അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണം ഏപ്രില്‍ 18ന്

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ രണ്ടാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാ ശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 18ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പിഒസിയില്‍വെച്ച് നടത്തപ്പെടും.

അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പി.ഒ.സി.ചാപ്പലില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷമുള്ള അനുസ്മരണ സമ്മേളനം സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖ പ്രഭാഷണം നടത്തും. പൊതുസമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുസ്മരണ പങ്കുവയ്ക്കലുകള്‍ നടത്തും.

ആലങ്ങാട്ടെ പ്രസിദ്ധമായ വിതയത്തില്‍ കുടുംബത്തില്‍ 1952 ഫെബ്രുവരി 4ന് ജനിച്ച ജോസ് വിതയത്തില്‍ കത്തോലിക്കാ സഭാചൈതന്യത്തില്‍ രൂപപ്പെടുത്തിയ ദര്‍ശനങ്ങളിലും ആദര്‍ശങ്ങളിലും മുറുകെപ്പിടിച്ച് എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടും ആരെയും വിഷമിപ്പിക്കാതെയും സത്യങ്ങള്‍ തുറന്നടിച്ചും എന്നാല്‍ അനുരഞ്ജനത്തിന്റെ വഴികളിലൂടെയും പ്രവര്‍ത്തനനിരതനായിരുന്നു. കെസിബിസി അല്മായ കമ്മീഷന്റെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ആദ്യ അല്മായനാണ് ജോസ് വിതയത്തില്‍. കേരളസഭയിലെ മൂന്നു റീത്തുകളിലെയും അല്മായ സംഘടനകളെ ഏകോപിപ്പിച്ചു സംയുക്ത പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന നേട്ടമാണ്.

ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സെക്രട്ടറി, സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറി എന്നീ നിലകളിലും കേരളത്തിലെ അല്മായ നേതൃരംഗത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറി. എറണാകുളം-അങ്കമാലി അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായും സേവനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയിലും സീറോ മലബാര്‍ സഭയിലും ശ്രദ്ധിക്കപ്പെട്ട അല്മായ ശബ്ദമായി. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. സംസ്ഥാന കണ്‍സ്യൂമര്‍ തര്‍ക്കപരിഹാര കമ്മീഷന്‍ മെമ്പര്‍, കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ മെമ്പര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group