ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു ; 114 സ്ഥാപനങ്ങള്‍ക്ക് പിഴ

ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്.

52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 120 സ്ഥാപനങ്ങള്‍ക്ക് നേരെ അഡ്ജ്യൂഡിക്കേഷന്‍ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.

ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഹോട്ടലുകള്‍ ഉള്‍പ്പെടെ ഭക്ഷണ പാഴ്‌സലുകള്‍ നല്‍കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് ഉപയോഗിക്കേണ്ട സമയ പരിധിയുള്‍പ്പടെ പ്രദര്‍ശിപ്പിക്കുന്ന സ്റ്റിക്കറോ ലേബലോ നിര്‍ബന്ധമായും പതിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. പായ്ക്ക് ചെയ്യുന്ന തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ ലേബലിലുണ്ടാകണം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കണമെന്നാണ്.

പാഴ്‌സല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച്‌ ഉപഭോക്താക്കളും ജാഗ്രത പാലിക്കണം. ലേബല്‍ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണം. സമയ പരിധി കഴിഞ്ഞ് കഴിക്കുന്ന പാഴ്‌സല്‍ ഭക്ഷണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലേബല്‍ പതിക്കാതെയുള്ള പാഴ്‌സല്‍ വില്‍പന നിരോധിച്ചിട്ടുള്ളത്.

ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. അഡ്ജ്യൂഡിക്കേഷന്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളുടെ തുടര്‍ നടപടികള്‍ സ്വീകരിച്ച്‌ ആര്‍ഡിഒ കോടതികള്‍ മുഖേന കേസുകള്‍ ഫയല്‍ ചെയ്യും.

പരിശോധനകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group