യുവജനങ്ങളെ ധൈര്യപ്പെടുത്തി വ്യക്തമായ ജീവിതദര്‍ശനം നല്‍കാൻ മുതിര്‍ന്നവര്‍ക്കാകണം : കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ

ഇന്ന് യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കു സമാനമായവ തങ്ങളുടെ ജീവിതത്തില്‍ മുന്നേ അനുഭവിച്ചവരാണ് മുതിര്‍ന്ന പൗരന്മാര്‍. അതുകൊണ്ട് ഇന്നത്തെ യുവജനങ്ങളോടൊപ്പം നടക്കാനും അവരെ ധൈര്യപ്പെടുത്തി വ്യക്തമായ ജീവിതദര്‍ശനം നല്‍കാനും മുതിര്‍ന്നവര്‍ക്കാകണം എന്ന് കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്താവിച്ചു. കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കെസിസിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സഭയുടെ പ്രത്യാശയും ചൈതന്യവുമാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണത നിറഞ്ഞ കാലഘട്ടത്തില്‍ അവര്‍ ഒറ്റക്കല്ല എന്ന ബോധ്യം അവര്‍ക്കു നല്‍കുന്നതിനും അവരെ കൂടെ നിര്‍ത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ‘കത്തോലിക്കാ യുവജനങ്ങള്‍: വെല്ലുവിളികളും പ്രതിസന്ധികളും ഭാവിയും” എന്ന വിഷയത്തെ അധികരിച്ച് ശ്രീമതി ബീനാ സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല മോഡറേറ്റര്‍ ആയിരുന്നു. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ശ്രീമതി ജെസ്സി ജെയിംസ്, ശ്രീ ടോമി ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് കെ.സി.സി. പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group