2025 ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് യുവജന തീര്‍ത്ഥാടനം നടത്തുവാന്‍ കൊളംബിയ

വത്തിക്കാന്‍ സിറ്റി: “പ്രത്യാശയുടെ തീർത്ഥാടകർ” എന്ന പ്രമേയവുമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വര്‍ഷത്തില്‍ റോമിലേക്കു യുവജനങ്ങളുമായി തീർത്ഥാടനം നടത്തുവാന്‍ കൊളംബിയന്‍ സഭ. കൊളംബിയയിലെ ബൊഗോട്ട അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് യുവജനങ്ങളുമായി ജൂബിലി തീര്‍ത്ഥാടനം ഒരുങ്ങുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡോളസൻ്റ് ജീസസുമായി സഹകരിച്ച് അതിരൂപതയുടെ ഡയക്കണേറ്റ് ഫോർ ഹോപ്പ് ഒരുക്കുന്ന തീര്‍ത്ഥാടന യാത്രയില്‍ നിരവധി യുവജനങ്ങള്‍ പങ്കുചേരുമെന്നാണ് സൂചന.

ഇത് കൃപയുടെയും ക്ഷമയുടെയും വർഷമാണെന്നും വിശ്വാസത്തിൻ്റെയും അനുരഞ്ജനത്തിൻ്റെയും നിരവധി അടയാളങ്ങൾ നിറഞ്ഞതാണെന്നും ജീസസ് അഡോളസെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രതിനിധി ഫാ. എഡ്വിൻ വേഗ മച്ചാഡോ പറഞ്ഞു. 2025 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ കൊളംബിയന്‍ യുവജനങ്ങളുടെ തീര്‍ത്ഥാടനം റോമില്‍ നടക്കും. 15 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരെയാണ് തീര്‍ത്ഥാടകരായി തെരഞ്ഞെടുക്കുന്നത്. അതേസമയം ഈ വരുന്ന ഡിസംബർ 24-ന് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകും.

2025 ഡിസംബർ 14-ന് ജൂബിലി വര്‍ഷം സമാപിക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ പരിശുദ്ധ സഭ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m