വഖഫ് ആക്ട് പോലൊരു നിയമനിർമാണം ഇന്ത്യയില്‍ നടത്തിയ കോണ്‍ഗ്രസ് ഏറ്റവും വലിയ വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റവ. ഡോ ജോഷി മയ്യാറ്റില്‍. വഖഫ് ബോര്‍ഡ് നടപ്പാക്കുന്ന കാടന്‍ നിയമങ്ങളുടെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്ന മുനമ്പം ബീച്ചുപ്രദേശത്തെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു ക്ലബ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു റവ. ഫാ. ജോഷി മയ്യാറ്റില്‍. വഖഫ് ആക്ടിനെക്കുറിച്ചു വിശദമായി പഠിച്ച്, ഇതിന്‍റെ അടിസ്ഥാനത്തില്‍ മുനമ്പം ചെറായി വഖഫ് അധിനിവേശ വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കിയതിനു നേതൃത്വം നൽകിയത് ഡോ. ജോഷി മയ്യാറ്റില്‍ ആയിരുന്നു.
1995ല്‍ നരസിംഹറാവു കൊണ്ടുവന്ന വഖഫ് ആക്ടിലെ 40-ാം വകുപ്പു പോലുള്ള നിരവധിയായ വിവാദ വകുപ്പുകളെ ന്യായീകരിക്കാന്‍ സാധിക്കുന്നതാണെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കില്‍ ശ്രീ. വി.ഡി സതീശനും ശ്രീ. കെ. സുധാകരനും ശ്രീ. ഹൈബി ഈഡനും ശ്രീ. ഷിയാസും അതിനു തയ്യാറാകണമെന്ന് ജോഷിയച്ചൻ ആവശ്യപ്പെട്ടു, വഖഫ് ആക്ടു സംബന്ധിയായി കേന്ദ്രസർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ അസ്വീകാര്യമാണെങ്കിൽ ഒരു ബദൽ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറാകണം എന്നതായിരുന്നു ഇതുവരെ അച്ചൻ ആവശ്യപ്പെട്ടിരുന്നത്. ഭേദഗതി വേണ്ട എന്ന പ്രമേയം നിയമസഭയിൽ പാസാക്കിയതിൻ്റെ വെളിച്ചത്തിലാണ് വഖഫ് നിയമനിർമാണം നടത്തിയ പാർട്ടിയോട് അതിലെ വകുപ്പുകളെ ന്യായീകരിച്ചു മുന്നോട്ടു വരാൻ അച്ചൻ ആഹ്വാനം ചെയ്യുന്നത്. അതിനും കോൺഗ്രസ്സിനു കഴിയില്ലെങ്കിൽ, കോണ്‍ഗ്രസാണ് ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന സത്യം ജനമനസ്സുകളിൽ രൂഢമൂലമാകും. എന്നു കോൺഗ്രസ്സ് ഈ ആക്ടിനെ തള്ളിപ്പറയാനും തിരുത്താനും തയ്യാറാകുമോ, അന്നേ കോണ്‍ഗ്രസ്സിനെ വിശ്വസിക്കാൻ ചിന്താശീലമുള്ള പൗരന്മാർക്കു കഴിയുകയുള്ളൂ.
വഖഫ് ആക്ട് 40-ാം വകുപ്പു പ്രകാരം, വഖഫ് ബോര്‍ഡിനു തോന്നുന്നതുപോലെ തീരുമാനമെടുക്കാൻ അനുമതി കൊടുക്കുന്ന നിയമമാണ് ഇന്ന് പ്രാബല്യത്തിലുള്ളത്. പണംകൊടുത്തു വാങ്ങി കരമടച്ച്, പട്ടയമുള്ള ഭൂമിയില്‍ ഉടമസ്ഥന് ജീവിക്കാന്‍ അവകാശമില്ലാതാക്കുന്നു എന്നതാണ് ഈ നിയമം ഉണ്ടാക്കുന്ന പ്രതിസന്ധി.
രേഖകളില്ലാത്തവരാണ് മുനമ്പത്തുള്ളത് എന്നൊരു വാര്‍ത്തയും ദുഷ്ടശക്തികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. 1989 മുതല്‍ നിയമപരമായ രേഖകളുമായി ജീവിക്കുന്നവരാണ് മുനമ്പത്തുള്ളത്. 2022ല്‍ കരമടയ്ക്കാന്‍ ചെന്നപ്പോഴാണ് ഇത് തങ്ങളുടെ ഭൂമിയല്ലെന്നും വഖഫ് ഭൂമിയാണെന്നും ജനങ്ങള്‍ അറിയുന്നത്. ഒരാളുടെ കൈവശമിരിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിന്‍റെ രജിസ്റ്ററിയിലേക്ക് എഴുതിച്ചേര്‍ത്തു കഴിഞ്ഞാല്‍ പിന്നെ ആ വസ്തുവില്‍ ഉടമസ്ഥന് യാതൊരു അവകാശവുമില്ലെന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു നിയമം എങ്ങനെ ആര്‍ക്ക് പടച്ചുണ്ടാക്കാന്‍ കഴിഞ്ഞു എന്നത് നടുക്കമുളവാക്കുന്ന കാര്യമാണ്!
വഖഫ് ഒരു മതപരമായ ബോഡിയല്ല, ഇതൊരു സെക്കുലര്‍ ബോഡിയാണ്. ദേവസ്വം ബോര്‍ഡാകട്ടെ, റിലിജിയസ് ബോര്‍ഡിയാണ്. എന്നാല്‍, വഖഫ് ഇതില്‍നിന്ന് വ്യത്യസ്തമാണ്. രാജ്യത്ത് നിലവിലുള്ള വഖഫ് നിയമപ്രകാരം, മറ്റാരുടെ വസ്തുവും ആരാധാകേന്ദ്രവും, തോന്നിയതുപോലെ പിടിച്ചെടുക്കാൻ വഖഫിന് അനുവാദമുണ്ട്. ഇത് ഉടനടി അവസാനിപ്പിക്കണം എന്ന്-അദ്ദേഹം ആവശ്യപ്പെട്ടു.
“വോട്ടുബാങ്ക് നിലനിര്‍ത്തേണ്ടതിന് നിലപാടുകളും മാനുഷിക പരിഗണനകളും അവര്‍ വിസ്മരിക്കുന്നു”
– മാർ തോമസ് തറയിൽ
വഖഫ്നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് ഈ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചങ്ങനാശ്ശേരി നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. വഖഫ് നിയമങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന മുനമ്പം പ്രദേശങ്ങളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു നടന്ന ക്ലബ്ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നിയുക്ത ആര്‍ച്ച് ബിഷപ് തോമസ് തറയില്‍.
നിയമസഭയില്‍ ഭരണ, പ്രതിപക്ഷഭേദമന്യേ നിയമം പാസാക്കി. അവര്‍ ഇതിനെ ഒരു ജനതയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമായിട്ടു കാണുന്നില്ല. വോട്ടുബാങ്ക് നിലനിര്‍ത്തേണ്ടതിന് മനുഷ്യാവകാശങ്ങളും മാനുഷിക പരിഗണനകളും അവര്‍ വിസ്മരിക്കുന്നു. ഓരോ വ്യക്തിക്കും അവകാശപ്പെട്ട സ്ഥലത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം -അദ്ദേഹം പറഞ്ഞു.
ചെറായി മുനമ്പം പ്രദേശം വഖഫിന്‍റേതല്ല, അത് വഖഫ് ഭൂമിയല്ല. ഈ വിഷയങ്ങള്‍ നിരന്തരമായി ഉന്നയിക്കണം. ഒരു ജനതയുടെ അതിജീവിനത്തിന്‍റെ കാര്യമായതിനാല്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരില്‍ ജനങ്ങളോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും നയങ്ങളും സങ്കടകരമാണ്. നീതിപൂര്‍വ്വകമായ ഭരണസംവിധാനമില്ലാത്തിടത്തു ജീവിക്കാന്‍ ആരാണ് ആഗ്രഹിക്കുക? പുതിയ തലമുറയ്ക്ക് പ്രതീക്ഷകളില്ലാതെ പോകുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം -മാര്‍ തോമസ് തറയില്‍ പറഞ്ഞു.
കടപ്പാട് : മാത്യു ചെമ്പൂകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m