അംഗീകാരമില്ലാത്ത സ്കൂ‌ളുകൾ പൂട്ടിക്കും; പട്ടിക ഒരു മാസത്തിനകം – മന്ത്രി

തിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച്‌ ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ അറിയിച്ചു. മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂള്‍ അധ്യാപിക മൂന്നരവയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ കെ.ജെ. മാക്സി ഉന്നയിച്ച സബ്മിഷനു മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ട് ലഭിച്ച ശേഷം ഇവക്ക് നോട്ടീസ് നല്‍കും.

മൂന്നര വയസ്സുള്ള കുട്ടി അധ്യാപിക ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താല്‍ ക്രൂരമായി മർദിച്ചത് പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത പ്രവൃത്തിയാണെന്നും സ്ഥാപനത്തിന്‍റെ രേഖ പരിശോധിച്ചുവരുകയാണെന്നും അംഗീകാരമില്ലെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (കെ.ഇ.ആർ) പ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവുമേ സ്കൂളുകള്‍ പ്രവർത്തിക്കാനാകൂ. സംസ്ഥാന സിലബസിന് പുറമെയുള്ള സിലബസുകളിലുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം വിദ്യാഭ്യാസ വകുപ്പിന്‍റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m