിനിധികൾ മുഖ്യമായി നൽകിയ നിർദ്ദേശങ്ങൾ ഇനിപ്പറയുന്നവയാണ്. ഒന്നാമതായി, മുഖ്യമായും പരാതിയുയർന്ന കോളേജ് വൈസ് പ്രിൻസിപ്പലിനെ താൽക്കാലികമായി – അന്വേഷണവിധേയമായി – മാറ്റി നിർത്തുക; രണ്ടാമതായി, നിശ്ചിത കാലയളവിൽ എല്ലാ നഴ്‌സിംഗ് കോളേജുകളും അഫിലിയേഷന് വീണ്ടും അപേക്ഷിക്കേണ്ടതുള്ളതിനാൽ, ഇനി ആപ്ലിക്കേഷൻ നൽകുന്നതിന് മുമ്പ് പരാതികൾ പരിഹരിക്കുക. മെയ്‌മാസം പത്താം തിയ്യതി നടന്ന ചർച്ചയ്ക്കു ശേഷം, പിറ്റേദിവസം, മെയ് പതിനൊന്നിന് തന്നെ വൈസ് പ്രിൻസിപ്പലിനെ കോളേജ് മാനേജ്‌മെന്റ് മാറ്റുകയുണ്ടായിരുന്നു. പൂർണ്ണമായ സഹകരണമാണ് ഈ ദിവസങ്ങളിൽ കോളേജിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
എന്നാൽ, മെയ് 13, 14 ദിവസങ്ങളിലായി ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. കോളേജിന്റെ അഫിലിയേഷൻ KNMC റദ്ദാക്കി, വൈസ്പ്രിൻസിപ്പാളിന്റെ നഴ്‌സിംഗ് രജിസ്‌ട്രേഷൻ റദ്ദ് ചെയ്തു എന്നിങ്ങനെയാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകുകയുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെയും യാതൊരുവിധ വിശദീകരണവും രേഖാമൂലം KNMC കോളേജ് മാനേജ്‌മെന്റിന് നൽകിയിട്ടില്ല എന്നിരിക്കെയാണ് ഇത്തരം പ്രചാരണങ്ങൾ പുരോഗമിക്കുന്നത്. അഫിലിയേഷൻ റദ്ദാക്കി എന്ന പ്രചരണം പൂർണ്ണമായും വാസ്തവവിരുദ്ധമാണ്. വൈസ് പ്രിൻസിപ്പലിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനോ, സസ്‌പെൻഡ് ചെയ്യാനോ ഉള്ള അധികാരം നഴ്‌സിംഗ് കൗൺസിലിന് ഇല്ല എന്നുള്ളതാണ് മറ്റൊരു വാസ്തവം. തല്ക്കാലം മാറ്റിനിർത്താൻ കോളേജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടാൻ മാത്രമാണ് KNMC യ്ക്ക് കഴിയുക.
ഈ വിഷയവുമായി ബന്ധപ്പെട്ട് ചില തൽപരകക്ഷികൾ പ്രചരിപ്പിച്ച വ്യാജവാർത്തകളാണ് മുഖ്യധാരാ മാധ്യമങ്ങൾ പോലും മുഖ്യമായും ആധാരമാക്കിയിട്ടുള്ളത്. ചട്ടവിരുദ്ധമായി തെറ്റിദ്ധാരണാജനകമായ രീതിയിൽ KNMC അധികൃതർ മാധ്യമങ്ങളോട് സംസാരിച്ചതും പ്രതിഷേധാത്മകമാണ്. പ്രമുഖ മാധ്യമങ്ങൾതന്നെയും തികച്ചും വാസ്തവവിരുദ്ധമായ ആരോപണങ്ങൾ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിരുന്നത് സംശയജനകമാണ്. മാനേജ്‌മെന്റ് കർശനമായ നിലപാടുകൾ സ്വീകരിച്ചു എന്ന ആരോപണമാണ് മുഖ്യമായും ചില വിദ്യാർത്ഥികൾ ഉയർത്തുകയുണ്ടായത്. ഒരുമണിക്കൂറിൽ കൂടുതൽ മൊബൈൽ ഉപയോഗിക്കാൻ അനുമതി നൽകുന്നില്ല; സാധാരണ അവധി ദിവസങ്ങളിൽ വീട്ടിൽ പറഞ്ഞയക്കുന്നില്ല; പട്ടണത്തിൽ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിക്കുന്നില്ല എന്നിങ്ങനെയുള്ള ആരോപണങ്ങളായിരുന്നു പ്രധാനം. കത്തോലിക്കാ സന്യാസിനിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതുകൊണ്ടും, ഇത്തരം കാര്യങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതുകൊണ്ടുമാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും ഈ സ്ഥാപനങ്ങളിൽ ധൈര്യത്തോടെ കുട്ടികളെ പറഞ്ഞയക്കുന്നത് എന്നുള്ളതാണ് വാസ്തവം. എസ്എച്ച് നഴ്‌സിംഗ് കോളേജിലെ പിടിഎ അംഗങ്ങളുടെ ആവശ്യവും ഇത്തരം കാര്യങ്ങളിൽ കർശന നിലപാടുകൾ മാനേജ്മെന്റ് സ്വീകരിക്കണം എന്നുള്ളതുതന്നെയായിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അപൂർവ്വം ചില വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള ആരോപണങ്ങൾ മാത്രമാണ് ഇവിടെ ഉയർത്തിക്കാണിക്കപ്പെട്ടത്.
സമീപകാലങ്ങളിലായി ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ചില തൽപരകക്ഷികൾ നടത്തിവരുന്ന സോഷ്യൽമീഡിയ അതിക്രമങ്ങളുടെയും മാധ്യമ വിചാരണകളുടെയും തുടർച്ചയായി മാത്രമേ ഈ സംഭവത്തെയും വിലയിരുത്താൻ കഴിയൂ. ഇക്കാലത്ത് തുടർച്ചയായി നടക്കുന്ന ഇത്തരം അതിക്രമങ്ങൾ തികച്ചും അപലപനീയവും, സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതുമാണ്.
– വോയ്സ് ഓഫ് നൻസ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group