മെക്സിക്കൻ വൈദികൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

മെക്സിക്കൻ വൈദികനായ ഫാ. മോയിസ് ലിറ സെറാഫിനെ സെപ്റ്റംബർ 14- ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും.

വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾ മെക്സിക്കോ സിറ്റിയിലെ ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പിൽ വച്ചാണ് നടക്കുക. കഴിഞ്ഞ വർഷമാണ് വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കസ്റ്ററി ഈ വൈദികന്റെ മദ്ധ്യസ്ഥതയിലൂടെ സംഭവിച്ച ആദ്യത്തെ അത്ഭുതത്തിന് അംഗീകാരം നൽകിയത്.

മോയിസ് ലിറ സെറാഫിൻ 1893 സെപ്റ്റംബർ 16-ന് മെക്സിക്കോയിലെ സകാറ്റ്ലാനിൽ ജനിച്ചു. പൗരോഹിത്യ ദൈവവിളി സ്വീകരിച്ച അദ്ദേഹം മിഷനറീസ് ഓഫ് ഹോളി സ്പിരിറ്റിന്റെ സ്ഥാപകനായ ഫാ. ഫെലിക്സ് ഡി ജെസസ് റൂജിയറിൻ്റെ ക്ഷണം സ്വീകരിച്ച് ആ സമൂഹത്തിൽ ചേർന്നു. അങ്ങനെ ഫാ. ഫെലിക്സിനോടൊപ്പം ആ സന്യാസ സമൂഹത്തിന്റെ തുടക്കക്കാരനായി മാറി.

1926-ൽ മെക്‌സിക്കോയിൽ മതപരമായ പീഡനങ്ങൾ ഉണ്ടായപ്പോൾ, അദ്ദേഹം ആത്മീയ വളർച്ചയിലും പ്രേഷിത പ്രവർത്തനത്തിലും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി മതബോധനത്തിന് സഹായിക്കുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചു. പിന്നീട് അദ്ദേഹം ദൈവത്തെ സ്നേഹിക്കുന്ന മക്കളായി ജീവിക്കാൻ എല്ലാ മനുഷ്യരെയും സഹായിക്കുക എന്ന ദൗത്യവുമായി മിഷനറീസ് ഓഫ് ചാരിറ്റി ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോൺഗ്രിഗേഷൻ സ്ഥാപിച്ചു. 1950 ജൂൺ 25-ന് മെക്സിക്കോ സിറ്റിയിൽ വച്ച് ഫാ. മോയിസ് അന്തരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m