ഓശാനത്തിരുനാൾ മംഗളങ്ങൾ…

ബിനോജ് മുളവരിയ്ക്കൽ അച്ചൻ പങ്കുവച്ച ചെറുചിന്ത മനസിനെ ആകർഷിച്ചു. റോസാപൂക്കൾ ഉള്ള പൂന്തോട്ടത്തിൽ പൂക്കൾ ഉള്ളപ്പോൾ മാത്രമാണ് കാഴ്ചക്കാർ വരികയുള്ളൂ. ആ സമയം അവർ വന്ന് എല്ലാ പൂക്കളെയും വീക്ഷിക്കും അവയുടെ ഭംഗി ആസ്വദിക്കും. അവയെക്കുറിച്ച് നല്ലത് പറയും. അതിനു ശേഷം തിരിച്ചു പോകും. എന്നാൽ പൂക്കൾ ഇല്ലാത്തപ്പോഴും ആ തോട്ടത്തിൽ വരുന്ന ഒരാളുണ്ട്; അത് മറ്റാരുമല്ല, തോട്ടക്കാരനാണ്.തോട്ടക്കാരൻ ഓരോ ചെടിയെയും വ്യക്തിപരമായ് പരിചരിക്കും. ഉണങ്ങിയ കമ്പുകൾ വെട്ടി നീക്കും. വളവും വെള്ളവും നൽകും. ചെടികളുടെ വരൾച്ചയിലും വളർച്ചയിലും കൂടെയുണ്ടാകും.

ഇവരിൽ ആരാണ് റോസാ ചെടികളെ കൂടുതൽ സ്നേഹിക്കുന്നത്?
തീർച്ചയായും തോട്ടക്കാരൻ തന്നെ!നമ്മുടെ ജീവിതത്തിലുമുണ്ട് വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം

ചിലർ പണം മോഹിച്ച് വരുന്നവർ. വേറെ ചിലർ നമ്മുടെ കഴിവുകളിൽ ആകർഷിതരാകുന്നവർ. മറ്റു ചിലർ അവരുടേതായ പല ആവശ്യങ്ങൾക്കും വേണ്ടി വരുന്നവർ. എന്നാൽ എപ്പോഴും നമ്മോടൊപ്പം നിൽക്കുന്നവർ
എത്ര പേരുണ്ട്?

സത്യത്തിൽ അത് ദൈവം മാത്രമായിരിക്കും, അല്ലെങ്കിൽ ദൈവീക ചൈതന്യമുള്ള കുറച്ചുപേർ മാത്രമായിരിക്കും. അല്ലെ?

ഓശാനയെക്കുറിച്ചുള്ള വിചിന്തനമാണ് ഈ പൂന്തോട്ടത്തിലേയ്ക്ക്
എന്നെ എത്തിച്ചത്.എത്ര പേരാണ് ഓശാന ഗീതികൾ പാടി ജെറുസലെം നഗരിയിൽ ക്രിസ്തുവിനെ വരവേൽക്കാൻ എത്തുന്നത്.

എന്നാൽ വരും ദിവസങ്ങളിൽ അവർ തന്നെ, ‘അവനെ ക്രൂശിലേറ്റുക’ എന്ന് മുറവിളിയിടുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നോ?

വചനം ഇപ്രകാരം പറയുന്നു:
“യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!”
(മത്തായി 21 : 9).
ജനക്കൂട്ടത്തിന്റെ ഓശാന വിളികൾക്കപ്പുറത്ത്
കാൽവരിയെ മനസിൽ ധ്യാനിച്ചവനാണ് ക്രിസ്തു.

ജീവിതത്തിൽ നമുക്കു വേണ്ടി ഓശാന വിളിച്ചവർ നമ്മെ ഒറ്റപ്പെടുത്തുമ്പോൾ,
കൂടെയുണ്ടായിരുന്നവർ
തനിച്ചാക്കി മാറിനിൽക്കുമ്പോൾ,
തിരിച്ചറിയുക;
നമ്മോടൊപ്പം
കാൽവരിയിലെ ക്രിസ്തുവുമുണ്ടെന്ന്.

നാല് പാഠങ്ങൾ നെഞ്ചേറ്റാം:
ഒന്ന്:
സ്നേഹത്തിൽ മായം കലർത്തരുത്. സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും കൂടെ നിൽക്കുക.
രണ്ട്:
ഏതൊരു ഒറ്റപ്പെടലിലും കൂട്ടിനൊരു ദൈവമുണ്ടെന്ന് ഓർക്കുക.
മൂന്ന്:
ഓശാന വിളികൾക്കു പിറകെ കല്ലേറുകളും വരാൻ സാധ്യതയുണ്ട്.
നാല്:
ചില ഓശാനകളാണ് കാൽവരിയെന്ന ദൗത്യത്തിലേക്ക് നമ്മെ എത്തിക്കുന്നത്.

കടപ്പാട് : ഫാ. ജെൻസൺ ലാസലെറ്റ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group