കേരള ക്രൈസ്തവ സമൂഹം: ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും

ഡിസംബർ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ വിവിധ വെല്ലുവിളികൾ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങൾക്ക് സവിശേഷമായ പരിഗണനയും പിന്തുണയും നൽകാൻ വിവിധ ലോകരാജ്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുവരുന്നത്. ആ പരിഗണനയും പരിരക്ഷയും ദുർബ്ബലവിഭാഗങ്ങൾക്കുള്ള അവകാശമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണം സംബന്ധിച്ച ലക്ഷ്യങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1992 മുതൽ എല്ലാവർഷവും ഡിസംബർ 18 ന് ന്യൂനപക്ഷാവകാശ ദിനമായി ലോകരാജ്യങ്ങൾ ആചരിച്ചുവരുന്നു. “വൈവിധ്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും ആഘോഷം” (Celebrating Diversity and Inclusion) ആണ് 2023 ലോക ന്യൂനപക്ഷാവകാശ ദിനത്തിന്റെ തീം.

ക്രൈസ്തവ ന്യൂനപക്ഷവും ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടും

കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള വിചിന്തനം ഈ പശ്ചാത്തലത്തിൽ യുക്തമാണ്. പ്രതിവർഷം ആനുപാതികമായി ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ ക്രൈസ്തവർ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തിൽ 22% ത്തിൽ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യൻ സമൂഹം 2001 ലെ സെൻസസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു. കേരളത്തിൽ ക്രിസ്ത്യൻ ജനസംഖ്യ ഈ കഴിഞ്ഞ വർഷങ്ങളിൽ കുത്തനെ താഴുന്നതായിട്ടാണ് Kerala State Economics and Statistics Division Department ഇറക്കുന്ന ‘Annual Vital Statistics Report’ ൽ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന് അവസാനമായി ഇറങ്ങിയ 2021ലെ റിപ്പോർട്ടിൽ ആ വർഷം കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ കുട്ടികൾ 59,766. അതേസമയം 2021 ൽ കേരളത്തിൽ മരിച്ച ക്രിസ്ത്യനികൾ 65,984. അതായത് പ്രസ്തുത വർഷം 6218 പേരുടെ കുറവ് ക്രിസ്ത്യൻ സമുദായത്തിൽ ഉണ്ടായി.

കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ക്രൈസ്തവ സമൂഹം ചില വിവേചനങ്ങൾ നേരിടുന്നുണ്ട്. ചില ക്രൈസ്തവ വിഭാഗങ്ങൾ സാമ്പത്തികവും സാമൂഹികവുമായ കടുത്ത വെല്ലുവിളികൾ നേരിടുന്നു. ന്യൂനപക്ഷം എന്ന നിലയിൽ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളിൽ ഗുരുതരമായ വിവേചനങ്ങൾ ക്രൈസ്തവ സമൂഹം നേരിടുന്നുണ്ട്. ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളിൽ അതുണ്ടാകാതെ പോകുന്നതും, പ്രശ്നപരിഹാരങ്ങൾക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ നിയോഗിക്കപ്പെട്ടത് വലിയ ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ക്രൈസ്തവ സമൂഹം കണ്ടത്. മെയ്മാസത്തിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ ശിപാർശകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിക്കാനും നടപ്പാക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ തയ്യാറാകേണ്ടതുണ്ട്.

ക്രൈസ്തവ ന്യൂനപക്ഷ പദ്ധതികളിലെ അപര്യാപ്തതകൾ

1992ലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമ പ്രകാരം ഇന്ത്യയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനമാരംഭിക്കുന്നത്. 2006ൽ സർക്കാർ ന്യൂനപക്ഷകാര്യ മന്ത്രാലയം സ്ഥാപിച്ചു. ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ജൈന, ബുദ്ധ, പാഴ്സി എന്നീ ആറു വിഭാഗങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങൾ. 2008ൽ കേരളത്തിൽ പൊതുഭരണ വകുപ്പിന് കീഴിൽ ന്യൂനപക്ഷ സെൽ പ്രവർത്തനമാരംഭിക്കുകയും ക്രമേണ ന്യൂന
പക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു. 2014ൽ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നു. എന്നാൽ, ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്ക് അർഹമായ പരിഗണന നൽകാതെ നീതി രഹിതവും വിവേചനപരവുമായ നിലപാടുകളാണ് കേരളത്തിലെ സർക്കാരുകൾ കൈക്കൊണ്ട് വന്നിട്ടുളളത്. മറ്റു പല സംസ്ഥാനങ്ങളും ക്രൈസ്തവരുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. 2011 സെൻസസ് പ്രകാരം ക്രൈസ്തവർ വെറും 1.34 ശതമാനം മാത്രമുള്ള ആന്ധ്രാപ്രദേശിൽ അവർക്കായി പ്രത്യേക ധനകാര്യ കോർപ്പറേഷൻ തന്നെയുണ്ട്.

വളരെ പിന്നാക്കാവസ്ഥയിൽ ഇപ്പോഴും തുടരുന്നതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നതുമായ ക്രൈസ്തവ വിഭാഗങ്ങൾ കേരളത്തിൽ പലതുണ്ട്. നാട്ടിലെ അപര്യാപ്തമായ ജീവിതസാഹചര്യങ്ങൾ മൂലം വിദേശ നാടുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ യുവജനങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, ക്രൈസ്തവർക്ക് ആരോഗ്യകരമായ സാഹചര്യങ്ങളിൽ കേരളത്തിൽ ജീവിക്കാനും
പഠിച്ചുവളരാനും ജോലിചെയ്യാനും ആവശ്യമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ട്. ന്യൂനപക്ഷം എന്ന നിലയിൽ ഈ സമൂഹത്തിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ കരുപ്പിടിപ്പിക്കാനുതകുന്ന സൗകര്യങ്ങൾ ഒരുക്കിയെടുക്കാൻ കഴിയുന്ന പക്ഷം രാജ്യത്തിൻറെ പുനർനിർമ്മാണത്തിൽ സഹകാരികളായി ഒട്ടേറെ യുവാക്കൾ ഇവിടെ തന്നെ ജീവിക്കാൻ സന്നദ്ധരാകുമെന്ന് തീർച്ച.

ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് ഒട്ടേറെ പരാതികൾ നിലനിൽക്കുന്ന ഒരു സാഹചര്യം കൂടിയാണിത്. ക്രൈസ്തവ സമൂഹത്തിന് ന്യൂനപക്ഷം എന്ന നിലയിൽ അർഹിക്കുന്ന ആനുകൂല്യങ്ങളും മറ്റുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭിക്കുന്നതിന് ആനുപാതികമായ ആനുകൂല്യങ്ങളും പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഏറ്റവും അധികം ഊന്നിപ്പറയുന്ന നിർദ്ദേശങ്ങൾ ന്യൂനപക്ഷ അവകാശത്തിൻറെ ലഭ്യത സംബന്ധിച്ചാണ്.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള ആവശ്യങ്ങൾ:

– ക്രൈസ്തവരിലെ പാവപ്പെട്ട ജനങ്ങൾ അധിവസിക്കുന്ന മേഖലകളിലെ ന്യൂനപക്ഷ വിദ്യാലയങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചുകൊണ്ട് കോഴ്സുകൾ അനുവദിക്കണം. (JBKC Report : 8.3)
– ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ കൃത്യമായി പരസ്യപ്പെടുത്തണം. മീൻസ് കം മെറിറ്റ് സ്കോളർഷിപ്പുകൾ ന്യൂനപക്ഷ ജനസംഖ്യാടിസ്ഥാനത്തിൽ നൽകണം (JBKC Report : 8.10, 8. 14)
– ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ന്യൂനപക്ഷ കമ്മീഷന് റീജണൽ ഓഫീസുകൾ അനുവദിക്കണം (JBKC Report: 8.10, 8. 14, 8. 12)
– ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്നതും പിന്നീട് നിർത്തലാക്കിയതുമായ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണം (ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയത് ഉദാഹരണമാണ്) (JBKC Report: 8.10, 8. 14, 8.17)
– ക്രൈസ്തവ സമൂഹങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സംരംഭകത്വം വളർത്താൻ ഉപകരിക്കുന്ന പദ്ധതികളും പരിശീലന പദ്ധതികളും ആരംഭിക്കണം (JBKC Report: 8.18)
– ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ക്രൈസ്തവ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ ഇല്ലാത്തപക്ഷം സ്കോളർഷിപ്പും സംവരണവും അനുവദിക്കണം. ട്യൂഷൻ ഫീ റീഇംബേഴ്സ്മെൻറ് പദ്ധതിയും, ഉന്നത വിദ്യാഭ്യാസത്തിനുള്ള പലിശരഹിത ലോണുകളും അനുവദിക്കണം (JBKC Report: 8.26, 31 B)
– പ്രൊഫഷണൽ വിദ്യാഭ്യാസം ലഭിക്കുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നതിനുള്ള വ്യക്തിഗത, ഗ്രൂപ്പ് ലോണുകൾ ന്യൂനപക്ഷ ധനകാര്യ കമ്മീഷന് കീഴിൽ നടപ്പാക്കുക. (JBKC Report: 8.32)
– യത്തീംഖാനയിലെ അന്തേവാസികൾക്ക് പ്രൊഫഷണൽ കോഴ്സിന് പഠിക്കുവാൻ 10000 രൂപ പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്ന മാതൃകയിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റ് മതന്യൂനപക്ഷങ്ങൾ നടത്തുന്ന അനാഥാലയങ്ങളിലെ അന്തേവാസികൾക്കും നൽകുക. (JBKC Report: 8.36)
– പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പോലുള്ള പദ്ധതികളിൽ ക്രൈസ്തവർക്കും ക്രൈസ്തവ മേഖലകൾക്കും ആനുപാതികമായ പരിഗണന നൽകുക, അതിന് രൂപീകരിക്കുന്ന സമിതികളിൽ എല്ലാ ന്യൂനപക്ഷങ്ങൾക്കും ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുക. ന്യൂനപക്ഷ കമ്മീഷൻ, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, ന്യൂനപക്ഷ ക്ഷേമ സമിതികൾ തുടങ്ങിയവയിൽ ക്രൈസ്തവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകണം. (JBKC Report: 8. 37, 38, 43)
– കേരളസംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമം 2014 പ്രകാരം, കമ്മീഷൻ ചെയർമാൻ ഒരു സമുദായത്തിൽനിന്നെങ്കിൽ അംഗം മറ്റൊരു സമുദായത്തിൽ നിന്നും ആയിരിക്കണമെന്ന വ്യവസ്ഥയ്ക്ക് 2018 ഭേദഗതി വരുത്തിയത് റദ്ദാക്കുക. ഇപ്പോഴുള്ള സാഹചര്യത്തിൽ കമ്മീഷനിലെ വനിത പ്രതിനിധിയല്ലാത്ത രണ്ട് അംഗങ്ങളും ഒരേ സമുദായത്തിൽ നിന്ന് തന്നെ ആണ്. ഇപ്പോൾ മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ്, രണ്ടാമത്തെ അംഗം ശ്രീ സൈഫുദീൻ എ. എന്നിവർ ഒരേ സമുദായത്തിൽനിന്നുള്ളവരാണ്. 2018 ൽ കെ. ടി. ജലീൽ ന്യൂനപക്ഷവകുപ്പ് മന്ത്രിയായിരുന്നപ്പോൾ ചെയ്ത ഭേദഗതിക്ക് മുമ്പ് അപ്രകാരമായിരുന്നില്ല. (JBKC Report: 8.39)
– ന്യൂനപക്ഷ വകുപ്പിൻറെ കീഴിൽ ക്രിസ്ത്യൻ മൈനോരിറ്റിസ് ഡവലപ്പ്മെൻറ് കോർപ്പറേഷൻ രൂപീകരിച്ച് ചെറുകിട സംരംഭങ്ങൾക്കും സ്വയംതൊഴിലിനും മറ്റും വായ്പ്പാ നൽകാനുള്ള നിരന്തരമായ ആവശ്യം പരിഗണിക്കണം. വിധവകളുടെയും പെൺമക്കളുടെയും വിവാഹ ആവശ്യത്തിന് പലിശരഹിത വായ്പ്പ അനുവദിക്കണം (JBKC Report: 8.42, 60)
– ന്യൂനപക്ഷാവകാശ ദിനമായ ഡിസംബർ 12 ന്യൂനപക്ഷ അവകാശ ദിനമായി ആഘോഷിക്കുകയും ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുകയും, അതിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കുകയും വേണം. (JBKC Report: 8.96)
– കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണം. (JBKC Report: 8.125)

കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തപ്പെടാത്ത ചില ആവശ്യങ്ങൾ

– ജനസംഖ്യാനുപാതികമായി ക്രൈസ്തവർക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട് എന്ന് എല്ലായ്പ്പോഴും സർക്കാർ ഉറപ്പുവരുത്തണം.
– വിവിധ കമ്മീഷനുകളിൽ ജനസംഖ്യാനുപാതികമായ ക്രൈസ്തവ പങ്കാളിത്തം ഉറപ്പുവരുത്തണം. അത്തരത്തിൽ നിയോഗിക്കപ്പെടുന്നവർ പേരിൽ മാത്രം ക്രൈസ്തവർ എന്നതിനേക്കാൾ, പൊതുനന്മയ്ക്കൊപ്പം ക്രൈസ്തവ സമൂഹത്തിൻറെ നന്മയും ആഗ്രഹിക്കുന്നവരാണെന്ന് ഉറപ്പുവരുത്തണം.
– കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ മുസ്ലീങ്ങൾ ഒഴികെയുള്ളവരുടെ ജനസംഖ്യാനുപാതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗങ്ങളെ മൈക്രോ മൈനോരിറ്റിയായി കണ്ട് കൂടുതൽ പരിഗണനയും ആനുകൂല്യങ്ങളും അനുവദിക്കണം.

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group