വീണ്ടും കേന്ദ്രത്തിന്റെ ഓണ സമ്മാനം; കേരളത്തിന് 287 കോടിയുടെ മത്സ്യബന്ധന പദ്ധതികള്‍, മൂന്നര ലക്ഷം പേര്‍ക്ക് തൊഴില്‍

മുംബൈ: കേരളത്തിനു വീണ്ടും കേന്ദ്രത്തിന്റെ വമ്ബന്‍ ഓണ സമ്മാനം. മൂന്നര ലക്ഷത്തിലേറെ പേര്‍ക്കു തൊഴിലേകുന്ന, മത്സ്യബന്ധന മേഖലയ്‌ക്കു വന്‍ കുതിപ്പു പകരുന്ന അഞ്ചു പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഓണ്‍ലൈന്‍ വഴി തറക്കല്ലിട്ടു.

പ്രധാനമന്ത്രി മത്സ്യ സമ്ബദ് യോജന പ്രകാരമുള്ള, 126.22 കോടിയുടെ നാലു പദ്ധതികളും, ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് വഴി 161 കോടി മുടക്കുള്ള ഫിഷിങ് ഹാര്‍ബര്‍ പദ്ധതിയുമാണിവ. ഈ മേഖലകളില്‍ 1,47,522 പുതിയ തൊഴിലുകളും അനുബന്ധ മേഖലകളില്‍ രണ്ടു ലക്ഷത്തില്‍പരം പുതിയ തൊഴിലുകളും സൃഷ്ടിക്കപ്പെടും. ഇവയ്‌ക്കു പുറമേ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഒരു ലക്ഷവും വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ക്കും ട്രാന്‍സ്‌പോണ്ടറുകള്‍ക്കും 364 കോടിയും ഒന്‍പതു തീരദേശ സംസ്ഥാനങ്ങള്‍ക്കും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണം ചെയ്യും. ഇതിന്റെ പ്രയോജനവും കേരളത്തിനു ലഭിക്കും.

വിവിധ സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന 77,000ല്‍പ്പരം കോടി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മഹാരാഷ്‌ട്ര പാല്‍ഗഡില്‍ നടത്തി.

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, കേന്ദ്ര മന്ത്രിമാരായ സര്‍ബാനന്ദ് സോനോവാള്‍, രാജീവ് രഞ്ജന്‍ സിങ്, എസ്പി സിഹ് ബാഗേല്‍, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍, ഉപ മുഖ്യമന്ത്രി അജിത് പവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതികള്‍

1. കാസര്‍കോട്് ഫിഷിങ് ഹാര്‍ബര്‍ വിപുലീകരണം-70.53 കോടി. 30,000 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. കേന്ദ്ര വിഹിതമായ 42.30 കോടിയില്‍ 10.58 കോടി ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്കി. 18 മാസം കൊണ്ടു പൂര്‍ത്തിയാകും.

2. മലപ്പുറം പൊന്നാനി ഹാര്‍ബര്‍ നവീകരണം-18.73 കോടി. 44,572 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. കേന്ദ്ര വിഹിതമായ 11.23 കോടിയില്‍ 2.80 കോടി നല്കി.

3. കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ നവീകരണം-16.06 കോടി. 24,500 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. കേന്ദ്ര വിഹിതമായ 9.63 കോടിയില്‍ 2.40 കോടി രൂപ നല്കി. 18 മാസം കൊണ്ട് പൂര്‍ത്തിയാകും.

4. കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബര്‍ നവീകരണം-20.90 കോടി. 20,400 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. കേന്ദ്ര വിഹിതം 12.54 കോടി. 3.13 കോടി നല്കി. 18 മാസം കൊണ്ടു പൂര്‍ത്തീകരിക്കും.

5. ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ വികസനം-161 കോടി. 27,680 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. കേന്ദ്ര സര്‍ക്കാരിന് നബാര്‍ഡ് 150 കോടി വായ്പ മൂന്നു ശതമാനം പലിശ നിരക്കില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് അനുവദിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷം 9525 ടണ്‍ മല്‍സ്യവില്പന നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m