കണ്ണൂർ : വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിലെ ഗ്രോട്ടോയും തിരുസ്വരൂപവും സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു.
തലശേരി അതിരൂപതയ്ക്കു കീഴിലുള്ള കാക്കയങ്ങാട് ഉളിപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും നേരെയാണ് ആക്രമണം നടന്നത്.
തിരുസ്വരൂപവും ഗ്രോട്ടോയും കോൺക്രീറ്റ് നിർമ്മിതമായതിനാൽ കരിഞ്ഞ നിലയിലാണ്.
സംഭവം ഇതുവഴി കടന്നുപോയ പച്ചക്കറി വാഹനത്തിന്റെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി തീയണച്ചശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മുഴക്കുന്ന് പോലീസ്, തീയിടാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പെട്രോൾ കൊണ്ടുവന്ന കുപ്പി സ്ഥലത്തുനിന്ന് കണ്ടെത്തി.
എടത്തൊട്ടി സെന്റ് വിൻസെന്റ് ഇടവകയുടെ കീഴിലുള്ളതാണ് 25 വർഷത്തിലധികം പഴക്കമുള്ള തീർത്ഥാടന ദേവാലയം.
എടത്തൊട്ടി ദേവാലയ വികാരി ഫാ. രാജു ചൂരക്കലിന്റെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരാവൂർ ഡിവൈഎസ്പി എ.വി. ജോൺ, മുഴക്കുന്ന് എസ്എച്ച്ഒ സന്തോഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ. ജോസഫ് പാംപ്ലാനി, ഡോ. വി. ശിവദാസൻ എംപി, സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ, ഫാ. ജേക്കബ് വെണ്ണായിപ്പള്ളിൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group