ജനത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണും കാതും തുറന്നിരിക്കണം : കർദിനാൾ ജോർജ് കൂവക്കാട്
ജനത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണും കാതും തുറന്നിരിക്കണം : കർദിനാൾ ജോർജ് കൂവക്കാട്
സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും പ്രശ്‌നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്ന് കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവൻ്റെ സ്വരം ശ്രവിക്കാൻ തയ്യാറാകാതെ, പാർശ്വവൽക്കരിക്കപ്പെട്ടവനെ ചേർത്തുപിടിക്കാൻ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങൾ തിരിച്ചറിയാതെ സഭയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്നു കർദിനാൾ ചൂണ്ടിക്കാട്ടി. മുറിവുകളിൽ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാൻ ആഗ്രഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മനസ്സ് ഇതോടു ചേർത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സഭാസ്നേഹത്തിൽ വളരാൻ നമ്മുടെ ഇളം തലമുറയെ പ്രചോദിപ്പിക്കാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ടെന്നും, അതിനാൽ സെമിനാരികളിലെ പൗരോഹിത്യ രൂപീകരണം ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
സിനഡു തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണം സാക്ഷ്യത്തിനുള്ള അനന്യമായ അവസരമാണ്. സിനഡിന്റെ കൂട്ടുത്തരവാദിത്വവും, കൂട്ടായ്‌മയുടെ മാതൃകയും അഭംഗുരം പരിപാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപതകൾ തമ്മിലുള്ള സഹകരണം ശക്തമാക്കി വിദ്യാർത്ഥികളുടെ പഠനച്ചിലവിനെ ഉദാരമായി സഹായിച്ചും, പഠന-ജോലി സാധ്യതകളെ വിപുലമാക്കി കുട്ടികൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള പ്രതിബദ്ധത വളർത്തണമെന്നും മാർ കൂവക്കാട് അഭിപ്രായപ്പെട്ടു. ഒരിക്കലും നമ്മെ നിരാശരാക്കാത്ത ക്രിസ്‌തീയ പ്രത്യാശയാൽ നയിക്കപ്പെട്ടും, അതേ പ്രത്യാശയിൽ സഭയെ നയിച്ചും പ്രത്യാശയുടെ തീർത്ഥാടകരായി ഈ ജൂബിലി വർഷത്തിലേക്ക് നമുക്കു പ്രവേശിക്കാമെന്നും കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0