മതവും ശാസ്ത്രവും എന്നതു പോലെ തന്നെ വിരുദ്ധ ചേരികളിൽ എന്ന് തെറ്റിദ്ധരിക്കപ്പെടുകയും അങ്ങനെ വ്യാഖാനിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് മതവും മനശ്ശാസ്ത്രവും. മതം വെറുമൊരു മിഥ്യാബോധമാണെന്നും (illusion), psychological nueroticism ത്തിന്റെ പ്രകടനമാണെന്നും പറഞ്ഞ സിഗ്മണ്ട് ഫ്രോയിഡിൽ നിന്ന് ശാസ്ത്രം ഏറെ മുന്നോട്ടു പോയി. പിന്നീട് വന്ന മനശ്ശാസ്ത്രജ്ഞരിൽ മിക്കവരും ഫ്രോയിഡിന്റെ കാഴ്ചപ്പാടുകളോട് വിയോജിച്ചിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് (ഉണ്ടെന്നോ ഇല്ലെന്നോ) തീർത്ത് പറയാൻ മനഃശാസ്ത്രത്തിന് കഴിയില്ല എന്ന അജ്ഞേയ വാദമാണ് (Agnostic view) കാൾ യുങ് സ്വീകരിച്ചത്. തുടർന്ന് വന്ന ആൽഫ്രഡ് അഡ്‌ലെർ ആകട്ടെ, പരിപൂർണ്ണനും സർവ്വശക്തനുമായ ഒരു ദൈവത്തെക്കുറിച്ചും ആ ശക്തിയിൽ വിലയം പ്രാപിക്കുന്നതിനെക്കുറിച്ചുമുള്ള മനുഷ്യ സങ്കൽപ്പങ്ങൾ മനുഷ്യനിലെ വിവിധ അപകർഷതകളെയും (Inferiorities) അപൂർണ്ണതകളെയും (Imperfections) അതിജീവിക്കാനുള്ള ശ്രമമാണ് എന്നും ചിന്തിച്ചു. മാത്രമല്ല, ശാസ്ത്രത്തിന് സമാന്തരമായി മനുഷ്യനെ പ്രചോദിപ്പിക്കാനും സുസ്‌ഥിതിയിലേക്ക് നയിക്കാനും കഴിയുന്ന ഏറ്റവും ശക്തമായ മാനവിക മുന്നേറ്റമാണ് മതം എന്നും അഡ്‌ലെർ വിശ്വസിച്ചിരുന്നു. പിന്നീട് വന്ന പല മനശ്ശാസ്ത്രജ്ഞരും പ്രത്യേകിച്ച്, ആധുനിക കാലഘട്ടത്തിലുള്ളവർ ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചില്ലെങ്കിൽ പോലും, മനുഷ്യനെ ശാക്തീകരിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളാണ് മതവും ആത്മീയതയും എന്ന് സമ്മതിച്ചിട്ടുള്ളവരാണ്. മത സങ്കല്പങ്ങളെ (വിശ്വാസങ്ങളെ) ജീവിതത്തിന് അർത്ഥം പകരുന്ന ഐതിഹ്യങ്ങളായാണ് അസ്‌ഥിത്വ മനശ്ശാസ്ത്രം (Existential psychology ) കാണുന്നത്. റോളോ മേ (Rollo May – 1991) പറഞ്ഞത് ഐതിഹ്യങ്ങൾ എല്ലാം തെറ്റാവണം എന്നില്ല, എന്നാൽ അവ തെളിയിക്കുക എന്നത് എളുപ്പവുമല്ല എന്നാണ്. പറഞ്ഞു വന്നത്, മത വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും അംഗീകരിക്കാൻ കഴിയാത്തവർ പോലും മതവും ആത്മീയതയും മനുഷ്യന് നന്മയാണ് എന്നത് അംഗീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് മനശാസ്ത്ര രംഗത്തും, മനോരോഗ ചികിത്സാ രംഗത്തും ആത്മീയതയും മതാത്മകതയും മാനസിക ആരോഗ്യവും തമ്മിലുള്ള ബന്ധത്തെകുറിച്ച്, പ്രത്യേകിച്ച് പോസിറ്റീവ് ആയ ബന്ധത്തെക്കുറിച്ച് അനേകം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മനശ്ശാസ്ത്രജ്ഞരിലും മനോരോഗ ചികിത്സകരിലും വിശ്വാസികളും ആത്മീയതയ്ക്ക് പ്രാധാന്യം നൽകുന്നവരുമായ വ്യക്തികളുടെ എണ്ണം ഇന്ന് ഏറെയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആധുനിക കാലഘട്ടത്തിൽ ആത്മീയതയും മനശ്ശാസ്ത്രവും ഒരുമിപ്പിച്ചുകൊണ്ടുള്ള സമീപനങ്ങളാണ് ഏറ്റവും ആവശ്യമായിരിക്കുന്നത്. വർദ്ധിച്ചു വരുന്ന വിഷാദരോഗത്തിന്റെയും ആത്മഹത്യകളുടെയും പശ്ചാത്തലത്തിൽ, ആരോഗ്യകരമായ മതാത്മകതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു അവലോകനമാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.
മത മൗലികവാദങ്ങളും തീവ്രവാദപ്രവർത്തനങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കാലമായതുകൊണ്ട് തന്നെ, ഇവിടെ ആരോഗ്യകരമായ മതാത്മകത എന്നത് പ്രത്യകം വിശദീകരിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു. മനുഷ്യന്റെയും പ്രപഞ്ചത്തിന്റയും ഉപരിനന്മയും സുസ്‌ഥിതിയും ആയിരിക്കും ആരോഗ്യകരമായ മത സങ്കല്പങ്ങളുടെ അടിസ്‌ഥാനം. എല്ലാ മതങ്ങളും ദൈവികമായ വെളിപ്പെടുത്തലുകളോ ഇടപെടലുകളോ അവയുടെ അടിസ്ഥാനമായി അവകാശപ്പെടുന്നുണ്ട് എങ്കിലും മതങ്ങളുടെ പേരിലുള്ളതെല്ലാം ദൈവികമായിരിക്കണമെന്നില്ല. വ്യാഖാനങ്ങളും, ആചരണവും, അതനുസരിച്ചുള്ള ജീവിതവും കുറവുകളുള്ള മനുഷ്യരുടേതാണ് എന്നും അതുകൊണ്ട് തന്നെ തെറ്റുകൾ സംഭവിക്കാൻ സാധ്യതകളുണ്ട് എന്നും അംഗീകരിക്കുകയും, തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാവുകയും ചെയ്യുന്നവയെ മാത്രമാണ് ആരോഗ്യകരമായ മതസങ്കല്പങ്ങളായി ഇവിടെ പരിഗണിക്കുന്നത്.
മനുഷ്യന്റെ ശാരീരിക – മാനസിക ക്ഷമതയെ ഭംഗപ്പെടുത്തുന്ന കാരണങ്ങളിൽ വിഷാദം (deptression) മുൻനിരയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു. വിഷാദവും മത, ആത്മീയ ആചരണങ്ങളും (relegious / spiritual practices) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അൻപത് വർഷങ്ങൾക്കിടയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട പ്രമുഖ ഗവേഷണങ്ങൾ (444 studies) അവലോകനം ചെയ്ത് 2012 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിലെ (Relegious and Spiritual factors in Depression: Review and Integration of the Research) കണ്ടെത്തലുകൾ ഇങ്ങനെയായിരുന്നു: ലോക ജനതയുടെ ഒരു വലിയ ശതമാനവും അനുദിന ജീവിതത്തിൽ മത വിശ്വാസത്തിനും ആത്മീയതയ്ക്കും പ്രാധാന്യം കല്പിക്കുന്നവരാണ്. 32 വികസ്വര രാജ്യങ്ങളിൽ നടത്തിയ സർവേയിൽ 92 ശതമാനം ആളുകളും മത വിശ്വാസത്തിന് പ്രാധാന്യം കല്പിക്കുന്നതായി റിപ്പോർട്ട് ചെയ്തപ്പോൾ വികസിത രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 48% ആളുകൾ മതത്തിന് വലിയ പ്രാധാന്യം ഉള്ളതായി രേഖപ്പെടുത്തി. 238 രാജ്യങ്ങളെയും, 5000 നഗരങ്ങളെയും, 3000 പ്രവിശ്യകളെയും 13000 വംശീയ ന്യൂനപക്ഷജനങ്ങളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ നിരീശ്വര വാദികൾ 0 .01 ശതമാനത്തിലും താഴെയായിരുന്നു. അമേരിക്കൻ ജനതയിൽ 19 % മാത്രമാണ് മതത്തിന് തീരെ പ്രാധാന്യം കല്പിക്കാതിരുന്നത്. 55% ആളുകളും തങ്ങളുടെ വിശ്വാസത്തെ വളരെ പ്രധാനമായി കണ്ടവരായിരുന്നു. മത വിശ്വാസങ്ങൾ, അവയുടെ ആചരണം, ആത്മീയത ഇവയെല്ലാം വിഷാദത്തെ അതിജീവിക്കാനും ജീവിത പ്രതിസന്ധികളോട് പൊരുത്തപ്പെടുവാനും സഹായിക്കുന്നു എന്നതാണ് ഭൂരിഭാഗം ഗവേഷണങ്ങളും കണ്ടെത്തിയത്.
എങ്ങനെയാണ് മതവും ദൈവവിശ്വാസവും മാനസികാരോഗ്യത്തെ സഹായിക്കുന്നത്?
സുരക്ഷിതത്വബോധം
ദൈവത്തെ വിശേഷിപ്പിക്കുന്ന പദങ്ങളിൽ (പ്രത്യേകിച്ച് ക്രിസ്തുമതത്തിൽ ) പ്രധാനപ്പെട്ട ചിലതാണ് ‘അഭയ സങ്കേതം’, ‘കോട്ട’ തുടങ്ങിയവ. മനുഷ്യന്റെ അരക്ഷിതത്വചിന്തകളിലും ഭീതികളിലും അവന് അഭയം പ്രാപിക്കാവുന്ന, സുരക്ഷിതത്വം നൽകുന്ന ഇടമാണ് ദൈവവുമായുള്ള ബന്ധം. ശക്തനായ ദൈവത്തിലുള്ള ആശ്രയത്വം വ്യക്തികൾക്ക് നൽകുന്ന മാനസിക ബലവും സുരക്ഷിതത്വ ബോധവും വലുതാണ്. കൊടുങ്കാറ്റിന്റെയും തിരകളുടെയും മദ്ധ്യേ, ആടിയുലയുന്ന വഞ്ചിയിൽ ശാന്തനായുറങ്ങുന്ന ക്രിസ്തു, ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾക്കിടയിൽ മനസിന്റെ സന്തുലിതാവസ്‌ഥ കൈവെടിയാത്ത ശാന്തതയുടെയും ഉൾക്കരുത്തിന്റെയും ശക്തമായ പ്രതീകമാണ്. പ്രതിസന്ധികളിൽ ജീവിതം ഉലയുന്ന മനുഷ്യന് മുൻപിൽ അവനെ ഇത്രയും ശാക്തീകരിക്കുന്ന മറ്റൊരു ചിത്രവും പകരമായില്ല. ദൈവ സാന്നിധ്യമുണ്ടങ്കിൽ ഏത് കൊടുങ്കാറ്റിലും ജീവിത നൗക തകരില്ല എന്ന വിശ്വാസവും ഇത് പകർന്നു നൽകുന്നുണ്ട്.
പരിധികളില്ലാത്ത സ്നേഹം
മനുഷ്യന്റെ സമഗ്ര വളർച്ചയ്ക്കും, സാക്ഷാത്കാരത്തിനും ഏറ്റവും അവശ്യ ഘടകമായി കാൾ റോജേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത് Unconditional positive regard ആണ്. പരിധികളില്ലാത്ത സ്നേഹം. കുറവുകൾക്കും ബലഹീനതകൾക്കും അപ്പുറം ഒരു വ്യക്തിയെ അയാളായിരിക്കുന്നത് പോലെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അവസ്‌ഥ. ഹ്യൂമനിസ്റ്റിക് മനശാസ്ത്ര പ്രകാരം ഒരു വ്യക്തിയിൽ മാറ്റവും (change) വളർച്ചയും (growth) വരുത്തുന്ന പ്രധാന ഘടകം ഇതാണ്. ക്രിസ്തുമതം മുന്നോട്ടു വയ്ക്കുന്ന ദൈവസങ്കല്പത്തിന്റെ ഏറ്റവും വലിയ സ്വഭാവം ഈ പരിധികളില്ലാത്ത സ്നേഹമാണ്. ‘പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല’, എനിക്ക് നിന്നോടുള്ള സ്നേഹം അന്തമാണ്, വിശ്വസ്തത അചഞ്ചലവും, നീ എനിക്ക് അമൂല്യനും പ്രിയങ്കരനും ബഹുമാന്യനുമാണ്. തുടങ്ങിയ വിശുദ്ധ ലിഖിതങ്ങൾ ഉദാഹരണം. എന്നെ ആർക്കും വേണ്ട, എന്നെ ഒന്നിനും കൊള്ളില്ല, എന്നെ ആരും സ്നേഹിക്കുന്നില്ല എന്നൊക്കെയുള്ള നിരാശയുടെ ചിന്തകൾ വിഷാദത്തിന്റെ പ്രത്യേകതയാണ്. (Feelings of hopelessness, worthlessness and helplessness). ഇവിടെ മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച സ്നേഹത്തിന്റെ കുറവുകൾ നികത്തുവാൻ പരിധികളില്ലാതെ സ്നേഹിക്കുന്ന, കരുതുന്ന, വിലമതിക്കുന്ന, കാത്തിരിക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം നിരാശ ചിന്തകളെ അകറ്റുവാൻ പര്യാപ്‌തമാണ്. സ്നേഹത്തിന് ഇത്രയും ശക്തവും പരിപൂർണ്ണവുമായ മറ്റൊരു പ്രതീകം കണ്ടെത്തുക എളുപ്പമല്ല.
അർത്ഥവും നിയോഗവും
എന്തിലും അർത്ഥം കണ്ടെത്തുക എന്നത് മനുഷ്യ മനസ്സുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ ഒന്നാണ്. ഓരോ ജീവിതാനുഭവങ്ങൾക്കും വ്യക്തികൾ കണ്ടെത്തുന്ന അർത്ഥമാണ് അവയോടുള്ള മനോഭാവത്തെയും പ്രതികരണങ്ങളെയും തീരുമാനിക്കുന്നത്. ജീവിതത്തിന് അർഥവും നിയോഗവും കണ്ടെത്തുക എന്നത് ഒരുവന്റെ ജീവിത സംതൃപ്തിയെയും സന്തോഷത്തെയും നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. ഇവിടെ, മത വിശ്വാസങ്ങളും ആത്മീയതയും ഒരു പ്രധാന ഘടകം ആണ്. മനസികാരോഗ്യത്തിന് ഏറ്റവും സഹായകമായ ഒന്നാണ് എന്തിലും നന്മ കണ്ടെത്താ നുള്ള കഴിവ് (Benefit finding ). ജീവിതത്തിന്റെ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും രോഗത്തിലും, മരണത്തിൽ പോലും അർത്ഥവും നിയോഗവും കണ്ടെത്താൻ സഹായിക്കുന്നതിൽ മതപരമായ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. ഏത് സഹനത്തിനും ഒരു പ്രതിഫലമുണ്ട്, അതിലൊരു നിയോഗമുണ്ട് എന്ന ചിന്ത പകരുന്ന കരുത്ത് ആത്മീയതയിൽ നിന്ന് മാത്രം ലഭിക്കുന്നതാണ്
തീരാത്ത പ്രത്യാശ
ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം വിഷാദത്തിന് അടിമകളായ അനേകരെ കാണാനിടയായിട്ടുണ്ട്. അവരിൽ ദൈവ വിശ്വാസമില്ലാതിരുന്ന ആളുകളിൽ, മരണ ഭയം, മുൻപൊട്ടൊന്നും പ്രതീക്ഷിക്കാനില്ല എന്ന നിരാശ ചിന്ത, പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ എല്ലാം വ്യർത്ഥമായിരുന്നു എന്ന ചിന്ത ഇവയൊക്കെ കൂടുതൽ ആയിരുന്നു. പഠനങ്ങൾ തെളിയിക്കുന്നതും അത് തന്നെയാണ്. കൂരിരുൾ നിറഞ്ഞ രാത്രികൾക്കപ്പുറം പ്രകാശിക്കുന്ന പകലുകളുണ്ട് എന്ന ചിന്ത, അതിനായി കാത്തിരിക്കാനുള്ള പ്രത്യാശ – അത് ആത്മീയതയുടെയും ദൈവവിശ്വാസത്തിന്റെയും സംഭാവനയാണ്. മരണമാണ് ഏതൊരു ധൈര്യശാലിയെയും തകർക്കുന്ന യാഥാർത്ഥ്യം. സ്വന്തം മരണം മാത്രമല്ല പ്രിയപ്പെട്ടവരുടെ മരണവും. എന്നാൽ മരണത്തിനുമപ്പുറം നീളുന്ന പ്രത്യാശ നല്കാൻ കഴിയുന്നു എന്നതാണ് ആത്മീയതയുടെ കരുത്ത്.
സാമൂഹിക ബന്ധം
ഏതെങ്കിലുമൊരു സമൂഹത്തിന്റെ കൂട്ടായ്മയുടെ ഭാഗമായിരിക്കുക (belongingness) എന്നത് മനുഷ്യന്റെ ശാരീരീരികവും മാനസികവുമായ ആവശ്യമാണ്. അത് അവന്റെ സുരക്ഷിതത്വ ബോധത്തെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന പ്രധാന ഘടകവുമാണ്.
സാമൂഹിക ബന്ധങ്ങളും സുഹൃത് ബന്ധങ്ങളും കുറയുന്നിടത്ത് വിഷാദം വർദ്ധിക്കുന്നു. മതപരമായ കൂട്ടായ്മകളിലും ആരാധനകളിലും സജീവമായിരിക്കുന്നവർക്ക് വിഷാദത്തെ അതിജീവിക്കാൻ എളുപ്പമാണ്. ആരാധനകളിലൂടെ ലഭ്യമാകുന്ന ശക്തി മാത്രമല്ല ഒരേ വിശ്വാസവും ചിന്തകളും പങ്കു വയ്ക്കുന്ന സൗഹൃദങ്ങളിലൂടെയും പരസ്പര പിന്തുണയിലൂടെയും ലഭ്യമാകുന്ന കരുത്ത് ഇവിടെ പ്രധാനമാണ്. പരോപകാര പ്രവർത്തനങ്ങളെയും (Altruistic Behavior) പാരസ്പര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുന്നു. അർത്ഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും സംതൃപ്തി കൈവരിക്കാനും ഇവയിലൂടെ വ്യക്തികൾക്ക് അവസരം ലഭിക്കുന്നു. ക്ഷമയും പരസ്പരസഹകരണവും സഹിഷ്ണുതയും അഭ്യസിക്കുന്നതിനും കൂട്ടായ്മകൾ കൂടിയേ തീരൂ.
കുറ്റബോധത്തിൽ നിന്നുള്ള മോചനം
വിഷാദത്തിന് കരണമാകുന്നതും വിഷാദത്തെ നിലനിർത്തുന്നതുമായ ഒരു പ്രധാന ഘടകമാണ് കുറ്റബോധം. ആത്മാർഥമായ പശ്ചാത്താപത്തോടെ ഏറ്റുപറയുന്നവ ക്ഷമിക്കപ്പെടുന്നു എന്നത്, ഏത് കഠിന കറയും കഴുകി കളയുവാനൊരു പുണ്യതീർത്ഥമുണ്ട് എന്നത് മനുഷ്യ മനസ്സുകൾക്ക് നൽകുന്ന മോചനവും ആശ്വാസവും അനിർവ്വചനീയമാണ്. അതുകൊണ്ടുകൂടിയാണ് കുമ്പസാരിക്കുന്ന വ്യക്തികളിൽ വിഷാദവും ആത്മഹത്യകളും കുറഞ്ഞിരിക്കുന്നത് .
മുകളിൽ പറഞ്ഞവയെല്ലാം വിഷാദത്തെ തടയാനും എളുപ്പത്തിൽ മോചിതരാകാനും, ജീവിത പ്രതിസന്ധികളെ അതിജീവിക്കാനും സഹായിക്കുന്ന ഘടകങ്ങളാണ്. ആത്മഹത്യകളുടെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് വിഷാദം. അതോടൊപ്പം അനിയന്ത്രിതമായ കോപം, ചിന്തിക്കാതെ എടുത്തു ചാടുന്ന പ്രവണത (Impulsivity), എല്ലാം നിയന്ത്രണവിധേയമാകണമെന്നുള്ള കടുംപിടുത്തം (Need to control), മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തുടങ്ങിയവയും ജീവിത പ്രശ്നങ്ങളും അവയിൽ നിന്നുണ്ടാകുന്ന സമ്മർദ്ധവും ആത്മഹത്യാ പ്രവണതയെ വർദ്ധിപ്പിക്കുന്നു. ഇവയെയെല്ലാം നിയന്ത്രണ വിധേയമാക്കുന്ന, അതിജീവിക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ആത്മീയതയും മതാത്മകതയും പ്രധാന പങ്കുവഹിക്കുന്നു.
വിഷാദത്തെ കൂട്ടുന്ന ഘടകങ്ങൾ
കുറ്റബോധമെടുത്തു കളയുന്നത് പോലെ, അമിതമായ കുറ്റബോധം സൃഷ്ടിക്കാനും ചിലപ്പോൾ മതങ്ങൾ കാരണമാകാറുണ്ട്. പാപത്തിന് കൊടുക്കുന്ന അമിത പ്രാധാന്യവും ശ്രദ്ധയും വഴി, വിട്ടുമാറാത്ത കുറ്റബോധത്തിലും അതിലൂടെ വിഷാദത്തിലും വീണുപോകുന്നവരെ കാണാം. സഹനങ്ങൾക്ക് നെഗറ്റീവ് ആയ വ്യാഖാനങ്ങളും അർത്ഥങ്ങളും നൽകുന്നതിലൂടെയും ഇത് സംഭവിക്കാം. ഉദാഹരണത്തിന്, ഭർത്താവ് അകാലത്തിൽ മരണമടഞ്ഞത്, ദൈവത്തെക്കാൾ കൂടുതൽ താൻ ഭർത്താവിനെ സ്നേഹിച്ചതിന് കിട്ടിയ ശിക്ഷയാണ് എന്നാരോ പറഞ്ഞതിനെ തുടർന്ന് വലിയ ഭയത്തിലും വിഷാദത്തിലും ജീവിച്ചിരുന്ന ഒരു വിധവയെ ഓർക്കുന്നു. പെട്ടെന്ന് കോപിക്കുന്നവനും ശിക്ഷിക്കാൻ കാത്തിരിക്കുന്നവനുമായ ഒരു ദൈവത്തിന്റെ ചിത്രം മനസ്സിൽ കരുതുന്നവരിൽ ആധിയും വിഷാദവും ഭയവും അധികരിക്കുക സ്വാഭാവികം. ആത്മീയതയുടെയും വിശുദ്ധിയുടെയും അതിസ്വാഭാവിക നിലവാരങ്ങൾ തനിക്കും മറ്റുള്ളവർക്കുമായി കരുതുന്നവർക്ക്, അതിലേയ്ക്ക് എത്തിച്ചേരാനുള്ള പരിശ്രമങ്ങൾ ആകുലതയും വിഷാദവും സൃഷ്ടിച്ചേക്കാം. തങ്ങൾ ഉദ്ദേശിക്കുന്ന നിലവാരത്തിലേക്ക് ഉയരാൻ പറ്റാതെ വരുന്നതും, ചെറുതോ വലുതോ ആയ വീഴ്ച്ചകളും ഇവരെ നിരന്തരം അലോസരപ്പെടുത്തും. കുറ്റബോധത്തിലേക്ക് നയിക്കും.
ചുരുക്കത്തിൽ ഒരു വ്യക്തിയുടെ മാനസിക സുസ്‌ഥിതിയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്ന, സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകം തന്നെയാണ് മതവും ആത്മീയതയും. എന്നാൽ തെറ്റായ വ്യാഖ്യാനങ്ങളും കാഴ്ചപ്പാടുകളും മൗലിക വാദങ്ങളും വിരുദ്ധ ഫലം ഉളവാക്കുകയും ചെയ്യും.
(കെസിബിസി ജാഗ്രത ന്യൂസ് ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group