കേരളത്തിന്റെ മദ്യനയം അധാർമ്മികം

    മദ്യം പലവിധ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുന്ന പതിവുകാഴ്ചകൾക്കിടയിൽ കേരളസർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്യത്തെയും അനുബന്ധ സംവിധാനങ്ങളെയും പരിധിവിട്ട് ഉദാരവൽക്കരിച്ചിരിക്കുന്ന പുതിയ മദ്യനയം ഈ സർക്കാരിന്റെ മുൻ നയപ്രഖ്യാപനങ്ങൾക്കും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കും വിരുദ്ധമാണ്. കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദങ്ങളിലൊന്ന് അത് തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് എന്നുള്ളതാണ്. അതേസമയം, മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്ന മറ്റൊരു വാഗ്ദാനത്തെ നഗ്നമായി ലംഘിക്കുകയാണ് ഈ പുതിയ മദ്യനയത്തിലൂടെ. ധനസമ്പാദനം മാത്രം ലക്ഷ്യംവച്ച് സ്വീകരിക്കപ്പെടുന്ന ഇത്തരം നിലപാടുകളും നയങ്ങളും സംസ്ഥാനത്തെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും എന്നുളളതിന് സംശയമില്ല. വ്യക്തമായ ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങൾ ഈ നയപ്രഖ്യാപനത്തിനും സർക്കാരിന്റെ നിലപാടുകൾക്കും പിന്നിലുണ്ട്.

    ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തേഴാം ആർട്ടിക്കിൾ അനുസരിച്ച്, മദ്യം ഉൾപ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപാനീയങ്ങൾ നിയന്ത്രിക്കുവാനും, അവയുടെ ഉപഭോഗം കുറച്ചുകൊണ്ടുവരുവാനുമുള്ള ഉത്തരവാദിത്തം സംസ്ഥാനസർക്കാരുകളിൽ നിക്ഷിപ്തമാണ്. എന്നാൽ, കണക്കുകൾ പ്രകാരം നികുതിയിൽനിന്ന് കേരളത്തിന് നേരിട്ട് ലഭിക്കുന്ന വരുമാനത്തിൽ മുപ്പത് ശതമാനമോ അതിലേറെയോ മദ്യത്തിൽനിന്നാണ്. ആ വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾ മാറിവരുന്ന സർക്കാരുകൾ മദ്യനയത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിവരുന്നു. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തിലും ഇത്തരമൊരു നീക്കം പ്രകടമാണ്.

    മദ്യ ഉപഭോഗത്തിന്റെ സാമൂഹികമായ പ്രത്യാഘാതങ്ങളും, രാഷ്ട്രീയ മാനങ്ങളും ചേർത്തുവച്ച് വായിക്കുമ്പോൾ, നാം തുറന്നുചിന്തിക്കേണ്ട ചില വിഷയങ്ങൾ അതിലുണ്ടെന്ന് കാണാം. ഒരു വലിയ സമൂഹത്തെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന പരോക്ഷമായ കരങ്ങൾ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും നമ്മുടെ നിലനിൽപ്പിൻറെ തന്നെ ആവശ്യമായി മാറുന്നു.

    വരുമാനത്തിനായി മദ്യത്തെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ട്?

    കണക്കുകൾ പ്രകാരം കോവിഡിന് മുമ്പത്തെ സാമ്പത്തികവർഷത്തിൽ കേരളത്തിന് മദ്യത്തിൽനിന്ന് ലഭിച്ച നികുതിവരുമാനം 14505 കോടി രൂപയാണ്. ആ വരുമാനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വളരെ നിർണ്ണായകമായിരുന്നു. തുടർന്നുള്ള രണ്ട് സാമ്പത്തികവർഷങ്ങളിൽ കോവിഡ് രോഗബാധ മദ്യക്കച്ചവടത്തെയും ദോഷകരമായി ബാധിച്ചതിനാൽ ഈ വർഷങ്ങളിലെ കണക്കുകൾ വിശകലനം ചെയ്യുന്നതിൽ അർത്ഥമില്ല. എന്നാൽ, പുതിയൊരു സാമ്പത്തിക വർഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നതിൽനിന്ന് വ്യക്തമാകുന്നത് മദ്യത്തിൽനിന്നുള്ള വരുമാനം ഇനിയും വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നുള്ളതാണ്.

    മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും എന്ന് ജനങ്ങൾക്ക് ഉറച്ച വാഗ്ദാനം നൽകിയ പാർട്ടി അധികാരത്തിൽ വന്നപ്പോൾ മദ്യവരുമാനം കൂടാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന നിലപാട് കൂടുതൽ ഉറപ്പിക്കുന്നതിലെ വൈരുദ്ധ്യം വളരെ വലുതാണ്. സ്വാഭാവികമായ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുന്നതിനപ്പുറം, വിൽപ്പനയും വരുമാനവും വർദ്ധിപ്പിക്കാൻ കുതന്ത്രങ്ങൾ ഉപയോഗിക്കുകയും ടാക്‌സിന്റെ പേരിൽ കൊള്ളലാഭം കൊയ്യുകയും ചെയ്യുന്ന പ്രവണത തികച്ചും അധാർമ്മികമാണെന്ന് പറയാതെ വയ്യ! ലോകത്ത് മറ്റൊരു സർക്കാരും ഇത്തരത്തിൽ മദ്യവിൽപ്പനയെ നിലനില്പിനുള്ള മാർഗ്ഗമായി കാണുന്നുണ്ടാവില്ല എന്ന് തീർച്ച.

    കേരളത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ സാദ്ധ്യതകൾ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ വലുതാണ്. കാർഷിക മേഖലയിലും, വിനോദസഞ്ചാര രംഗത്തും, ഐടി, വ്യവസായം തുടങ്ങിയ മറ്റ് ഒട്ടേറെ മേഖലകളിലുമുള്ള കേരളത്തിന്റെ സാധ്യതകളെ ഒരുകാലത്തും വേണ്ടവിധത്തിൽ ഉപയോഗിക്കാനുള്ള ശ്രമം ഉണ്ടായിട്ടുള്ളതായി കാണാനാവില്ല. എണ്ണമറ്റ പ്രഖ്യാപനങ്ങളും പദ്ധതികളും കടലാസ്സിൽ മാത്രം ഒതുങ്ങിയിട്ടുള്ളതായി കാണാം. ഘട്ടം ഘട്ടമായി കേരളത്തിലെ കർഷകർ കൃഷിയിൽ ആത്മവിശ്വാസമില്ലാത്തവരായി മാറിയപ്പോഴും, ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഇടുങ്ങിക്കൊണ്ടിരുന്നപ്പോഴും ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. വെറുമൊരു ഉപഭോഗ സംസ്ഥാനം മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ശമ്പളം, പെൻഷൻ തുടങ്ങിയ അടിസ്ഥാന ചെലവുകൾക്കായി മാത്രം ഒരു വർഷം വേണ്ടത് എഴുപത്തയ്യായിരം കോടിയോളം രൂപയാണ്.

    വാസ്തവത്തിൽ പ്രാഥമിക ചെലവുകൾക്കുള്ള ധനം കണ്ടെത്താൻ പോലും ബുദ്ധിമുട്ടുന്ന ദയനീയമായ ഒരു സാമ്പത്തിക അവസ്ഥയാണ് ഇന്നത്തെ കേരളത്തിന്റേത്. മദ്യത്തിൽ നിന്നും ലോട്ടറിയിൽനിന്നും പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുമുള്ള നികുതിവരുമാനത്തെ അമിതമായി ആശ്രയിക്കേണ്ടതായി വരുന്നത് അതുകൊണ്ടാണ്. ഇത്തരത്തിൽ അപമാനകരമായ രീതിയിൽ എങ്ങനെയും പണം കണ്ടെത്തേണ്ടതായി വന്നിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിലാണ് ഒന്നരലക്ഷം കോടി രൂപ ബാധ്യത വന്നേക്കാവുന്ന കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നുള്ളതാണ് പ്രധാന വിരോധാഭാസം.

    കൂടുതൽ വരുമാനത്തിന് കുറുക്കുവഴികൾ

    നനഞ്ഞിടം കുഴിയ്ക്കുക എന്ന വികലമായ തത്വത്തിനപ്പുറം മറ്റൊന്നുമല്ല കേരളസർക്കാരിന്റെ മദ്യനയത്തിന്റെ അടിത്തറ. കണക്കുകൾ പ്രകാരം, കേരളത്തിലെ മദ്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011 മുതൽ 2016 വരെയുള്ള അഞ്ചു വർഷത്തെ അപേക്ഷിച്ച് 2021 വരെയുള്ള വർഷക്കാലത്തെ മദ്യ വിൽപ്പനയിൽ 113 ലക്ഷം കെയ്‌സ് കുറവുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ. വരും വർഷങ്ങളിൽ വീണ്ടും കുറയുമെന്ന് നിശ്ചയം. എന്നാൽ, മദ്യത്തിൽനിന്നുള്ള വരുമാനം കുറയാതിരിക്കാനും കഴിയുമെങ്കിൽ വർദ്ധിപ്പിച്ചു കൊണ്ടുവരാനും സർക്കാർ കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ മദ്യ ഉപഭോഗം കുറഞ്ഞുവരികയാണ് ഉണ്ടായിട്ടുള്ളതെങ്കിലും വരുമാനം വർദ്ധിച്ചിരുന്നതായാണ് കണക്കുകൾ. 2018 – 19 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 1568 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിരുന്നു. മദ്യ ഉപഭോഗം കുറയുന്നു എന്നുള്ള “പ്രതിസന്ധിയെ” ഏതുവിധേനയും മറികടക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്താനുദ്ദേശിക്കുന്നത് എന്ന് പുതിയ മദ്യനയത്തിൽനിന്ന് വ്യക്തമാണ്.

    ഐ.ടി പ്രൊഫഷനുകൾക്ക് ഉല്ലസിക്കാൻ അവസരമൊരുക്കുക എന്ന വാദമുയർത്തി ഐ.ടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള തീരുമാനം അപഹാസ്യമാണ്. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ എന്ന പേരിൽ കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാനുള്ള പദ്ധതികളും അപ്രകാരം തന്നെ. വാസ്തവത്തിൽ ഇത്തരം വിവിധ മേഖലകളിലുള്ള സർക്കാർ ഇടപെടലുകൾ പലരീതികളിലും ഉണ്ടാകേണ്ടതുണ്ട്. പ്രധാനമായി വിവിധ സംരംഭങ്ങൾക്ക് സർക്കാർ കൈത്താങ്ങ് ആകേണ്ടത് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിയും, പശ്ചാത്തല സൗകര്യങ്ങൾ ക്രമീകരിച്ചുകൊണ്ടുമാണ്. ഇവിടെ പണിമുടക്കുകളും രാഷ്ട്രീയ ഇടപെടലുകളും അഴിമതിയും കൂടാതെ തൊഴിൽചെയ്ത് ജീവിക്കാനുള്ള സൗകര്യമാണ് സർക്കാർ ഉറപ്പുവരുത്തേണ്ടത്. ബഹുഭൂരിപക്ഷം കർഷകർക്കും വികലമായ സർക്കാർ നയങ്ങളും അനാസ്ഥയും മൂലം കൃഷിചെയ്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. വന്യമൃഗ ശല്യം പോലുള്ള കടുത്ത പ്രതിസന്ധികളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

    ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നു എന്നുവരുന്നത് സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യങ്ങളുമായി വിവിധ മേഖലകളെ ബന്ധിപ്പിക്കുമ്പോഴല്ല, അവർക്കായുള്ള യഥാർത്ഥ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ്. പദ്ധതികൾക്കും തീരുമാനങ്ങൾക്കും പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയരാൻ പ്രധാന കാരണം, ഭരണകൂടത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള സംശയങ്ങൾ സമൂഹത്തിൽ സജീവമാണ് എന്നതിനാലാണ്.

    ഗൗരവമായ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ

    മദ്യത്തിന്റെ ഉപയോഗികുന്നവരുടെ എണ്ണത്തിൽ മറ്റു പ്രധാന സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ് കേരളം. തെലുങ്കാനയിൽ പുരുഷന്മാരിൽ 43.3 ശതമാനവും മദ്യപിക്കുന്നവരാണ് എങ്കിൽ കേരളത്തിൽ അത് 19.9 ശതമാനം മാത്രമാണ്. ദിവസവേതന തൊഴിലാളികളും, പാവപ്പെട്ടവരുമാണ് കേരളത്തിൽ കൂടുതലായും സ്ഥിരമായും മദ്യപിക്കുന്നവരിൽ ബഹുഭൂരിപക്ഷവും എന്നുള്ളതാണ് മറ്റൊരു വാസ്തവം. കേരളത്തിലെ ചെറിയൊരു ശതമാനം വരുന്ന, നിത്യവൃത്തിക്കായി കൂടുതൽ കഷ്ടപ്പെടേണ്ടിവരുന്ന ഒരു വിഭാഗമാണ് ഇത്രമാത്രം മദ്യം കുടിച്ചുതീർക്കുന്നത് എന്ന യാഥാർത്ഥ്യത്തെ നാം കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. അമിത മദ്യപാനത്തിന്റെ ഇരകളാണ് ഏറെയും. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും, സാമ്പത്തിക തകർച്ചയും, കുടുംബ ബന്ധങ്ങളിലെ തകർച്ചയും, സാമൂഹിക പ്രശ്നങ്ങളും ഏറ്റവും കൂടുതൽ കേരളത്തിലാണ് എന്നുള്ളതിൽ തർക്കമില്ല. കേരളത്തിന്റെ ക്രൈം റേറ്റ് എല്ലായ്പ്പോഴും ഉയർന്നു നിൽക്കുന്നതിൽ മദ്യത്തിനുള്ള പങ്ക് വളരെ വലുതാണ്. എറിയപങ്ക് ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ മദ്യത്തിന് പ്രധാന സ്ഥാനമുണ്ട്.

    മാറിവരുന്ന ഭരണകൂടങ്ങളുടെ അശാസ്ത്രീയവും അപക്വവുമായ നയങ്ങളും തീരുമാനങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നവയെന്ന് ഒട്ടേറെ മുന്നറിയിപ്പുകൾ പല തുറകളിൽനിന്ന് ഉണ്ടായിട്ടും, അത്തരം നയങ്ങളുടെ തുടർച്ചയായ ദുരിതങ്ങൾ രൂക്ഷമാകുന്നു എന്നീ തിരിച്ചറിവുകൾ ഉണ്ടായിട്ടും വേണ്ടവിധത്തിൽ ഇത്തരം വിഷയങ്ങൾ ചർച്ചയാകാറില്ല. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന വേഗതയിൽത്തന്നെ കെട്ടടങ്ങുന്ന പ്രതിഭാസമാണ് പതിവായി കാണാറുള്ളത്. കൂടുതൽ ഉദാരവൽക്കരിക്കപ്പെട്ട പുതിയ മദ്യനയവും അതിന് പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങളും സംബന്ധിച്ച് ആഴമുള്ള ചർച്ചകൾ നടത്താനും നിലപാടുകളിൽ മാറ്റംവരുത്താൻ ഭരണ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും പ്രബുദ്ധരായ മലയാളികൾ തയ്യാറാകണം. ബൗദ്ധിക സാഹിത്യ – കലാരംഗങ്ങളിലെ പ്രമുഖരും, സാമ്പത്തിക വിദഗ്ധരും, സാമൂഹിക പ്രവർത്തകരും, ഭരണകൂട നിലപാടുകളെ സ്വാധീനിക്കാൻ കഴിവുള്ളവരും നിശബ്ദത വെടിഞ്ഞ് ഈ വിഷയം ഗൗരവമായെടുക്കുകയും ഇടപെടലുകൾക്ക് തയ്യാറാവുകയും വേണം.

    പാവപ്പെട്ടവരുടെ ദൗർബ്ബല്യങ്ങളെ മുതലെടുത്ത് മദ്യവിൽപ്പന നടത്തി അധാർമ്മികമായ കൊള്ളലാഭം നികുതിയുടെ രൂപത്തിൽ നേടിയെടുക്കുന്ന പ്രവണതയുടെ പ്രത്യാഘാതം വിവരണാതീതമാണ്. ഒരുപക്ഷെ മദ്യവിൽപ്പനയിൽ നിന്ന് ഉണ്ടാക്കുന്ന വരുമാനത്തേക്കാൾ കൂടുതലായിരിക്കാം അനുബന്ധ രോഗ ചികിത്സയ്ക്കായി ചെലവഴിക്കപ്പെടുന്ന തുക. മദ്യം മൂലമുണ്ടാകുന്ന ആരോഗ്യ തകർച്ചകളെയും, ജീവനാശത്തെയും, അക്രമ സംഭവങ്ങളെയും നഷ്ടക്കണക്കിൽ ഉൾപ്പെടുത്തിയാൽ ചിത്രം അതിഭീകരമാകും. ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താനും അത്തരം പഠനങ്ങളുടെ വെളിച്ചത്തിൽ നയരൂപീകരണങ്ങൾ നടത്താനും സർക്കാർ തയ്യാറാകണം.

    ഡോ. മൈക്കിൾ പുളിക്കൽ
    സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group